ജപ്പാനിൽ മാത്രം കാണാൻ കഴിയുന്നത്, വൈറലായി കൊച്ചുകുട്ടി റോഡ് മുറിച്ചു കടക്കുന്ന വീഡിയോ
സ്കൂൾ ബാഗും യൂണിഫോമും ധരിച്ച ഒരു കുട്ടി റോഡ് ക്രോസ് ചെയ്യാനായി നിൽക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. റോഡ് ക്രോസ് ചെയ്യാനായി അവൻ റോഡിൽ അടയാളപ്പെടുത്തിയിട്ടുള്ള സ്ഥാനത്ത് കൃത്യമായി നിൽക്കുന്നു.
എല്ലാ രാജ്യത്തിനും അവരവരുടേതായ നിയമങ്ങളും ജീവിതരീതികളുമൊക്കെയുണ്ട്. എന്നാൽ, ചില രാജ്യക്കാർ അക്ഷരം പ്രതി എല്ലാ നിയമങ്ങളും അനുസരിക്കുമ്പോൾ നിയമങ്ങളോട് അലക്ഷ്യമായ സമീപനം സ്വീകരിക്കുന്ന രാജ്യങ്ങളുമുണ്ട്. രാജ്യത്തെ വളരെ ചെറിയ നിയമങ്ങൾ പോലും കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ കൃത്യമായി അനുസരിക്കണം എന്ന് നിർബന്ധമുള്ള ഒരു രാജ്യമാണ് ജപ്പാൻ.
ഇവിടെ നിയമങ്ങൾ രാജ്യത്തെ ജനങ്ങളുടെ അച്ചടക്കമുള്ള ജീവിതത്തിന്റെ കൂടി അടയാളങ്ങളാണ്, അതുകൊണ്ട് തന്നെ കൊച്ചുകുട്ടികൾ ആയിരിക്കുമ്പോൾ മുതൽ ഇത്തരം നിയമങ്ങളും ചിട്ടയായ ജീവിതരീതിയുമൊക്കെ പാലിച്ചുകൊണ്ട് ജീവിക്കാൻ ജപ്പാൻകാർ അവരുടെ പൗരന്മാരെ പരിശീലിപ്പിക്കാറുണ്ട്.
അതിനാൽ തന്നെ ഇവിടുത്തെ കൊച്ചുകുട്ടികൾ പോലും കാണിക്കുന്ന ചിട്ടയായ ജീവിത രീതികൾ പലപ്പോഴും മറ്റുള്ളവരെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ജപ്പാനിലെ ഒരു കൊച്ചുകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. സ്കൂളിലേക്ക് പോകുന്ന ഒരു കുട്ടി റോഡ് ക്രോസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഈ വീഡിയോ അനേകം പേരുടെ അഭിനന്ദങ്ങൾ ഏറ്റുവാങ്ങി.
സ്കൂൾ ബാഗും യൂണിഫോമും ധരിച്ച ഒരു കുട്ടി റോഡ് ക്രോസ് ചെയ്യാനായി നിൽക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. റോഡ് ക്രോസ് ചെയ്യാനായി അവൻ റോഡിൽ അടയാളപ്പെടുത്തിയിട്ടുള്ള സ്ഥാനത്ത് കൃത്യമായി നിൽക്കുന്നു. അപ്പോൾ എതിരെ വരുന്ന ട്രക്ക് ഡ്രൈവർ അവനെ കണ്ട് വാഹനം നിർത്തുന്നു. അപ്പോൾ കുട്ടി റോഡ് ക്രോസ് ചെയ്യുകയും ശേഷം ട്രക്ക് ഡ്രൈവറെ നന്ദി സൂചകമായി കുമ്പിടുന്നതുമാണ് വീഡിയോയിൽ.
സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയ്ക്ക് വലിയ സ്വീകരതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്.