കേൾവിശക്തിയില്ലാതിരുന്ന കുട്ടിക്ക് ശ്രവണസഹായി, ആ സന്തോഷം കണ്ടോ?
ആദ്യം ഒരു ചിരി അവളുടെ മുഖത്ത് വിടർന്നെങ്കിലും പക്ഷേ മെല്ലെ ആ കണ്ണുകളിൽ നിന്നും കണ്ണുനീർ പുറത്തേക്ക് വന്നു. അവൾ മുഖം പൊത്തി ചുറ്റുമുള്ള ആരെയും നോക്കാതെ അല്പസമയം ഇരുന്നു.
മനുഷ്യന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് കേൾവിശക്തി. ചുറ്റുമുള്ളതൊന്നും കേൾക്കാൻ കഴിയാതിരുന്ന് പെട്ടെന്ന് ഒരു ദിവസം അവയെല്ലാം കേൾക്കാൻ സാധിക്കുമ്പോൾ എന്തൊരു സന്തോഷമായിരിക്കുമല്ലേ നമുക്ക് അനുഭവപ്പെടുക. ആ സന്തോഷം എത്ര മാത്രമാണ് എന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല എന്നതാണ് സത്യം. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായി. കേൾവി ശക്തി ഇല്ലാത്ത ഒരു ഏഴ് വയസ്സുകാരി ശ്രവണ സഹായിയുടെ സഹായത്തോടെ ആദ്യമായി ശബ്ദം തിരിച്ചറിയുന്നതിന്റെ മനോഹരമായ വീഡിയോയാണിത്. ഈ വീഡിയോ കണ്ടു കഴിയുമ്പോഴേക്കും നമ്മുടെ മുഖത്തും അറിയാതെ തന്നെ ഒരു ചിരി വിടരും.
കെനിയയിലെ വാജിറയിൽ നിന്നുള്ള നെസ്തയ്ഹയെന്ന ഏഴു വയസ്സുകാരിയാണ് വീഡിയോയിൽ. വളരെ ചെറുപ്പത്തിലെ ഒരു അസുഖം ബാധിച്ച് നഷ്ടപ്പെട്ടുപോയതാണ് അവളുടെ കേൾവി ശക്തി. പിന്നീട് ഇപ്പോഴാണ് അവൾ ഈ ലോകത്തെ കേൾക്കുന്നത്. ചെവിയിൽ ശ്രവണ സഹായി പിടിപ്പിക്കാനായി ഒരു ഡോക്ടറുടെ മുൻപിൽ കസേരയിൽ ഇരിക്കുകയാണ് നെസ്തയ്ഹ. വളരെ സൂക്ഷ്മതയോടെ ശ്രദ്ധിച്ച് ഡോക്ടർ അവളുടെ ചെവിക്കുള്ളിൽ ശ്രവണസഹായി പിടിപ്പിക്കുന്നു. ശേഷം അദ്ദേഹം ഒരു ചെറുചിരിയോടെ അവളുടെ പുറകിൽ ഇരുന്ന് കൈകൾ കൊട്ടുന്നു. അപ്പോൾ തന്നെ അവൾ അമ്പരപ്പോടെ പുറകോട്ട് തിരിഞ്ഞു നോക്കുന്നു.
തൊട്ടടുത്ത നിമിഷം അവർ ഇരുന്ന് മുറിയുടെ മറ്റൊരു കോണിൽ നിന്നും ആരോ ഒരാൾ കൈകൾ കൊട്ടുന്നു. അപ്പോൾ വേഗത്തിൽ അവൾ ശബ്ദം കേട്ട് സ്ഥലത്തേക്ക് തിരിയുന്നു. അത് മുറിയിൽ കൂടെ നിന്ന എല്ലാവരിലും സന്തോഷം നിറയ്ക്കുകയും അവരെല്ലാവരും ഒന്ന് ചേർന്ന് കൈകൾ കൊട്ടി അത് ആഘോഷമാക്കുകയും ചെയ്യുന്നു. അപ്പോഴാണ് ആ കൊച്ചു പെൺകുട്ടി മനസ്സിലാക്കുന്നത് തനിക്ക് ചുറ്റും സംഭവിക്കുന്നതെല്ലാം ഇപ്പോൾ തനിക്ക് കേൾക്കാമെന്ന്.
ആദ്യം ഒരു ചിരി അവളുടെ മുഖത്ത് വിടർന്നെങ്കിലും പക്ഷേ മെല്ലെ ആ കണ്ണുകളിൽ നിന്നും കണ്ണുനീർ പുറത്തേക്ക് വന്നു. അവൾ മുഖം പൊത്തി ചുറ്റുമുള്ള ആരെയും നോക്കാതെ അല്പസമയം ഇരുന്നു. ചുറ്റുമുണ്ടായിരുന്നവർ അവളുടെ കൈ മുഖത്തുനിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും അവൾ തയ്യാറായില്ല. സന്തോഷംകൊണ്ട് പൊട്ടി പൊട്ടി കരയുകയായിരുന്നു ആ ഏഴ് വയസ്സുകാരി.