'അച്ഛന്റെ ചരമവാർഷികദിവസം കഴിച്ചതെന്തെല്ലാം'; വീഡിയോ ചെയ്‍ത ഇൻഫ്ലുവൻസർക്ക് വൻവിമർശനം
ഈ വീഡിയോ ഒരാവശ്യവും ഇല്ലാത്തതായിരുന്നു എന്നും മിക്കവരും അഭിപ്രായപ്പെട്ടു. യൂട്യൂബിലെ കമന്റ് സെക്ഷനിൽ മുഴുവനും നെഗറ്റീവ് കമന്റുകളാണ്. ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്താൽ അൺഫോളോ ചെയ്യും എന്നും പലരും ഭീഷണിപ്പെടുത്തി.
എല്ലായിടത്തും ഇപ്പോൾ ഇൻഫ്ലുവൻസർമാരാണ്. എന്നാൽ, അനുചിതമായ ചില കാര്യങ്ങൾ ചെയ്ത് അതിൽ ട്രോളുകൾ ഏറ്റുവാങ്ങുന്നവരും ഒരുപാടുണ്ട്. ഏതായാലും, മുംബൈയിൽ നിന്നുമുള്ള ഒരു ഇൻഫ്ലുവൻസറിനും ഇപ്പോൾ അതുപോലെ വൻ വിമർശനം ഏറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ്.
റൗഹി റായ് ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും റിയാലിറ്റി ഷോ സ്റ്റാറുമാണ്. എംടിവി -യുടെ 'ലവ് സ്കൂളി'ലൂടെയാണ് റൗഹി ഉയർന്നു വന്നത്. 21 -കാരിയായ റൗഹി പ്രശസ്തയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ്. ദിവസവും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും അവർ ഫാഷൻ വ്ലോഗുകൾ ചെയ്യാറുണ്ട്.
അടുത്തിടെ റൗഹി പോസ്റ്റ് ചെയ്‍ത ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾ ഏറ്റു വാങ്ങുന്നത്. 'അച്ഛന്റെ ചരമവാർഷിക ദിവസം ഞാൻ കഴിച്ചത് എന്തെല്ലാം' എന്ന വീഡിയോയാണ് വിമർശിക്കപ്പെട്ടത്. അതിൽ ആ ദിവസം അവൾ എന്തെല്ലാം കഴിച്ചു എന്നാണ് പറയുന്നത്. ഒപ്പം ഒരു കഫേ സന്ദർശനവും ഉൾപ്പെടുന്നു. എന്നാൽ, ഇത് വളരെ അധികം അനുചിതമായിപ്പോയി എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.
ഈ വീഡിയോ ഒരാവശ്യവും ഇല്ലാത്തതായിരുന്നു എന്നും മിക്കവരും അഭിപ്രായപ്പെട്ടു. യൂട്യൂബിലെ കമന്റ് സെക്ഷനിൽ മുഴുവനും നെഗറ്റീവ് കമന്റുകളാണ്. ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്താൽ അൺഫോളോ ചെയ്യും എന്നും പലരും ഭീഷണിപ്പെടുത്തി.
'ചില ദിവസങ്ങൾ വളരെ സെൻസിറ്റീവാണ്. ആ ദിവസങ്ങളിൽ നാം മനസ് കൊണ്ടും ശരീരം കൊണ്ടും പ്രിയപ്പെട്ടവരുടെ അടുത്തിരുന്നാൽ മതി. അന്ന് കണ്ടന്റുകളുടെ ആവശ്യമില്ല' എന്നാണ് വീഡിയോയ്ക്ക് ഒരു ഫോളോവർ കമന്റ് ചെയ്തിരിക്കുന്നത്.
കൊമേഡിയനും കണ്ടന്റ് ഡെവലപ്പറും ആയ റൗഹി മറ്റ് സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. ഡാർജിലിംഗിൽ ജനിച്ച റൗഹി ഇപ്പോൾ അമ്മയ്ക്കൊപ്പം മുംബൈയിലാണ് താമസം.