പ്ലെയിൻ ദോശ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് 'കൂറ' ദോശ; ഒന്നല്ല, രണ്ടല്ല, എട്ട് പാറ്റകള്‍ ! വീഡിയോയുമായി യുവതി
നഷ്ടപരിഹാരം നൽകാം വീഡിയോ എടുക്കരുതെന്ന് ഹോട്ടലുടമകള്‍ ആവശ്യപ്പെട്ടു. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന ഹോട്ടലുടമകള്‍ തന്‍റെ മുന്നിൽ ഇരുന്ന് ആ 8 പാറ്റകളെ തിന്നാൽ പരാതി പറയില്ല എന്നായിരുന്നു യുവതിയുടെ മറുപടി
റെസ്റ്റോറന്‍റിൽ ഓർഡർ ചെയ്ത ദോശയിൽ നിന്ന് എട്ട് പാറ്റകളെ ലഭിച്ച അസ്വസ്ഥപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് യുവതി. ദില്ലിയിലെ കൊണാട്ട് പ്ലേസിലെ മദ്രാസ് കോഫി ഹൌസിൽ ഓർഡര്‍ ചെയ്ത ദോശയ്ക്കുള്ളിൽ നിന്നാണ് എട്ട് പാറ്റകളെ ലഭിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ച യുവതി, ഹോട്ടലിനെതിരെ നടപടിയുണ്ടാകുന്നതുവരെ നിയമ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി.
ഇഷാനി എന്ന യുവതിയാണ് എട്ട് പാറ്റകളടങ്ങിയ ദോശയുടെ ദൃശ്യം പങ്കുവെച്ചത്. മാർച്ച് ഏഴിനായിരുന്നു സംഭവം. താനും സുഹൃത്തും ചേർന്ന് രണ്ട് ദോശകളാണ് ഓർഡർ ചെയ്തതെന്ന് യുവതി പറഞ്ഞു. കുറച്ച് കഴിച്ചപ്പോള്‍ വിചിത്രമായ എന്തോ ഒന്ന് കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി അതൊരു പാറ്റയാണെന്ന്. വീണ്ടുമൊന്ന് സൂക്ഷ്മമായി നോക്കിയപ്പോള്‍ കണ്ടത് ഒന്നല്ല, രണ്ടല്ല, എട്ട് പാറ്റകളാണ്. അതോർക്കുമ്പോള്‍ ഹൃദയം തകരുന്നുവെന്ന് ഇഷാനി പറഞ്ഞു.
പിന്നാലെ സിപിയിലെ പൊലീസ് സ്റ്റേഷനിൽ ഇഷാനി പരാതി നൽകി. ഭക്ഷ്യ ശുചിത്വം ഉറപ്പാക്കാൻ ഉത്തരവാദപ്പെട്ട എല്ലാ അധികാരികളെയും ഇക്കാര്യം അറിയിക്കുകയാണ്. നടപടിയുണ്ടാകാത്തതിൽ ദേഷ്യവും നിരാശയമുണ്ട്. അതുകൊണ്ടാണ് തുറന്നുപറയുന്നത്. നടപടിയെടുക്കുന്നത് വരെ നിശബ്ദയാകില്ല. പൊലീസ് ലൈസൻസ് ചോദിച്ചപ്പോൾ കാണിക്കാൻ ഹോട്ടല്‍ ഉടമകളുടെ കയ്യിൽ ഉണ്ടായിരുന്നില്ലെന്നും ഇഷാനി പറഞ്ഞു.
ഓരോ മണിക്കൂറിലും മുപ്പതോളം പേരെത്തുന്ന, തിരക്കുള്ള, പേരുകേട്ട ഒരു റെസ്റ്റോറന്‍റിന് എങ്ങനെ ഇങ്ങനെ നിരുത്തരവാദപരരമായി പെരുമാറാൻ കഴിയുന്നുവെന്ന് ഇഷാനി ചോദിക്കുന്നു. അടുക്കളയിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു, അടുക്കളയിൽ പകുതി ഭാഗത്ത് മേൽക്കൂരയില്ല. ഇതിവിടെ അവസാനിക്കില്ലെന്നും സുരക്ഷിതമായ ഭക്ഷണം ലഭിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും യുവതി പറഞ്ഞു.
നഷ്ടപരിഹാരം നൽകാം വീഡിയോ എടുക്കരുതെന്ന് ഹോട്ടലുടമകള്‍ ആവശ്യപ്പെട്ടെന്ന് ഇഷാനി പറഞ്ഞു. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന ഹോട്ടലുടമകള്‍ തന്‍റെ മുന്നിൽ ഇരുന്ന് ആ 8 പാറ്റകളെ തിന്നാൽ തിന്നാൽ താൻ പരാതി പറയില്ല എന്നായിരുന്നു ഇഷാനിയുടെ മറുപടി. പിന്തുണയ്ക്ക് വേണ്ടിയല്ല താനിതെല്ലാം പറയുന്നതെന്ന് യുവതി വ്യക്തമാക്കി. താൻ സംസാരിക്കുന്നത് അടിസ്ഥാന ആരോഗ്യത്തെയും ശുചിത്വത്തെയും കുറിച്ചാണ്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഇഷാനി പറഞ്ഞു.