ഇന്ത്യയിൽ മാത്രമല്ല, ഇംഗ്ലീഷുകാർ വരെ ഞെട്ടി, ഹോളി ആഘോഷം വൈറൽ, വീഡിയോ കാണാം
ആഘോഷങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കൊട്ടാരം അലങ്കരിച്ചിരിക്കുന്നു. ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ നിരവധി ഇന്ത്യൻ പൗരന്മാർ ആഘോഷങ്ങളിൽ പങ്കെടുത്തു.
ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് ആളുകളാണ് ഇന്നലെ വർണങ്ങൾ വാരിവിതറി ഹോളി ആഘോഷങ്ങളിൽ മുഴുകിയത്. അതിന്റെ നിറക്കാഴ്ചകൾ നമ്മിൽ പലരും സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. ഇപ്പോഴിതാ അക്കൂട്ടത്തിൽ ഒരു ഹോളി ആഘോഷം അൽപ്പം പ്രത്യേകതകളോടെ വേറിട്ടു നിൽക്കുകയാണ്.
ഇംഗ്ലണ്ടിലെ ഡോർസെറ്റിലെ പ്രശസ്തമായ കോർഫെ കാസിൽ നടന്ന ഹോളി ആഘോഷമാണിത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു ആഘോഷം ഇവിടെ സംഘടിപ്പിക്കുന്നത്. കോട്ടയുടെ ഗാംഭീര്യമുള്ള പശ്ചാത്തലം ചായങ്ങളിൽ മുങ്ങി, ഇന്ത്യൻ പാചകരീതികളും ബോളിവുഡ് നൃത്ത പരിപാടികളും കൊണ്ട് അന്തരീക്ഷം സമ്പന്നമായി. നാഷണൽ ട്രസ്റ്റിൻ്റെ പങ്കാളിത്തത്തോടെ ബോൺമൗത്ത്, പൂൾ, ക്രൈസ്റ്റ് ചർച്ച് ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ എന്നിവ ചേർന്നാണ് റാംഗ് ബാഴ്‌സ് - കളേഴ്‌സ് ഓവർ കോർഫ് കാസിൽ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.
ബിബിസി റിപ്പോർട്ട് അനുസരിച്ച്, മാർച്ച് 23 ശനിയാഴ്ച നടന്ന ആഘോഷ പരിപാടിയിൽ 3,000 -ത്തിലധികം പേർ ഇവിടേക്ക് ഒഴുകിയെത്തി. ആഘോഷങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കൊട്ടാരം അലങ്കരിച്ചിരിക്കുന്നു. ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ നിരവധി ഇന്ത്യൻ പൗരന്മാർ ആഘോഷങ്ങളിൽ പങ്കെടുത്തു. ജന്മനാട്ടിലെ ആഘോഷങ്ങൾക്ക് പകരമാകില്ലെങ്കിലും ഇത്തരം ആഘോഷപരിപാടികൾ തങ്ങൾക്ക് നൽകുന്ന സന്തോഷം ചെറുതല്ലെന്ന് പലരും അഭിപ്രായപ്പെട്ടു.
പുതിയ നിറങ്ങളും, സന്തോഷവും, സ്നേഹവും, ഉല്ലാസവും നൽകുന്ന വസന്തത്തിൻ്റെ വരവിനെയാണ് ഹോളി സൂചിപ്പിക്കുന്നതെന്ന് ബിപിസിഐ ചെയർമാൻ രമേഷ് ലാൽ പറഞ്ഞു. യുകെയിൽ ഇതാദ്യമായാണ് ഇത്തരത്തിലൊരു ചടങ്ങ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പലർക്കും, കോർഫെ കാസിലിലേക്കുള്ള അവരുടെ ആദ്യ സന്ദർശനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഇന്ത്യക്കാർ മാത്രമല്ല നിരവധി ബ്രിട്ടീഷ് പൗരന്മാരും പങ്കെടുത്തിരുന്നു.