അയൽവാസിയുടെ നായയുടെ ആക്രമണം, ആറ് വയസ്സുകാരനെ രക്ഷിച്ച് സ്വന്തം വീട്ടിലെ നായ
ആക്രമിക്കാൻ എത്തിയ നായക്ക് നേരെ കുരച്ചു ചാടിക്കൊണ്ട് ടാങ്ക് അതിനെ തുരത്താൻ ശ്രമിക്കുകയും കുട്ടിയെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്തു. അപ്പോഴേക്കും വീട്ടുകാർ പുറത്തെത്തി കുഞ്ഞിനെ കയ്യിലെടുത്തു.
മനുഷ്യനോട് ഏറ്റവും അധികം കൂറ് ഉള്ളതും വളരെ വേഗത്തിൽ ഇണങ്ങുന്നതുമായ വളർത്തുമൃഗമാണ് നായ. അതുകൊണ്ടുതന്നെ നായ്ക്കൾ മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ ആണെന്ന് പറയാം. അപകടങ്ങളിൽ നിന്ന് നായകൾ മനുഷ്യനെ രക്ഷിച്ചതിന്റെ നിരവധി വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. സമാനമായ രീതിയിൽ ഒരു നായ തൻറെ യജമാനന്റെ ആറു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ മറ്റൊരു നായയുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
ഫ്ലോറിഡയിൽ ആണ് സംഭവം. കുട്ടിയുടെ രക്ഷകനായ നായയുടെ പേര് ടാങ്ക് എന്നാണ്. ജർമ്മൻ ഷെപ്പേഡിനത്തിൽപ്പെട്ട ഈ നായക്കൊപ്പം കുട്ടി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതാണ് വീഡിയോയുടെ ആദ്യഭാഗങ്ങളിൽ നമ്മൾ കാണുന്നത്. വളരെ സന്തോഷത്തോടെ ഇരുവരും ഓടി കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലേക്കാണ് തൊട്ടടുത്ത വീട്ടിൽ നിന്നും മറ്റൊരു നായ ഓടിവരുന്നത്. കുട്ടിയെ ലക്ഷ്യം വച്ചായിരുന്നു നായ പാഞ്ഞെത്തിയത്. നായ വരുന്നത് കണ്ട് കുട്ടിയെ രക്ഷിക്കാനായി വീട്ടുകാർ പുറത്തേക്ക് ഓടി വന്നെങ്കിലും അതിനു മുൻപേ ടാങ്ക് പണി തുടങ്ങിയിരുന്നു.
ആക്രമിക്കാൻ എത്തിയ നായക്ക് നേരെ കുരച്ചു ചാടിക്കൊണ്ട് ടാങ്ക് അതിനെ തുരത്താൻ ശ്രമിക്കുകയും കുട്ടിയെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്തു. അപ്പോഴേക്കും വീട്ടുകാർ പുറത്തെത്തി കുഞ്ഞിനെ കയ്യിലെടുത്തു. ആ സമയം കൊണ്ട് തന്നെ അയൽ വീട്ടിലെ നായയുടെ ഉടമസ്ഥനും അവിടെയെത്തി ആക്രമിക്കാൻ എത്തിയ നായയെ പിടികൂടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ നിരവധി ആളുകളാണ് നായകളുടെ യജമാന സ്നേഹത്തെക്കുറിച്ച് വാചാലരാകുന്നത്. യജമാനനോട് സ്നേഹമുള്ള ഒരു നായ കൂടെയുണ്ടെങ്കിൽ മറ്റൊന്നിനെയും പേടിക്കേണ്ട എന്നാണ് വീഡിയോ കണ്ട ചിലർ അഭിപ്രായപ്പെട്ടത്.