Viral video: ശശി തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കാൻ നാഗാലാൻഡിൽ യുവാവെത്തിയത് നിഘണ്ടുവുമായി
'തരൂരുമായി സംവദിക്കണമെങ്കിൽ നിഘണ്ടുവുമായി വരേണ്ടി വരും എന്നത് ഇത് കാണും വരെ തനിക്ക് വെറും ഒരു തമാശ മാത്രമായിരുന്നു, എന്നാൽ യഥാർത്ഥത്തിൽ ഒരു യുവാവ് തന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ശശി തരൂർ പറയുന്നത് മനസിലാക്കാൻ വേണ്ടി നിഘണ്ടു കരുതി' എന്നും ട്വീറ്റിൽ പറയുന്നു.
കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ഇംഗ്ലീഷ് വളരെ പ്രശസ്തമാണ്. പലപ്പോഴും കടിച്ചാൽ പൊട്ടാത്ത വാക്കുകളും എളുപ്പമൊന്നും അർത്ഥം മനസിലാക്കിയെടുക്കാൻ പറ്റാത്ത വാക്കുകളും ഒക്കെയാണ് അദ്ദേഹം ഉപയോഗിക്കുന്നത് എന്ന് സ്വതവേ പറയാറുണ്ട്. ‘quockerwodger’, ‘floccinaucinihilipilification’ തുടങ്ങിയവയൊക്കെ അതിൽ പെടുന്ന വാക്കുകളാണ്. സാധാരണയായി ശശി തരൂർ പറയുന്നതും ട്വീറ്റ് ചെയ്യുന്നതും ഒക്കെ മനസിലാവണമെങ്കിൽ കയ്യിൽ നിഘണ്ടു കരുതേണ്ടി വരും എന്ന് തമാശയ്ക്ക് പറയുന്നവരുമുണ്ട്.
എന്നാൽ, അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നാഗാലാൻഡിൽ ആർ ലുങ്ലെങ്ങിന്റെ ‘ദി ലുങ്‌ലെങ് ഷോ’ -യ്ക്കിടയിൽ പകർത്തിയതാണ് രസകരമായ വീഡിയോ. സംസ്ഥാനത്തെ യുവാക്കളുമായുള്ള സംവാദമായിരുന്നു പരിപാടിയിൽ നടന്നത്. കോൺഗ്രസ് നേതാവ് പറയുന്നത് മനസിലാക്കുന്നതിന് വേണ്ടി ഒരു യുവാവ് നിഘണ്ടുവുമായിട്ടാണത്രെ അവിടെ എത്തിയത്.
'തരൂരുമായി സംവദിക്കണമെങ്കിൽ നിഘണ്ടുവുമായി വരേണ്ടി വരും എന്നത് ഇത് കാണും വരെ തനിക്ക് വെറും ഒരു തമാശ മാത്രമായിരുന്നു, എന്നാൽ യഥാർത്ഥത്തിൽ ഒരു യുവാവ് തന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ശശി തരൂർ പറയുന്നത് മനസിലാക്കാൻ വേണ്ടി നിഘണ്ടു കരുതി' എന്നും ട്വീറ്റിൽ പറയുന്നു. ട്വീറ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ യുവാവിന്റെ കയ്യിലിരിക്കുന്ന നിഘണ്ടു വ്യക്തമായി കാണാം.
എന്നാൽ, വീഡിയോ വൈറലായതോടെ ആളുകൾ പലതരത്തിലുള്ള കമന്റുകളും പങ്ക് വച്ചു. അതുപോലെ തന്നെ ശശി തരൂരിനെയും വീഡിയോ ആകർഷിച്ചു. അദ്ദേഹം ലുങ്ലെങ്ങിനെ ടാഗ് ചെയ്ത് കൊണ്ട് കുറിച്ചത്, 'തമാശകൾ അത്തരത്തിൽ തന്നെ ആസ്വദിക്കുന്ന ഒരാളാണ് താൻ. പക്ഷേ, ഇതൽപം കൂടിപ്പോയി. നമ്മുടെ സംഭാഷണത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്യൂ. അതിൽ നിന്നും നിഘണ്ടുവിന്റെ സഹായം വേണ്ടി വരുന്ന ഞാൻ പറഞ്ഞ മൂന്ന് വാക്കുകൾ കണ്ടെത്താൻ പ്രേക്ഷകരെ വെല്ലുവിളിക്കാം' എന്നാണ്.