ജീവനക്കാരനെ ആക്രമിച്ച് മുതല, കാലിൽ കടിച്ചു; ഭീതിപ്പെടുത്തുന്ന വീഡിയോ
എന്നാൽ, ഇതേ സമയം തീരെ പ്രതീക്ഷിക്കാതെ ഹാനിബാളും സീനിനെ അക്രമിക്കുകയാണ്. വാ പിളർന്ന് അത് വരുന്ന രംഗം ആരേയും ഭയപ്പെടുത്തും.
വന്യജീവി പാർക്കിലെ ജീവനക്കാരനെ ഒരു ഭീമൻ മുതല ആക്രമിക്കുന്നതിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലാവുന്നു. ഒരു ലൈവ് ഷോയ്ക്കിടെയാണ് മുതല ജീവനക്കാരനെ ആക്രമിക്കുന്നത്. സെപ്റ്റംബർ 10 -ന് ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നടാൽ പ്രവിശ്യയിലെ ക്രോക്കോഡൈൽ ക്രീക്ക് ഫാമിലാണ് സംഭവം.
ക്വാസുലു നടാലിലെ ക്രോക്കഡൈൽ ക്രീക്ക് ഫാം ആന്റ് വൈൽഡ് ലൈഫ് സെന്ററിലെ തൊഴിലാളികളിലൊരാളാണ് സീൻ ലെ ക്ലൂസ്. രണ്ട് വലിയ മുതലകളുമായുള്ള ഒരു പ്രകടനത്തിനിടെയാണ് ഹാനിബാൾ എന്ന് പേരിട്ട മുതല ഇയാളെ അക്രമിച്ചത്.
സീൻ മുതലകൾക്ക് ചുറ്റും നടക്കുന്നത് വീഡിയോയിൽ കാണാം. പിന്നീട് 16 അടി നീളവും 660 കിലോഗ്രാം ഭാരവുമുള്ള ഹാനിബാളിന്റെ മുകളിൽ ഇരിക്കുകയാണ്. തനിക്ക് പുറത്ത് കയറി ഇരിക്കാൻ കഴിയുന്ന ദക്ഷിണാഫ്രിക്കയിലെ ഒരേയൊരു മുതല ഇതാണ് എന്ന് സീൻ പറയുന്നു.
വീഡിയോയിൽ ആദ്യം കാണുന്നത് സീൻ മുതലകൾക്ക് ചുറ്റുമായി നടക്കുന്നതാണ്. അതിനിടയിൽ കാണികളോട് സംസാരിക്കുന്നുമുണ്ട്. അതിന് ശേഷം അതിലെ ഹാനിബാൾ എന്ന മുതലയുടെ മുകളിൽ സീൻ ഇരിക്കുന്നു. അതേ സമയം മറ്റേ മുതല അയാളെ അക്രമിക്കാനെന്നോണം വരുന്നത് കാണുന്നുണ്ട്.
എന്നാൽ, ഇതേ സമയം തീരെ പ്രതീക്ഷിക്കാതെ ഹാനിബാളും സീനിനെ അക്രമിക്കുകയാണ്. വാ പിളർന്ന് അത് വരുന്ന രംഗം ആരേയും ഭയപ്പെടുത്തും. സീൻ പെട്ടെന്ന് പേടിച്ച് പിന്നോട്ട് മാറുന്നുണ്ട് എങ്കിലും അപ്പോഴേക്കും മുതല വാ പിളർന്ന് അയാളെ കടിക്കാനായുന്നുണ്ട്. പിന്നെ കാലിൽ കടിക്കുന്നു. അക്രമത്തിൽ സീൻ നിലത്തേക്ക് വീണുപോകുന്നതും കാണാം.
പിന്നീട് അയാൾ അവിടെ നിന്നും എഴുന്നേൽക്കുകയാണ്. ഏതായാലും സംഭവത്തിൽ അയാൾക്ക് വലിയ പരിക്കുകളൊന്നും പറ്റിയില്ല.