അഞ്ച് മില്യണിലേറെ പേർ കണ്ടു ആ രക്ഷപ്പെടുത്തൽ; മലപ്പുറത്തു നിന്നൊരു ഹൃദയംതൊടും വീഡിയോ
അജിത്തും നസീഫും ഞായറാഴ്ച രാവിലെ തങ്ങളുടെ ക്ലബ്ബായ പേലേപ്പുറം യുണൈറ്റഡ് സ്‌പോർട്ടിങ് ക്ലബ്ബ് വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ്...
മലപ്പുറം: സഹജീവി സ്നേഹം തുളുമ്പുന്ന ഒരു രക്ഷപ്പെടുത്തൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനകം അഞ്ച് മില്യണിലേറെ ആളുകള്‍ കണ്ടുകഴിഞ്ഞു. വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു വീണ കാക്കയ്ക്ക് യുവാവ് പ്രഥമ ശുശ്രൂഷ നൽകുന്നതിന്റെ ദൃശ്യമാണ് വൈറലായത്.
മഞ്ചേരി പേലേപ്പുറം സ്വദേശി അജിത്തിന്‍റേതാണ് ഹൃദയസ്പർശിയായ ആ വീഡിയോ. കഴിഞ്ഞ ഞായറാഴ്ച രാവിലെ നടന്ന സംഭവം സുഹൃത്തായ നസീഫാണ് മൊബൈൽ ഫോണിൽ പകർത്തി തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്. വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
നടുറോഡിൽ പിടഞ്ഞ് അമ്മക്കുരങ്ങും കുട്ടിക്കുരങ്ങും, നൊമ്പര കാഴ്ച, വാരിയെടുത്ത് കുതിച്ച് ആ രണ്ടുപേർ
അജിത്തും നസീഫും ഞായറാഴ്ച രാവിലെ തങ്ങളുടെ ക്ലബ്ബായ പേലേപ്പുറം യുണൈറ്റഡ് സ്‌പോർട്ടിങ് ക്ലബ്ബിൽ ശുചീകരണം നടത്തുകയായിരുന്നു. ഈ സമയത്താണ് എതിർ വശത്തായുള്ള വൈദ്യുതി കമ്പിയിൽ നിന്ന് കാക്ക ഷോക്കേറ്റ് താഴെ വീണത്. അജിത്ത് ഓടിച്ചെന്ന് കാക്കയ്ക്ക് പ്രഥമ ശുശ്രൂഷ നൽകാൻ തുടങ്ങി. വാരിയെടുത്ത് പുറത്തുതട്ടി വെള്ളം നൽകി പറക്കാൻ കഴിയുമെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് അജിത്ത് കാക്കയെ താഴെവച്ചത്. കാക്കയെ കൈവീശി യാത്രയാക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
നസീഫ് ഈ രംഗങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. എന്നിട്ട് നസീഫ് നാസ് എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെക്കുകയായിരുന്നു. ഒരു ജീവൻ രക്ഷിക്കുന്നത് മാതൃകാപരമായ പ്രവൃത്തിയാണ്, ദൈവത്തിന്‍റെ കൈകൾ, ഈ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെ അജിത്തിനെ അഭിനന്ദിച്ച് നിരവധി പേർ കമന്‍റ് ചെയ്തിട്ടുണ്ട്. കറന്‍റ് അടിച്ചു വീണിട്ടും പിന്നെയും ലൈൻ കമ്പിയിൽ പോയിരുന്ന ആ കാക്കയാണ് ഹീറോ എന്നു തുടങ്ങുന്ന രസകരമായ കമന്‍റുകളും വീഡിയോയ്ക്ക് താഴെ കാണാം.