'ഞാൻ റെയിൽവേ മന്ത്രിയല്ല', പരാതി പറഞ്ഞ യുവതിയെ തൊഴുത് ടിടിഇ -യുടെ മറുപടി, വീഡിയോ
'നിങ്ങൾക്ക് നിങ്ങളുടെ സുരക്ഷയെ കുറിച്ച് മാത്രമേ ആലോചനയുള്ളൂ. സ്ത്രീകളുടെയോ മറ്റ് യാത്രക്കാരുടെയോ സുരക്ഷയെ കുറിച്ച് യാതൊരു ആശങ്കയുമില്ല' എന്നും അവൾ പറയുന്നുണ്ട്.
ഇന്ത്യയിൽ ട്രെയിനുകളിലെ തിരക്ക് ഒരു പുതിയ കാര്യമല്ല. എസി കോച്ചിലായാലും സ്ലീപ്പറിലായാലും ജനറൽ കംപാർട്‍മെന്റുകളിലാണെങ്കിലും എല്ലാം ഒരുപോലെ തിരക്കുതന്നെ. എന്തെങ്കിലും ഉത്സവസീസണുകളാണെങ്കിൽ പറയുകയേ വേണ്ട. അത്തരത്തിലുള്ള അനേകം വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. അതുപോലെ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു പെൺകുട്ടിയും ടിടിഇ -യും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോയാണ്.
ഓഖ മുതൽ കാൺപൂർ സെൻട്രൽ വരെ പോകുന്ന 22969 OKHA BSBS SF EXP ട്രെയിനിലാണ് ടിടിഇ നിൽക്കുന്നത്. ട്രെയിനിന്റെ പുറത്തായി ഒരു പെൺകുട്ടിയും നിൽക്കുന്നുണ്ട്. അവൾ ആകെ ദേഷ്യം വന്ന നിലയിലാണ് ഉള്ളത്. ട്രെയിനിനകത്ത് വലിയ തിരക്കാണ്. അതാണ് അവളുടെ പരാതി. ഇത്ര തിരക്കാണെങ്കിൽ എങ്ങനെ സ്ത്രീകൾ ഈ ട്രെയിനിൽ സുരക്ഷിതമായി യാത്ര ചെയ്യും എന്നാണ് പെൺകുട്ടി ചോദിക്കുന്നത്.
എന്നാൽ, ടിടിഇ-യുടെ മറുപടിയാണ് വീഡിയോ വൈറലാവാൻ ഒരു പ്രധാന കാരണം. അയാൾ പറയുന്നത്, 'ഈ വിഷയത്തിൽ എന്നെക്കൊണ്ട് ഒന്നും ചെയ്യാനാവില്ല. താൻ റെയിൽവേ മന്ത്രിയല്ല. അതുകൊണ്ട് അധിക ട്രെയിനുകൾ കൊണ്ടുവരാനും സാധിക്കില്ല' എന്നാണ് അയാൾ പറയുന്നത്. ഇത് കേട്ടതോടെ പെൺകുട്ടി ഒരുനിമിഷം നിശബ്ദയായിപ്പോയി.
എങ്കിലും, നിസ്സഹായത തോന്നുന്ന മുഖത്തോടെ, 'നിങ്ങൾക്ക് നിങ്ങളുടെ സുരക്ഷയെ കുറിച്ച് മാത്രമേ ആലോചനയുള്ളൂ. സ്ത്രീകളുടെയോ മറ്റ് യാത്രക്കാരുടെയോ സുരക്ഷയെ കുറിച്ച് യാതൊരു ആശങ്കയുമില്ല' എന്നും അവൾ പറയുന്നുണ്ട്.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. നിരവധിപ്പേരാണ് ടിടിഇ -യുടെ നിസ്സംഗതയോട് എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് കമന്റ് നൽകിയത്. ഉത്തരവാദിത്തപ്പെട്ട ഒരാൾ ഇങ്ങനെയാണോ മറുപടി നൽകേണ്ടത് എന്നായിരുന്നു അവരുടെ ചോദ്യം. എന്നാൽ, ടിടിഇ പിന്നെന്ത് ചെയ്യാനാണ് എന്ന് പറഞ്ഞ് അയാളെ അനുകൂലിച്ചവരും ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം