ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള ശിവക്ഷേത്രത്തിന്റെ ഡ്രോൺ വീഡിയോ പങ്കിട്ട് നോർവീജിയൻ നയതന്ത്രജ്ഞൻ

പൂർണ്ണമായും മഞ്ഞുമൂടിയ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തിന്റെ 360 ഡിഗ്രി ആകാശക്കാഴ്ചയാണ് അതിശയകരമായി പകർത്തിയിരിക്കുന്നത്.

Himalayas highest Shiva temple drone video

നോർവീജിയൻ നയതന്ത്രജ്ഞൻ എറിക് സോൾഹൈം കഴിഞ്ഞ ദിവസം ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള ശിവക്ഷേത്രത്തിന്റെ ഒരു ഡ്രോൺ വീഡിയോ പങ്കിട്ടു. ഞായറാഴ്ച സോൾഹൈം ട്വിറ്ററിൽ  പങ്കിട്ട വീഡിയോ ക്ലിപ്പിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

5000 വർഷം പഴക്കമുണ്ടന്ന് കരുതപ്പെടുന്ന മഹാദേവ മന്ദിർ എന്ന ശിവക്ഷേത്രത്തിന്റെ ആകാശദൃശ്യങ്ങളാണ് എല്ലാവരുടെയും മനംമയക്കുന്നത്. ഉത്തരാഖണ്ഡിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അവിശ്വസനീയമായ ഇന്ത്യ! ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മഹാദേവ മന്ദിർ... 5000 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു!  ഉത്തരാഖണ്ഡ്” എന്ന കുറിപ്പോടെയാണ് നോർവീജിയൻ നയതന്ത്രജ്ഞൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

പൂർണ്ണമായും മഞ്ഞുമൂടിയ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തിന്റെ 360 ഡിഗ്രി ആകാശക്കാഴ്ചയാണ് അതിശയകരമായി പകർത്തിയിരിക്കുന്നത്. 'കേദാർനാഥ്' എന്ന സിനിമയിലെ "നമോ നമോ" എന്ന ഗാനവും വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കുന്നുണ്ട്.

പോസ്റ്റ് ചെയ്ത ഉടൻ തന്നെ വീഡിയോ ഇന്റർനെറ്റ് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇതിന് 720,000 -ലധികം കാഴ്ചകളും 50,000 -ലധികം ലൈക്കുകളും ലഭിച്ചു. ചില നെറ്റിസൻമാർ അതിശയകരമായ കാഴ്ചയുടെ ഭംഗിയിൽ ഞെട്ടിപ്പോയപ്പോൾ, മറ്റുള്ളവർ നയതന്ത്രജ്ഞന്റെ അടിക്കുറിപ്പ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി.

"ഹിമപാതങ്ങളെ പോലും അതിജീവിച്ച ക്ഷേത്ര വാസ്തുവിദ്യ അതിശയകരമാണ്" വീഡിയോ കണ്ട ഒരു ഉപയോക്താവ് കുറിച്ചു. "പഞ്ച് കേദാരങ്ങളിലൊന്നായ തുംഗനാഥ് മഹാദേവ ക്ഷേത്രം. ക്ഷേത്രത്തിലേക്കുള്ള ട്രെക്കിംഗ് വളരെ മനോഹരമാണ്. ഹിമാലയൻ കൊടുമുടികൾക്ക് 270 ഡിഗ്രി വിസ്തൃതമായ കാഴ്ചയുള്ള ചന്ദ്രശിലയാണ് മുകളിൽ... അവിശ്വസനീയമായ ഇന്ത്യ" മറ്റൊരാൾ കൂട്ടിച്ചേർത്തു.

എന്നാൽ, മറ്റുചിലർ അഭിപ്രായപ്പെട്ടത് ക്ഷേത്രത്തിന് അത്രയും വർഷത്തെ പഴക്കമില്ലെന്നും വീഡിയോ അതിമനോഹരം ആണെങ്കിലും തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തേണ്ടിയിരുന്നില്ല എന്നുമാണ്. "ഇത് ഏറ്റവും ഉയർന്നതല്ല, ക്ഷേത്രനിർമ്മാണത്തിന് തീർച്ചയായും 5000 വർഷം പഴക്കമില്ല. അതിമനോഹരമായ ക്ഷേത്രമാണിത്; ഈ തെറ്റായ വിശേഷണങ്ങൾ ആവശ്യമില്ല" എന്നായിരുന്നു വീഡിയോ കണ്ട മറ്റൊരാൾ അഭിപ്രായപ്പെട്ടത്. 

അതേസമയം, സർക്കാർ സൈറ്റുകൾ പ്രകാരം, ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ 3,680 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്രമാണ് തുംഗനാഥ്. ക്ഷേത്രത്തിന് 1000 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios