വീടില്ലാത്ത മനുഷ്യനെ കെട്ടിപ്പിടിച്ച് ആശ്വാസം നൽകി ഒരു നായ, കണ്ണും മനസും നിറയ്ക്കുന്ന വീഡിയോ
നായ്ക്കൾ വിശ്വസ്തരായ ജീവികളാണ്. അടുത്തിടെ, മുംഗേലി ജില്ലയിലെ ലോർമിയിലെ ഒരു ഗ്രാമത്തിൽ വയലിൽ ഉപേക്ഷിച്ച ഒരു പെൺകുഞ്ഞിനെ തെരുവ് നായ രാത്രി മുഴുവൻ സംരക്ഷിച്ചു. പൊക്കിൾക്കൊടി പോലും മുറിക്കാതെ വസ്ത്രം പോലും ധരിപ്പിക്കാതെയായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചിരുന്നത്.
മനുഷ്യന് സ്നേഹവും വാത്സല്യവും ആവശ്യമുള്ളപ്പോൾ നായ്ക്കൾ(Dogs)ക്ക് അത് തിരിച്ചറിയാൻ കഴിയുമെന്ന് പറയാറുണ്ട്. അതുകൊണ്ടാണ് അവർ മനുഷ്യന്റെ ഉറ്റ സുഹൃത്തുക്കളായി അറിയപ്പെടുന്നത്. ഇപ്പോൾ, അത് തെളിയിക്കുന്ന ഒരു വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. കാണുന്നവരുടെ കണ്ണും മനസും അത് നിറയ്ക്കുമെന്നതിൽ ഒരു സംശയവും വേണ്ട.
തെരുവിലൊരിടത്ത് ഇരിക്കുകയായിരുന്ന വീടില്ലാത്ത ഒരു മനുഷ്യനെ(Homeless man) ഒരു നായ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. Buitengebieden എന്ന ട്വിറ്റർ അക്കൗണ്ടാണ് വൈറലായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “ഈ നായ വീടില്ലാത്ത ഒരു മനുഷ്യനെ സമീപിക്കുന്നു, അയാൾക്ക് എന്താണ് വേണ്ടതെന്ന് അവന് അറിയുന്നതായി തോന്നുന്നു” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
ഹൃദയസ്പർശിയായ വീഡിയോയിൽ, വീടില്ലാത്ത ഒരാൾ തെരുവിൽ ഇരിക്കുന്നത് കാണാം. കുറച്ച് സമയത്തിനുള്ളിൽ, ഒരു നായ മനുഷ്യന്റെ അടുത്തേക്ക് വരികയും വളരെ അർത്ഥവത്തായി അവനെ നോക്കുകയും ചെയ്യുന്നു. പിന്നീട്, കുറച്ചുനേരം അദ്ദേഹത്തെ നോക്കിയ ശേഷം, നായ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ ആ അപരിചിതനെ കെട്ടിപ്പിടിക്കാൻ തുടങ്ങുന്നു. ഇത് ആ മനുഷ്യന്റെ ഹൃദയത്തെ സ്പർശിക്കുകയും അദ്ദേഹം ആ നായയെ തിരികെ ആലിംഗനം ചെയ്യുകയും അങ്ങനെ ഇരുവരും കുറേനേരം ഇരിക്കുകയും ചെയ്യുന്നു.
വീഡിയോ ഇന്റർനെറ്റിൽ നിരവധി ഹൃദയങ്ങൾ കീഴടക്കി. “യഥാർത്ഥത്തിൽ, ഇത് രണ്ട് കാരണങ്ങളാൽ കാണേണ്ട ഒന്നാണെന്ന് ഞാൻ കരുതുന്നു. ഒന്നാമതായി, ഭവനരഹിതർ ഇപ്പോഴും സ്നേഹവും വാത്സല്യവും ആവശ്യമുള്ള ആളുകളാണ് എന്നതാണ്. രണ്ടാമതായി, മൃഗങ്ങൾ ഗംഭീരവും നിരുപാധികം സ്നേഹിക്കുന്നവരുമാണ്” ഒരു ഉപയോക്താവ് പറഞ്ഞു.
നായ്ക്കൾ വിശ്വസ്തരായ ജീവികളാണ്. അടുത്തിടെ, മുംഗേലി ജില്ലയിലെ ലോർമിയിലെ ഒരു ഗ്രാമത്തിൽ വയലിൽ ഉപേക്ഷിച്ച ഒരു പെൺകുഞ്ഞിനെ തെരുവ് നായ രാത്രി മുഴുവൻ സംരക്ഷിച്ചു. പൊക്കിൾക്കൊടി പോലും മുറിക്കാതെ വസ്ത്രം പോലും ധരിപ്പിക്കാതെയായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചിരുന്നത്. ഗ്രാമവാസികൾ അവളെ കണ്ടെത്തി കൊണ്ടുപോകുന്നതുവരെ ആ അമ്മനായ തന്റെ നായ്ക്കുട്ടികളോടൊപ്പം കുഞ്ഞിനെ സംരക്ഷിക്കുകയായിരുന്നു.