ഒഴുക്കില്‍ ജീവന്‍ പണയപ്പെടുത്തി നായയെ രക്ഷിക്കാനിറങ്ങി ഹോം ഗാര്‍ഡ്, വൈറലായി വീഡിയോ
2 മിനിറ്റും 20 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ മുജീബ് പേടിച്ചരണ്ട നായയെ സമീപിക്കുന്നതും ഒടുവിൽ അതിനെ ജെസിബിയിൽ കയറ്റുന്നതും കാണാം.
ചില മനുഷ്യർ എല്ലാ ജീവജാലങ്ങളോടും സ്നേഹവും ദയയും കാണിക്കുന്നവരായിരിക്കും. ചിലരാവട്ടെ സ്വാർത്ഥരും. മറ്റുള്ള ജീവികളോട് സ്നേഹവും അനുകമ്പയും കാണിക്കുന്ന മനുഷ്യർ മറ്റുള്ളവരേക്കാൾ കുറച്ചുകൂടി മികച്ച മനുഷ്യരാണ് എന്നതിൽ സംശയമില്ല. ഈ വീഡിയോ(Video)യും പറയുന്നത് അത് തന്നെയാണ്.
തെലങ്കാന പൊലീസിന്റെ(Telangana State Police) കീഴിൽ ജോലി ചെയ്യുന്ന ഒരു ഹോം ഗാർഡിന്റെ വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് ഇത് ട്വിറ്ററിൽ പങ്കുവച്ചത്, ശക്തമായ ഒഴുക്കുള്ള അരുവിയിൽ കുടുങ്ങിയ നായ(Dog)യെ രക്ഷിക്കാൻ ധീരനായ ഗാർഡ് സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തി.
"ഒഴുക്കിൽ കുടുങ്ങിയ നായയെ കണ്ട്, തെലങ്കാന സിഒപിയുടെ ഹോം ഗാർഡായ മുജീബ് ഉടൻ തന്നെ ജെസിബി വിളിച്ച് അവനെ രക്ഷിക്കാൻ ഇറങ്ങി. അദ്ദേഹത്തിന്റെ ആ മനസിന് ഹൃദയം നിറഞ്ഞ സല്യൂട്ട്" കബ്ര വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി.
വീഡിയോയിലെ ഹോം ഗാർഡ് മുജീബ് എന്നയാൾ ആണെന്നാണ് റിപ്പോർട്ട്. ഒറ്റപ്പെട്ട നായയെ രക്ഷിക്കാൻ ഓടിയ അദ്ദേഹം രക്ഷാപ്രവർത്തനത്തിനിടെ സഹായത്തിനായി ജെസിബി ഏർപ്പാടാക്കുകയായിരുന്നു. 2 മിനിറ്റും 20 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ മുജീബ് പേടിച്ചരണ്ട നായയെ സമീപിക്കുന്നതും ഒടുവിൽ അതിനെ ജെസിബിയിൽ കയറ്റുന്നതും കാണാം. മുജീബ് നായയെ കെട്ടിപ്പിടിച്ച് സുരക്ഷിതമാക്കുന്നത് വീഡിയോയിൽ കാണാം.
മുജീബിന്റെ ധീരതയെയും മൃഗത്തെ രക്ഷിക്കുന്നതിൽ അദ്ദേഹം ഏറ്റെടുക്കാൻ തയ്യാറായ അപകടത്തെയും അഭിനന്ദിച്ച് നിരവധി ആളുകൾ കമന്റ് ചെയ്തു.