നാൽപത് മുതലകൾ, ഒറ്റയ്‍ക്കൊരു സിംഹം, അതിസാഹസികമായി രക്ഷപ്പെടൽ, വീഡിയോ
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഒടുവിൽ സിംഹത്തിന് അത് സാധിച്ചിരിക്കുന്നു' എന്ന സന്തോഷമാണ് പലരും കമന്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
മൃഗങ്ങളുടെ ലോകത്തിന് അതിന്റേതായ പ്രവർത്തന രീതിയുണ്ട്. പല ഭീഷണികളും വെല്ലുവിളികളും അവയ്ക്കും നേരിടേണ്ടി വരാറുമുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഫാക്ട്സ് ടെൽ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതിൽ മുതലകൾ (Crocodiles) നിറഞ്ഞ ജലാശയത്തിൽ നിന്നും എങ്ങനെയാണ് ഒരു സിംഹം (Lion) രക്ഷപ്പെടുന്നത് എന്നാണ് കാണിക്കുന്നത്.
'മുതലകൾ നിറഞ്ഞ വെള്ളത്തിലൂടെ സിംഹം രക്ഷപ്പെടുന്നു' എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. കെനിയയിലെ മസായ് മാര നാഷണൽ റിസർവിലാണ് സംഭവം നടന്നതെന്നാണ് വീഡിയോയിൽ നൽകിയിരിക്കുന്ന വിവരം. ഒരു ഹിപ്പോപ്പൊട്ടാമസിന്റെ മൃതദേഹത്തിന് മുകളിലാണ് സിംഹമുള്ളത്. 40 -ലധികം മുതലകൾ സിംഹത്തിന് ചുറ്റുമുണ്ട്. എന്നാൽ, ഈ വീഡിയോ എപ്പോഴാണ് എടുത്തത് എന്ന് വ്യക്തമല്ല.
സിംഹം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ആളുകളുടെ ശബ്ദവും വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാം. ഒടുവിൽ ഒരു കണക്കിന് സിംഹം രക്ഷപ്പെടുമ്പോൾ ഈ ആഹ്ലാദവും ആരവവും വർധിക്കുന്നു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഒടുവിൽ സിംഹത്തിന് അത് സാധിച്ചിരിക്കുന്നു' എന്ന സന്തോഷമാണ് പലരും കമന്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊരാൾ 'പരാജയപ്പെടും എന്ന് തോന്നും അപ്പോഴും വിട്ടുകൊടുക്കരുത്' എന്നാണ് എഴുതിയിരിക്കുന്നത്.
നാൽപതോളം മുതലകളിൽ നിന്നും അതും വെള്ളത്തിൽ രക്ഷപ്പെടുക എന്നു പറഞ്ഞാൽ അതിനി കാട്ടിലെ രാജാവാണ് എങ്കിൽ പോലും അൽപം പ്രയാസം തന്നെയാണ്. അവിടെയാണ് സിംഹം ജീവനും കൊണ്ട് രക്ഷപ്പെട്ടിരിക്കുന്നത്.
നേരത്തെ ഇതുപോലെ പോത്തിൻകൂട്ടം ആക്രമിക്കാനെത്തിയപ്പോൾ മരത്തിൽ കയറി പേടിച്ചിരിക്കുന്ന ഒരു സിംഹത്തിന്റെ വീഡിയോ വൈറലായിരുന്നു. അതിൽ വലിയൊരു പോത്തിൻകൂട്ടം സിംഹത്തിനെ ആക്രമിക്കാനായി വരികയാണ്. വെപ്രാളപ്പെട്ട സിംഹം എങ്ങനെയൊക്കെയോ ഒരു മരത്തിൽ കയറുകയും അതിൽ അള്ളിപ്പിടിച്ചിരിക്കുകയുമാണ്. ഏറെനേരത്തെ ഇരിപ്പ് കൊണ്ടാവാം സിംഹം തളർന്നതായും തോന്നുന്നുണ്ട്. ഈ വീഡിയോയും അന്ന് നിരവധിപ്പേരാണ് കണ്ടത്.