ഇങ്ങനെ തല്ലുകൂടാമോ? കടുവയ്‍ക്കും സിംഹത്തിനും ഇടയിൽ പ്രശ്നം പരിഹരിക്കാൻ നായ, വൈറലായി വീഡിയോ
കാര്യങ്ങളെല്ലാം ശാന്തമായി എന്ന് തോന്നുമ്പോൾ വീണ്ടും സിംഹം കടുവയെ പിന്നീലൂടെ അക്രമിക്കാൻ ശ്രമിക്കുന്നുണ്ട്. അതോടെ കടുവയും തിരികെ അക്രമിക്കാനൊരുങ്ങുകയാണ്. എന്നാൽ, അവിടെ വീണ്ടും നായ ഇടപെടുന്നു.
നായ വളരെ സഹായമനസ്ഥിതിയുള്ള മൃഗമാണ് എന്ന് പറയാറുണ്ട്. കാലങ്ങളായി അവ മനുഷ്യരുടെ സന്തതസഹചാരികളായി നടക്കുന്നുണ്ട്. സഹായിക്കാനും സ്നേഹത്തോടെ പെരുമാറാനും ഒക്കെ സാധിക്കുന്ന മൃഗങ്ങളാണ് നായകൾ. എന്നാൽ, മനുഷ്യരെ മാത്രമല്ല, മറ്റ് മൃഗങ്ങളെയും വളരെ സ്നേഹത്തോടെ കാണുന്ന മൃഗങ്ങളാണ് നായകൾ. അത് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.
വീഡിയോയിൽ ഒരു സിംഹവും കടുവയും തമ്മിലുള്ള വഴക്ക് നടക്കുന്നതായാണ് കാണുന്നത്. സാധാരണയായി കടുവയ്‍ക്ക് സ്വാധീനമുള്ളിടത്ത് സിംഹത്തേയോ സിംഹത്തിന് സ്വാധീനമുള്ളിടത്ത് കടുവയേയോ കാണാറില്ല. രണ്ടു മൃഗങ്ങളും കാട്ടിൽ മിക്കവാറും രണ്ട് സ്ഥലങ്ങളായിരിക്കാം. എന്നാൽ, കാട്ടിൽ നിന്ന് മാറുന്നതിനനുസരിച്ച് അതിൽ മാറ്റം വരാം. ഇവിടെയും അതാണ് സംഭവിക്കുന്നത്.
കടുവയും സിംഹവും തമ്മിലുള്ള അടിപിടി നടക്കുമ്പോൾ നായ കടുവയുടെ ചെവിയിൽ പിടിച്ച് വലിക്കുന്നത് കാണാം. മാത്രമല്ല, കടുവയെ കൂളാക്കാനും നായ ശ്രമിക്കുന്നുണ്ട് എന്ന് തോന്നും വീഡിയോ കാണുമ്പോൾ. എന്നാൽ, സിംഹം കടുവയ്‍ക്കും നായക്കും മുന്നിൽ ഒരടി പോലും അനങ്ങാതെ നിൽക്കുകയാണ്. കടുവയാണ് എങ്കിൽ നായയിൽ നിന്നും വിട്ട് മാറാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, നായ അതിന് സമ്മതിക്കാതെ തന്റെ വായ കൊണ്ട് അതിനെ വലിച്ച് മാറ്റാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുകയാണ്.
കടുവ കുതറിമാറി പിന്നെയും സിംഹത്തെ അക്രമിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ, നായ പിന്നെയും കടുവയ്ക്കും സിംഹത്തിനും നടുക്ക് നിൽക്കുകയും ഇരുവരെയും ശാന്തരാക്കാനും ശ്രമിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. അധികം വൈകാതെ സിംഹം അവിടെ നിന്നും പോവുകയാണ്. കാര്യങ്ങളെല്ലാം ശാന്തമായി എന്ന് തോന്നുമ്പോൾ വീണ്ടും സിംഹം കടുവയെ പിന്നീലൂടെ അക്രമിക്കാൻ ശ്രമിക്കുന്നുണ്ട്. അതോടെ കടുവയും തിരികെ അക്രമിക്കാനൊരുങ്ങുകയാണ്. എന്നാൽ, അവിടെ വീണ്ടും നായ ഇടപെടുന്നു.
ഏതായാലും സാമൂഹിക മാധ്യമത്തിൽ അനവധി പേരാണ് വീഡിയോ കണ്ടത്. നായയുടെ ശ്രമത്തെ അഭിനന്ദിച്ച് കൊണ്ടാണ് പലരും ഇതിന് കമന്റ് നൽകിയിരിക്കുന്നത്.