ഈറ്റ് സിംപിൾ, തിങ്ക് സിംപിൾ; ആയുസ്സിന്റെയും ആരോഗ്യത്തിന്റേയും രഹസ്യം വെളിപ്പെടുത്തി 94 -കാരൻ
വ്യായാമത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി 94 -കാരൻ പറയുന്നത് നിങ്ങൾ ദിവസവും വ്യായാമം ചെയ്യണം എന്നാണ്. ഒപ്പം താൻ എല്ലാ ദിവസവും രാത്രി പത്തുമണിയാകുമ്പോൾ ഉറങ്ങുമെന്നും അദ്ദേഹം പറയുന്നു.
നമ്മുടെ മാതാപിതാക്കൾ, അല്ലെങ്കിൽ മുൻതലമുറ നമ്മേക്കാൾ കരുത്തരാണ് എന്ന് നാം ചിലപ്പോൾ പറയാറുണ്ട്. അതിന് പല കാരണങ്ങളുമുണ്ടാകാം. അവരുടെ ജോലിയുടെ സ്വഭാവമാകാം. വ്യായാമമാവാം. ആരോഗ്യകകരമായ ഭക്ഷണശീലമാവാം. അതങ്ങനെ നീളുന്നു. അതുപോലെ, ഒരു 94 -കാരൻ താനെങ്ങനെയാണ് ഈ പ്രായത്തിലും ഇത്ര ഹെൽത്തിയായിരിക്കുന്നത് എന്ന് പറയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഡോക്ടറുമായ @DrParulSharma1 -യാണ് പ്രായമായ ഒരു മനുഷ്യന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'എന്താണ് ഈ നീണ്ട ജീവിതത്തിന്റെയും ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും രഹസ്യം' എന്നാണ് ഡോക്ടർ അതിൽ 94 -കാരനോട് ചോദിക്കുന്നത്. 'ഞാൻ എല്ലാ ദിവസവും വ്യായാമം ചെയ്യും. ഇന്ന് വരെ ഞാൻ രാവിലെ നാല് മണിക്ക് എഴുന്നേൽക്കും. ഒന്നര- രണ്ട് മണിക്കൂർ വരെ യോഗ ചെയ്യും. ഞാൻ വളരെ ലളിതമായ ഭക്ഷണമാണ് കഴിക്കുന്നത്. നോൺ വെജ് കഴിക്കുമെങ്കിലും കുറച്ചേ കഴിക്കുകയുള്ളൂ. അതുപോലെ, ഞാൻ അധികം വഴക്കിടാറില്ല' എന്നാണ് അദ്ദേഹത്തിന്റെ മറുപടി.
അദ്ദേഹം പറയുന്നതിനെ ചുരുങ്ങിയ വാക്കുകളിൽ ഡോക്ടർ പറയുന്നത്, 'ഈറ്റ് സിംപിൾ, തിങ്ക് സിംപിൾ' എന്നാണ്. അതായത് 'ലളിതമായ ഭക്ഷണം, ലളിതമായ ചിന്ത'. വ്യായാമത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി 94 -കാരൻ പറയുന്നത് നിങ്ങൾ ദിവസവും വ്യായാമം ചെയ്യണം എന്നാണ്. ഒപ്പം താൻ എല്ലാ ദിവസവും രാത്രി പത്തുമണിയാകുമ്പോൾ ഉറങ്ങുമെന്നും അദ്ദേഹം പറയുന്നു.
'94 വയസ്സുള്ള, യംഗ് ആയിട്ടുള്ള എന്റെ രോഗിയോട് ഞാൻ അദ്ദേഹത്തിന്റെ ദീർഘായുസ്സിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം ചോദിച്ചു. ഇതാണ് അദ്ദേഹത്തിന് പറയാനുള്ളത് (ഇത് അദ്ദേഹത്തിന്റെ അനുമതിയോടെ പോസ്റ്റ് ചെയ്തത്)' എന്നാണ് ഡോക്ടർ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്.
വളരെ വേഗത്തിൽ വീഡിയോ ശ്രദ്ധിക്കപ്പെട്ടു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്.
വായിക്കാം: സഹോദരങ്ങൾ ചാരിറ്റിക്ക് നൽകിയത് 13 കോടി രൂപ, അതിനൊരു കാരണമുണ്ടായിരുന്നു...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: