കളിയങ്ങ് കാട്ടിൽ മതി; നാട്ടിൽ ഇറങ്ങിയ സിംഹത്തെ വിരട്ടി ഓടിച്ച് തെരുവുനായക്കൂട്ടം
ഏതായാലും വീഡിയോ വലിയ ആവേശത്തിലാണ് ആളുകൾ ഏറ്റെടുത്തത്. രസകരമായ പല കുറിപ്പുകളും ആണ് ആളുകൾ വീഡിയോയ്ക്ക് താഴെ ചേർത്തിരിക്കുന്നത്.
കാട്ടിലെ രാജാവ് താൻ ആയിരിക്കും പക്ഷേ നാട്ടിലിറങ്ങി കളിക്കേണ്ട എന്ന് എന്ന് തോന്നിപ്പിക്കും വിധം ആയിരുന്നു കഴിഞ്ഞദിവസം നാട്ടിലിറങ്ങി വിലസിയ സിംഹത്തെ ഒരു കൂട്ടം തെരുവ് നായ്ക്കൾ ചേർന്ന് വിരട്ടി ഓടിച്ചത്. ഗുജറാത്തിലെ തെരുവിൽ നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഐഎഫ്എസ് ഓഫീസർ ആയ സുശാന്ത് നന്ദയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. നാട്ടിലിറങ്ങി യഥേഷ്ടം ഇറങ്ങി വിലസിയ സിംഹത്തിന്റെ പിന്നാലെ ഒരു കൂട്ടം തെരുവ് നായ്ക്കൾ കുരച്ചുകൊണ്ട് കൂടിയതോടെ സിംഹം ഭയന്ന് ഓടിപ്പോകുന്നതാണ് വീഡിയോയിൽ.
വീഡിയോ പോസ്റ്റ് ചെയ്ത് അധികം വൈകുന്നതിന് മുൻപു തന്നെ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. തെരുവിൽ കത്തി നിൽക്കുന്ന ഒരു തെരുവിളക്കിന് സമീപത്തു കൂടിയാണ് സിംഹം നടന്നുവരുന്നത്. അതിന് സമീപത്ത് തന്നെ ഒരു ഒരു കൂടു നിറയെ പശുക്കളെ കെട്ടിയിരിക്കുന്നത് കാണാം. ആ കൂട് ലക്ഷ്യമാക്കിയായിരിക്കണം സിംഹം വന്നത് എന്ന് വേണം അനുമാനിക്കാൻ. എന്നാൽ, ഈ സമയം സിംഹത്തിന്റെ എതിർ ദിശയിൽ നിന്നും ഒരു കൂട്ടം തെരുവ് നായ്ക്കൾ വരികയായിരുന്നു. അവ സിംഹത്തെ കണ്ടതോടെ ഉറക്കെ കുരച്ചുകൊണ്ട് പിന്നാലെ കൂടി. ഒടുവിൽ ഭയന്ന് സിംഹം പിൻവാങ്ങി പോകുന്നത് കാണാം.
ഏതായാലും വീഡിയോ വലിയ ആവേശത്തിലാണ് ആളുകൾ ഏറ്റെടുത്തത്. രസകരമായ പല കുറിപ്പുകളും ആണ് ആളുകൾ വീഡിയോയ്ക്ക് താഴെ ചേർത്തിരിക്കുന്നത്. ഒത്തൊരുമിച്ച് നിന്നാൽ എന്തും നേടാം എന്നതിന് തെളിവാണ് ഇതെന്നാണ് ചിലർ കുറിച്ചത്. എന്നാൽ മറ്റുചിലരാകട്ടെ നായ്ക്കളുടെ ബുദ്ധിയെ പ്രശംസിച്ചു. അഥവാ സിംഹം തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാലും രക്ഷപ്പെട്ട് ഓടുവാനുള്ള അകലം സിംഹവുമായി ഇട്ടതിനുശേഷം ആണ് സിംഹത്തെ വിരട്ടാൻ നായ്ക്കൾ മുതിരുന്നത് എന്നാണ് ഒരാൾ പറഞ്ഞത്. കാട്ടിലെ രാജാവും നാട്ടിലെ രാജാക്കന്മാരും തമ്മിലുള്ള യുദ്ധം എന്നാണ് മറ്റൊരാൾ വിശേഷിപ്പിച്ചത്.