മൃഗശാല ജീവനക്കാരനെ പുള്ളിപ്പുലിയിൽ നിന്ന് രക്ഷിച്ച് കടുവ; വൈറലായി വീഡിയോ
ഏതാനും സമയം അങ്ങനെ ശാന്തമായി തന്നെ കാര്യങ്ങൾ തുടരുന്നു. പെട്ടന്നാണ് പുറകിൽ നിന്നും ഒരു പുള്ളിപ്പുലി അദ്ദേഹത്തെ ആക്രമിക്കാനായി ഓടിയെത്തുന്നത്. തൊട്ടു പിന്നാലെ എത്തുന്ന ഒരു കടുവ പുള്ളിപ്പുലിയുടെ മുകളിലേക്ക് ചാടി കയറുകയും അതിന്റെ ആക്രമണത്തെ തടയുകയും ചെയ്യുന്നു.
ഏറെ സാഹസികവും ഏതു നിമിഷവും ജീവന് ആപത്ത് സംഭവിച്ചേക്കാവുന്നതുമായ ജോലിയാണ് മൃഗശാല ജീവനക്കാരുടേത്. ദൂരെ നിന്ന് മാത്രം കാണാൻ കഴിയുന്ന വന്യമൃഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഇണങ്ങി നിൽക്കുന്ന വന്യമൃഗങ്ങൾ ഏതു സമയം വേണമെങ്കിലും അപകടകാരികളായേക്കാം. വന്യമൃഗങ്ങളുടെ അപ്രതീക്ഷിത ആക്രമണത്തിൽ നിരവധി ജീവനക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്. അത്തരത്തിൽ അപകടകരമായ അവസ്ഥയിൽ നിന്നും ഒരു മൃഗശാല ജീവനക്കാരനെ ഒരു കടുവ രക്ഷപെടുത്തുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2015 ൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീണ്ടും ഇത് ഇടം പിടിച്ചിരിക്കുകയാണ്. മൃഗശാലയ്ക്കുള്ളിൽ വെച്ച് അപകടകാരിയായ ഒരു പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്നുമാണ് മൃഗശാല ജീവനക്കാരനെ കടുവ രക്ഷപെടുത്തുന്നത്. വീഡിയോയുടെ ആരംഭത്തിൽ ഒരു വെളുത്ത സിംഹത്തിനടുത്തിരുന്ന് മൃഗശാല ജീവനക്കാരൻ അതിനെ ലാളിക്കുകയും ശരീരത്തിൽ മസാജ് ചെയ്ത് കൊടുക്കുന്നതുമാണ് കാണാൻ കഴിയുന്നത്. അദ്ദേഹത്തിന് ചുറ്റുമായി ഏതാനും സിംഹങ്ങളും കടുവകളുമൊക്കെ ശാന്തരായി നടക്കുന്നതും കിടക്കുന്നതുമൊക്കെ കാണാം.
ഏതാനും സമയം അങ്ങനെ ശാന്തമായി തന്നെ കാര്യങ്ങൾ തുടരുന്നു. പെട്ടന്നാണ് പുറകിൽ നിന്നും ഒരു പുള്ളിപ്പുലി അദ്ദേഹത്തെ ആക്രമിക്കാനായി ഓടിയെത്തുന്നത്. തൊട്ടു പിന്നാലെ എത്തുന്ന ഒരു കടുവ പുള്ളിപ്പുലിയുടെ മുകളിലേക്ക് ചാടി കയറുകയും അതിന്റെ ആക്രമണത്തെ തടയുകയും ചെയ്യുന്നു. അപ്പോൾ മാത്രമാണ് ജീവനക്കാരൻ തന്റെ പിന്നിൽ പതിയിരുന്ന അപകടം തിരിച്ചറിഞ്ഞത്. നിലത്ത് വീണ പുള്ളിപ്പുലി അവിടെ കിടന്നുകൊണ്ട് തന്നെ ജീവനക്കാരന്റെ കാലിൽ കടിക്കാനും മാന്താനും ശ്രമം നടത്തുന്നുണ്ടെങ്കിലും അദ്ദേഹം അത് തടയുന്നു.
തന്നെ രക്ഷിച്ച കടുവയുടെ ശരീരത്തിൽ ജീവനക്കാരൻ സ്നേഹത്തോടെ തട്ടിക്കൊടുക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ആണിതെങ്കിലും നിരവധിയാളുകൾ വീഡിയോ വീണ്ടും ഷെയർ ചെയ്തതോടെ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ് ഇത്.