പഠിക്കാത്തത് നന്നായി, അതുകൊണ്ട് കൂടുതൽ സമ്പാദിക്കുന്നു; കോർപറേറ്റ് ജോലിക്കാരെ കളിയാക്കി ദോശവിൽപനക്കാരൻ
അദ്ദേഹം പറയുന്നത്, തനിക്ക് വിദ്യാഭ്യാസം ഇല്ലാത്തത് നന്നായി ഇല്ലെങ്കിൽ താനും മാസത്തിൽ വെറും 30,000 രൂപയോ 40,000 രൂപയോ മാത്രം കിട്ടുന്ന വല്ല കോർപറേറ്റ് ജോലിക്കും പോകേണ്ടി വന്നേനെ എന്നാണ്.
കാലം ഒരുപാട് മാറി. ജോലിയിലുള്ള ആളുകളുടെ കാഴ്ചപ്പാടും അതുപോലെ തന്നെ മാറിയിട്ടുണ്ട്. പ്രത്യേകിച്ചും കൊവിഡിന് ശേഷം. വർഷങ്ങളോളം പഠിച്ച്, മറ്റുള്ളവരെ തൃപ്തിപ്പെടുത്തുന്ന വൈറ്റ് കോളർ ജോബ് നേടിയെടുക്കുന്നതിന് പകരം തങ്ങൾക്കിഷ്ടമുള്ള കാര്യം ചെയ്ത്, അതിൽ നിന്നും സമ്പാദിച്ച്, ഇഷ്ടമുള്ള ജീവിതം ജീവിക്കാനാണ് ഇന്ന് പലരും ഇഷ്ടപ്പെടുന്നത്.
പലപ്പോഴും വലിയ വലിയ ജോലിയിൽ നിന്നും എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളത്തേക്കാൾ പല വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാരും തങ്ങളുടെ ജോലിയിലൂടെ സമ്പാദിക്കുന്നുണ്ട്. മാത്രമല്ല, വളരെ ആസ്വദിച്ചാണ് അവർ തങ്ങളുടെ ജോലി ചെയ്യുന്നതും. ഏതായാലും, അതുപോലെ കോർപറേറ്റ് ജോലിക്കാരെ കണക്കിന് പരിഹസിച്ച ഒരു ദോശ വിൽപ്പനക്കാരന്റെ വീഡിയോയാണ് ഇപ്പോൾ എക്സിൽ ഹിറ്റാവുന്നത്.
പല കോർപ്പറേറ്റ് ജോലിക്കാരേക്കാളും കൂടുതൽ താൻ സമ്പാദിക്കുന്നുണ്ട് എന്നാണ് ഈ തെരുവുകച്ചവടക്കാരൻ പറയുന്നത്. തനിക്ക് വിദ്യാഭ്യാസമില്ല. അതിനാൽ തന്നെ ജോലിക്കിടയിലെ മറ്റ് സമ്മർദ്ദങ്ങളും ഇല്ല. താൻ ദോശ വിറ്റ് മാസം മോശമല്ലാത്ത ഒരു തുക സമ്പാദിക്കുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വാദം. അദ്ദേഹം പറയുന്നത്, തനിക്ക് വിദ്യാഭ്യാസം ഇല്ലാത്തത് നന്നായി ഇല്ലെങ്കിൽ താനും മാസത്തിൽ വെറും 30,000 രൂപയോ 40,000 രൂപയോ മാത്രം കിട്ടുന്ന വല്ല കോർപറേറ്റ് ജോലിക്കും പോകേണ്ടി വന്നേനെ എന്നാണ്. അതായത്, അതിലൊക്കെ കൂടുതൽ ആള് സമ്പാദിക്കുന്നുണ്ട് എന്നാവണം അർത്ഥം.
Ashman kumar Larokar എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്തായാലും പ്രതീക്ഷിച്ച പോലെ തന്നെ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറി ഈ വീഡിയോ. ചിരിയോടെയാണ് പലരും ഈ വീഡിയോ കണ്ടത്. അതേസമയം തന്നെ ജോലിയുണ്ടായിട്ടും, അതിന്റെ സമ്മർദ്ദമുണ്ടായിട്ടും ശമ്പളമായി വലിയ തുകയൊന്നും കിട്ടാത്ത യുവാക്കളെ സംബന്ധിച്ച് ഈ വീഡിയോ ഒരു 'നോവാ'യി തീർന്നിട്ടുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം