പാടത്ത് രണ്ട് സിംഹങ്ങൾ, ഒരു കൂസലുമില്ലാതെ തൊട്ടടുത്ത് ഒരു മനുഷ്യനും, വൈറലായി വീഡിയോ
ഗുജറാത്തിൽ നിന്നും ഉള്ള ദൃശ്യമാണ് എന്ന് സുശാന്ത നന്ദ അടിക്കുറിപ്പിൽ പറയുന്നു. വളരെ സമാധാനത്തോടെയാണ് സിംഹം പാടത്ത് കൂടി നടക്കുന്നത്.
കാട്ടുമൃഗങ്ങളെ പേടിയില്ലാത്ത മനുഷ്യരുണ്ടാവുമോ? പ്രത്യേകിച്ച് സിംഹത്തെ പോലുള്ള മനുഷ്യനെ അക്രമിക്കാൻ സാധ്യതയുള്ള മൃഗങ്ങളെ. ഏതായാലും എല്ലാ മനുഷ്യർക്കൊന്നും സിംഹത്തെ പേടിയുണ്ടാവില്ല എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
ഈ വീഡിയോ പകർത്തിയിരിക്കുന്നത് ഗുജറാത്തിൽ നിന്നുമാണ് എന്നാണ് കരുതുന്നത്. അതിൽ പാടത്തൂടെ നടക്കുന്ന സിംഹത്തെയും ഒരു പേടിയോ കൂസലോ ഇല്ലാതെ അത് നോക്കി നിൽക്കുന്ന മനുഷ്യനേയും കാണാം. ഒരു സിംഹത്തെ മുഖാമുഖം കണ്ടാൽ നമ്മുടെ ഒക്കെ അവസ്ഥ എന്താവും? പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടാൻ നോക്കും അല്ലേ? എന്നാൽ, ഈ വീഡിയോയിലെ രംഗം തികച്ചും വ്യത്യസ്തമാണ്.
ഇന്ത്യൻ ഫോറസ്റ്റ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കിട്ടിരിക്കുന്നത്. വീഡിയോയിൽ ഒരു പാടമാണ്. അതിലൂടെ ഒരു സിംഹം നടന്നു വരികയാണ്. മറ്റൊരു സിംഹം പാടത്ത് വിശ്രമിക്കുന്നും ഉണ്ട്. അതേ സമയം ഇതെല്ലാം നോക്കി കൊണ്ട് ഒരു മനുഷ്യനും സിംഹത്തിന് അധികം അകലെ അല്ലാതെ നിൽക്കുന്നത് വീഡിയോയിൽ കാണാം.
ഗുജറാത്തിൽ നിന്നും ഉള്ള ദൃശ്യമാണ് എന്ന് സുശാന്ത നന്ദ അടിക്കുറിപ്പിൽ പറയുന്നു. വളരെ സമാധാനത്തോടെയാണ് സിംഹം പാടത്ത് കൂടി നടക്കുന്നത്. അതേ സമയം അവിടെയുണ്ടായിരുന്ന മനുഷ്യനും ഫോൺ ഒക്കെ നോക്കിക്കൊണ്ട് ഭയമൊന്നും ഇല്ലാതെ തന്നെയാണ് അവിടെ നിൽക്കുന്നത്.
ഏതായാലും വീഡിയോ കണ്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. അവിടെ നിൽക്കുന്ന മനുഷ്യന് ഇത്തരം കാഴ്ചകൾ നിത്യസംഭവമാണ് എന്നാണ് തോന്നുന്നത് എന്ന് പലരും പ്രതികരിച്ചു. അതേ സമയം മറ്റൊരാൾ "ഗൂഗിൾ മാപ്പിലെ ഗിർ ഫോറസ്റ്റ് റേഞ്ച് നോക്കുകയാണെങ്കിൽ, മനുഷ്യർ മൃഗങ്ങളോട് എത്ര അടുത്താണ് ഉള്ളത് എന്ന് വ്യക്തമാവും. അത്തരം ഇടപെടൽ ഒഴിവാക്കാനാവാത്തതും അതേസമയം അപകടകരവുമാണ്. സിംഹത്തിന് പ്രായമാകുമ്പോൾ വന്യമൃഗങ്ങളെ വേട്ടയാടാൻ കഴിയാതെ വരും. ആ സമയത്താണ് ഇത് അപകടമായി മാറുന്നത്" എന്നാണ് പ്രതികരിച്ചത്.
വീഡിയോ കാണാം: