ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിലെ ആക്ഷന്‍ രംഗത്തെയും അതിശയിപ്പിക്കും ഈ അപകടക്കാഴ്ച; ഞെട്ടിക്കുന്ന വീഡിയോ !
പിക്കപ്പിന്‍റെ ടയര്‍ ഊരിത്തെറിച്ച് സമീപത്ത് കൂടി പോവുകയായിരുന്ന കാറിന് അടിയില്‍പ്പെട്ടതിന് പിന്നാലെ സിനിമാ രംഗങ്ങളെ പോലും അതിശയിപ്പിച്ച് കാര്‍ വായുവില്‍ ഉയര്‍ന്നു പൊങ്ങി. ഏതാണ്ട് രണ്ട് കാറുകളുടെ ഉയരത്തിലേക്കാണ് ആ കാര്‍ ഉയര്‍ന്ന് തലകുത്തി താഴേക്ക് പതിച്ചത്.
ഹോളിവുഡിലെ പ്രശസ്തമായ സിനിമയാണ് വിൻ ഡീസലില്‍ നായകനായെത്തിയ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്. നിരവധി ആക്ഷന്‍ രംഗങ്ങളാല്‍ സിനിമ ലോകമെങ്ങുമുള്ള ആരാധകരെ ആകര്‍ഷിച്ചിരുന്നു. ഈ സിനിമകളില്‍ നിന്നുള്ള രംഗം പോലെ തോന്നിക്കുന്ന ഒരു കാര്‍ അപകടത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം ഇന്‍റര്‍നെറ്റില്‍ വൈറലായി. പിന്നിലുള്ള വാഹനത്തന്‍റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളായിരുന്നു അത്.
തിരക്കേറിയ ഒരു ഹൈവേയിലൂടെ സഞ്ചരിക്കുന്ന ടെസ്‍ലയെ ഒരു കറുത്ത കിയ സോള്‍ മറികടക്കുന്നു. സെക്കന്‍റുകള്‍ക്കുള്ളില്‍ കാറിന് സമാന്തരമായി പോവുകയായിരുന്ന ഒരു പിക്കപ്പ് വാനിന്‍റെ മുന്നിലെ ടയര്‍ ഊരിത്തെറിക്കുന്നത് വരെ റോഡിലൂടെ സാധാരണ പോലെ വാഹനങ്ങള്‍ സഞ്ചരിക്കുകയായിരുന്നു. എന്നാല്‍, ടയര്‍ സമീപത്ത് കൂടി പോവുകയായിരുന്ന കാറിന് അടിയില്‍പ്പെട്ടതിന് പിന്നാലെ സിനിമാ രംഗങ്ങളെ പോലും അതിശയിപ്പിച്ച് കാര്‍ വായുവില്‍ ഉയര്‍ന്നു പൊങ്ങി. ഏതാണ്ട് രണ്ട് കാറുകളുടെ ഉയരത്തിലേക്കാണ് ആ കാര്‍ ഉയര്‍ന്ന് തലകുത്തി താഴേക്ക് പതിച്ചത്. വെറും അഞ്ച് സെക്കറ്റിനുള്ളില്‍ കാര്‍ ഉയര്‍ന്നു പൊങ്ങി താഴേയ്ക്ക് പതിക്കുകയും മൂന്നാല് മലക്കം മറിയുകയും ചെയ്തു. ഇതിനിടെ ടയര്‍ പോയ പിക്കപ്പ് വാനും സമാന്തരമായി സഞ്ചരിക്കുന്നതും വീഡിയോയില്‍ കാണാം.
ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച 'പാമ്പ് പൂച്ച'യുടെ യാഥാര്‍ത്ഥ്യമെന്ത്?
അപകടത്തെ തുടര്‍ന്ന് ആര്‍ക്കും വലിയ പരിക്കുകളൊന്നുമുണ്ടായില്ല. അപകടത്തിന്‍റെ വീഡിയോ പങ്കുവച്ചതിന് പിന്നാലെ രണ്ട് ഡ്രൈവര്‍മാരും സുരക്ഷിതരായി ഇരിക്കുന്നെന്ന് വീഡിയോ പങ്കുവച്ച അനൂപ് തന്നെ എഴുതി. പിക്കപ്പ് ഡ്രൈവര്‍ കുറച്ച് ദൂരെ വാഹനം നിര്‍ത്തി. കിയ ഡ്രൈവറെ പരിശോധിക്കാനെത്തിയെന്നും അവര്‍ സംഭവിച്ചതിന് ആത്മാര്‍ത്ഥമായും ക്ഷമ ചോദിച്ചെന്നും അദ്ദേഹം എഴുതി. കിയയുടെ ഡ്രൈവര്‍ക്ക് ഈ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കും കാര്യമായ പരിക്കുകളില്ലെന്ന് പറഞ്ഞതോടെ പലരും ആശ്വാസം പ്രകടിപ്പിച്ച് കമന്‍റുകളെഴുതി. ഹോളിവുഡ് ആക്ഷന്‍ രംഗത്തെ ഓര്‍മ്മപ്പെടുത്തുന്ന അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അറിയുന്നത് അതിശയകരമാണെന്ന് ഒരാള്‍ കമന്‍റില്‍ കുറിച്ചു.