കാൻസറിനോട് പോരാടുന്ന കൂട്ടുകാരിക്ക് ഐക്യദാർഢ്യം, തല മൊട്ടയടിച്ച് സുഹൃത്തുക്കൾ, കണ്ണ് നനയിക്കുന്ന വീഡിയോ
തല മൊട്ടയടിച്ചെത്തിയ സുഹൃത്തുക്കളെ കാണുമ്പോൾ ഒരേ സമയം തന്നെ പെൺകുട്ടി ചിരിക്കുന്നതും കരയുന്നതും വീഡിയോയിൽ കാണാം.
സുഹൃത്തുക്കൾ ഇല്ലാത്ത ഒരു ലോകമാണ് ഇതെങ്കിലോ? നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല അല്ലേ? നമ്മുടെ പല പ്രതിസന്ധിഘട്ടങ്ങളിലും അത് തരണം ചെയ്ത് മുന്നോട്ട് പോകാൻ നമുക്ക് കരുത്തായി നിൽക്കുന്നത് നമ്മുടെ സുഹൃത്തുക്കളാണ്. വീട്ടുകാരോ ബന്ധുക്കളോ പോലും കാണിക്കാത്ത കരുണ ചിലനേരങ്ങളിൽ നമ്മോട് സുഹൃത്തുക്കൾ കാണിച്ചിട്ടുണ്ടാകാം. അതുപോലെ സൗഹൃദം ഈ ലോകത്തിലെ ഏറ്റവും മനോഹരമായ വികാരമാണ് എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.
വീഡിയോയിൽ കാണുന്നത് കാൻസറിനോട് പോരാടിക്കൊണ്ടിരിക്കുന്ന തങ്ങളുടെ സുഹൃത്തിനൊപ്പം നിൽക്കുന്നതിന് വേണ്ടി മുടി കളഞ്ഞ് എത്തിയിരിക്കുന്ന സുഹൃത്തുക്കളെയാണ്. വീഡിയോയിൽ ഒരു പെൺകുട്ടി തന്റെ വീട്ടിൽ നിൽക്കുന്നതും അപ്രതീക്ഷിതമായി തല മൊട്ടയടിച്ച് കടന്നുവന്ന തന്റെ സുഹൃത്തുക്കളെ കണ്ട് കണ്ണീരണിയുന്നതും കാണാം.
'ഗുഡ് ന്യൂസ് മൂവ്‌മെന്റ്' ആണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ വീഡിയോ പങ്ക് വച്ചിരിക്കുന്നത്, "ആരും തനിച്ച് പോരാടുന്നില്ല. കാൻസറിനെതിരെ പോരാടുന്ന പെൺകുട്ടിയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി തല മൊട്ടയടിച്ച ശേഷം അവളുടെ വീട്ടിലേക്ക് സുഹൃത്തുക്കളെത്തുന്നു. അതവളെ അത്ഭുതപ്പെടുത്തി. സുഹൃത്തുക്കളുണ്ട് എങ്കിൽ, നിങ്ങൾക്ക് എല്ലാമുണ്ട്!" എന്നാണ് വീഡിയോയുടെ അടിക്കുറിപ്പിൽ എഴുതിയിരിക്കുന്നത്.
തല മൊട്ടയടിച്ചെത്തിയ സുഹൃത്തുക്കളെ കാണുമ്പോൾ ഒരേ സമയം തന്നെ പെൺകുട്ടി ചിരിക്കുന്നതും കരയുന്നതും വീഡിയോയിൽ കാണാം. സുഹൃത്തുക്കളുടെയും മുഖത്ത് നിറയെ സ്നേഹമാണ്. ആര് കണ്ടാലും ഒന്ന് കണ്ണ് നിറഞ്ഞുപോകുന്നതാണ് ഈ വീഡിയോ. നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടതും ഷെയർ ചെയ്തതും. ഇത്തരം സൗഹൃദങ്ങളാണ് ജീവിതത്തിലെ യഥാർത്ഥ ഭാഗ്യം എന്നും എത്രയും വേഗം പെൺകുട്ടിക്ക് കാൻസറിനെ അതിജീവിക്കാൻ സാധിക്കട്ടെ എന്നും അനേകം പേർ കമന്റ് ചെയ്തു.