ലേ പുലി: അപ്പൊ നാൻ പൊട്ടനാ; പുള്ളിപ്പുലിക്കൊപ്പം കർഷകന്റെ കൂൾ സെൽഫി, ലൈക്കും വിമർശനവും വാരിക്കൂട്ടി വീഡിയോ
യാതൊരു ഭയവും ഇല്ലാതെയാണ് ഇദ്ദേഹം പുള്ളിപ്പുലിക്ക് അരികിൽ നിൽക്കുന്നത്. അതുപോലെതന്നെ പുള്ളിപ്പുലിയും ശാന്തമായാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്.
ആനയും കടുവയും പുള്ളിപ്പുലിയും അടക്കമുള്ള വന്യമൃഗങ്ങളുടെ നാട് സന്ദർശനം പതിവായിരിക്കുന്ന സമയത്ത് ഇതാ പുള്ളിപ്പുലിക്കൊപ്പം നിന്ന് കൂളായി സെൽഫി എടുക്കുന്ന ഒരു മനുഷ്യൻറെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു.
സാധാരണയായി വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങിയാൽ ആളുകൾ ഭയം കൊണ്ട് ഓടിരക്ഷപ്പെടുകയോ അവയെ ഭയപ്പെടുത്തി തുരത്തി ഓടിക്കാൻ ശ്രമിക്കുകയോ ആണ് ചെയ്യാറ്. എന്നാൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോയിലാകട്ടെ ഒരു മനുഷ്യൻ പുള്ളിപ്പുലിക്ക് ഒപ്പം നിന്ന് കൂളായി സെൽഫി എടുത്തു രസിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. മൃഗശാലയോ വന്യജീവി പാർക്കോ പോലെയുള്ള നിയന്ത്രിത അന്തരീക്ഷത്തിലല്ല ഈ ഫോട്ടോഷൂട്ട് നടക്കുന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
കാരണം വിശാലമായ മൈതാനത്തിന് സമാനമായ ഒരു സ്ഥലത്താണ് ഇരുവരും ചേർന്നുള്ള ഫോട്ടോയെടുക്കൽ. യാതൊരു ഭയവും ഇല്ലാതെയാണ് ഇദ്ദേഹം പുള്ളിപ്പുലിക്ക് അരികിൽ നിൽക്കുന്നത്. അതുപോലെതന്നെ പുള്ളിപ്പുലിയും ശാന്തമായാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. ഈ വീഡിയോ എവിടെ നിന്നാണ് എടുത്തതെന്ന് വ്യക്തമല്ല. ഇതുവരെ 3 ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചു.
തൻറെ കൃഷിത്തോട്ടത്തിൽ എത്തിയ പുള്ളിപ്പുലിക്കൊപ്പം സെൽഫി എടുക്കുന്ന കർഷകൻ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് അഭിപ്രായപ്രകടനങ്ങൾ നടത്തിയത്. പലരും കർഷകന്റെ ധൈര്യത്തെ അഭിനന്ദിച്ചപ്പോൾ നിരവധി പേരാണ് അദ്ദേഹത്തിൻറെ പ്രവൃത്തിയെ വിമർശിച്ചുകൊണ്ടും കമൻറുകൾ രേഖപ്പെടുത്തിയത്. സ്വന്തം ജീവൻ പണയം വെച്ചുകൊണ്ട് ഇത്തരം വിഡ്ഢിത്തങ്ങൾ ചെയ്യരുതെന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു
സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഈ വീഡിയോയിൽ മനുഷ്യൻ പുള്ളിപ്പുലിയുടെ അടുത്ത് നിൽക്കുന്നതായി ചിത്രീകരിക്കുന്നുണ്ടെങ്കിലും, ജാഗ്രത പാലിക്കുകയും വന്യജീവികളുമായുള്ള അത്തരം ഏറ്റുമുട്ടലുകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിൽ വന്യമൃഗങ്ങളുമായി ഇടപഴകുന്നത് അപകടകരവും പ്രവചനാതീതവുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം