മാളിൽ പുള്ളിപ്പുലി, ദൃശ്യങ്ങൾ പതിഞ്ഞത് സിസിടിവി ക്യാമറയിൽ, വിടാതെ ആശങ്ക
ഈ പുള്ളിപ്പുലിയെ പിടികൂടുന്നതിന് വേണ്ടി നേരത്തെ തന്നെ വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചിരുന്നു. എങ്കിലും, അതിനെ പിടികൂടാൻ സാധിച്ചിരുന്നില്ല.
ജനവാസമേഖലകളിൽ വന്യമൃഗങ്ങളെ കാണുന്നത് ഇന്ന് ഏറെക്കുറെ പതിവുകാഴ്ച എന്ന തരത്തിൽ മാറിയിരിക്കയാണ്. എവിടെ നിന്നെങ്കിലുമൊക്കെയായി അത്തരം വാർത്തകൾ നമുക്ക് മുന്നിലേക്ക് എത്താറുണ്ട്. എന്തിനേറെ പറയുന്നു? പട്ടണങ്ങളിലും തിരക്കുള്ള സ്ഥലങ്ങളിലുമൊക്കെ ഇപ്പോൾ വന്യമൃഗങ്ങളിറങ്ങുന്നുണ്ട്. അതുപോലെയുള്ള നിരവധി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു ദൃശ്യമാണിതും.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഒരു ഷോപ്പിംഗ് മാളിലാണ് ഒരു പുള്ളിപ്പുലി കറങ്ങി നടക്കുന്നതാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ബുധനാഴ്ച പുലർച്ചെയാണ് സിഡ്‌കോ എൻ 1 ഏരിയയിലെ പ്രോസോൺ മാളിൻ്റെ പ്രധാന ഗേറ്റിന് സമീപം പുള്ളിപ്പുലിത്തിയത്. ഈ ദൃശ്യങ്ങളാണ് ഇവിടുത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞത്. പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരെത്തി തിരച്ചിൽ നടത്തിയെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്താനാവാത്തത് വലിയ തരത്തിലുള്ള ആശങ്ക സൃഷ്ടിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു.
ജൂലൈ 15 -ന് ഉൽക്ക നഗരി, ശംഭുനഗർ ജനവാസ മേഖലകളിൽ കണ്ടതും ഇതേ പുള്ളിപ്പുലിയെ തന്നെയാണെന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഈ പുള്ളിപ്പുലിയെ പിടികൂടുന്നതിന് വേണ്ടി നേരത്തെ തന്നെ വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചിരുന്നു. എങ്കിലും, അതിനെ പിടികൂടാൻ സാധിച്ചിരുന്നില്ല.
മാളിൽ നിന്നുള്ള ദൃശ്യങ്ങൾ ഇതിനോടകം വളരെ വേഗത്തിൽ തന്നെ വൈറലായി മാറി. അതിൽ മാളിൽ ചുറ്റിക്കറങ്ങുന്ന പുള്ളിപ്പുലിയെ വളരെ വ്യക്തമായിത്തന്നെ കാണാം. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തിരഞ്ഞിട്ടും ഇതിനെ കണ്ടെത്താനാവാത്തത് വലിയ ഭയവും ആശങ്കയുമാണ് ആളുകൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. എന്തായാലും, മാളിന് ചുറ്റും ഇപ്പോൾ പുള്ളിപ്പുലിയെ പിടികൂടാൻ തക്കവണ്ണമുള്ള കൂടുകൾ സ്ഥാപിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.