Music Video : പ്രണയത്തിന്റെ മുറിവുണക്കുന്നതെങ്ങനെ; മഞ്ജരി പാടിയ മനോഹര മ്യൂസിക് വീഡിയോ
ഇന്നലെ യൂ ട്യൂബില്‍ റിലീസ് ചെയ്ത 'ചെല്ലച്ചെറു കിളിയോടൊരു പുന്നാരം ചൊല്ലാന്‍ വന്നു...' എന്നു തുടങ്ങുന്ന സംഗീത വീഡിയോ നിങ്ങളില്‍ നിറയ്ക്കുക ഈ വികാരമായിരിക്കും. പ്രണയത്തിന്റെ മുറിവുകള്‍ എന്നെങ്കിലും അനുഭവിച്ച ആര്‍ക്കും മുഖംനോക്കുന്ന കണ്ണാടിപോലെ സ്വയം കാണാനാവുന്ന വരികളും ദൃശ്യങ്ങളും.
പ്രണയം സംഘര്‍ഷങ്ങളിലൂടെ കടന്നുപോവുമ്പോള്‍ മുറിയുന്നത് രണ്ടു മനുഷ്യര്‍ മാത്രമല്ല, അവര്‍ ജീവിക്കുന്ന ലോകങ്ങള്‍ കൂടിയാണ്. പരസ്പരം മനസ്സിലാവാത്ത ഭാഷ സംസാരിക്കുന്നവരായി ഇരുവരും മാറും. പുറംലോകത്തുനിന്നും അടച്ചുപൂട്ടിയ മുറികളായി സ്വയം മുറിയും. വിശദീകരണങ്ങളോ അനുനയങ്ങളോ ഫലിക്കാത്ത വലിയ മുറിവുകള്‍ ഇടയില്‍ രൂപപ്പെടും. വിഷദത്തിന്റെ കരകളില്‍നിന്നും ദേഷ്യത്തിന്റെയും പകയുടെയും ദ്വീപുകളിലേക്ക് പതിയെ വീണുപോവും. അവിശ്വാസവും സംശയവും പ്രായോഗികചിന്തകളുമെല്ലാം വന്ന് വഴി മുടക്കും. പരസ്പരം കാണാനാവാത്ത ചില്ലുമുറികളില്‍ താമസമാക്കേണ്ടിവരും.
അന്നേരങ്ങളെ മറികടക്കാനുള്ള ഔഷധം എന്താണ്? തീര്‍ച്ചയായും അതു പ്രണയം തന്നെയാണ്. പ്രണയത്തിന്റെ നല്ല നിമിഷങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍. പ്രണയഭരിതമായ മുഹൂര്‍ത്തങ്ങളില്‍നിന്നും പറിഞ്ഞുവന്ന് ഉള്ളില്‍ കുടിയേറിയ ആനന്ദസ്മൃതികള്‍. എല്ലാ വിദ്വേഷങ്ങളെയും അലിയിച്ചുകളയാന്‍ മാത്രം ശക്തിയില്‍, അത്തരം ഓര്‍മ്മകള്‍ ഉള്ളിലുണ്ടെങ്കില്‍, നിങ്ങള്‍ക്ക് അകമേ മൂടിയ കാര്‍മേഘക്കൂട്ടില്‍നിന്നും പതിയെ മറികടക്കാനാവും. വീണ്ടും കൈകള്‍ ചേര്‍ത്തുവെച്ച് പൂര്‍ണ്ണചന്ദ്രനിലേക്ക് കണ്ണുകള്‍ നട്ടിരിക്കാനാവും. ഒരുമ്മകൊണ്ടു പൂത്തുപോയിരുന്ന പഴയ സായാഹ്‌നങ്ങളിലേക്ക്, കൊച്ചുകുട്ടികള്‍ നടത്തം പഠിക്കുന്നതു പോലെ മെല്ലെ മെല്ലെ, നടന്നുപോവാനാവും. ഉള്ളിലെ കാലുഷ്യങ്ങളില്‍നിന്നും പ്രണയത്തിനു മാത്രമാവുന്ന സാന്ത്വനങ്ങളിലേക്ക് ചെന്നുനില്‍ക്കാനാവും. വീണ്ടും പ്രണയിക്കാനാവും.
ഇന്നലെ യൂ ട്യൂബില്‍ റിലീസ് ചെയ്ത 'ചെല്ലച്ചെറു കിളിയോടൊരു പുന്നാരം ചൊല്ലാന്‍ വന്നു...' എന്നു തുടങ്ങുന്ന സംഗീത വീഡിയോ നിങ്ങളില്‍ നിറയ്ക്കുക മുകളില്‍ പറഞ്ഞ ഈ വികാരമായിരിക്കും. പ്രണയത്തിന്റെ മുറിവുകള്‍ എന്നെങ്കിലും അനുഭവിച്ച ആര്‍ക്കും മുഖംനോക്കുന്ന കണ്ണാടിപോലെ സ്വയം കാണാനാവുന്ന വരികളും ദൃശ്യങ്ങളും. ആല്‍ഫ ക്രിയേറ്റീവ്‌സ് നിര്‍മിച്ച ഈ സംഗീത വീഡിയോ പ്രണയമുറിവുകളുടെ സങ്കീര്‍ത്തനമാണ് വരികളിലൂടെയും ദൃശ്യങ്ങളിലൂടെയും ഉള്ളിലേക്ക് സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നത്.
പ്രശസ്ത പിന്നണി ഗായിക മഞ്ജരിയാണ് ഈ പ്രണയഭരിതമായ സുന്ദരഗാനം ആലപിച്ചത്. എറണാകുളം സ്വദേശിയായ തോമസ് സാമുവല്‍ ഈ പാട്ടിന് വരികളും സംഗീതവും നല്‍കി. അജ്മല്‍ ഷാജിയാണ് ഈ മനോഹര പ്രണയഗാനത്തിന് ദൃശ്യഭാഷ്യം നല്‍കിയത്. നൂബിന്‍ ജോണിയും അമൃത നായരും അഭിനയിച്ച രംഗങ്ങളെ ചാരുതയാര്‍ന്ന ഫ്രെയിമുകളിലേക്ക് പകര്‍ത്തിയത് സംഗീത് സിലീനനാണ്. പ്രവീണ്‍ ദാസാണ കലാസംവിധാനം. ഷോണ്‍ വി എബ്രഹാം എഡിറ്റിംഗ് നിര്‍വഹിച്ചു. സൗണ്ട് ഡിസൈന്‍: മണികണ്ഠന്‍ എസ്, മ്യൂസിക പ്രോഗ്രാമിംഗ് മനീഷ് ഷാജി. കൊറിയോഗ്രാഫി: സന്ദീപ് രാജു. ചമയം: വീനസ് പോള്‍. ജോസഫ് മത്തായിയും സഹാേദരന്‍ തോമസ് മത്തായിയുമാണ് നിര്‍മാതാക്കള്‍.
അസുഖബാധിതനായി കുറച്ചുനാള്‍ ചികില്‍സയിലായിരിക്കെയാണ്, എങ്ങും പോവാത്ത അവസ്ഥയില്‍ മനസ്സില്‍ ഈ പാട്ടെഴുതിയതെന്ന് രചനയും സംഗീതവും നിര്‍വഹിച്ച തോമസ് സാമുവല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. നേരത്തെയും ചില ആല്‍ബങ്ങള്‍ക്ക് വരികളെഴുതിയ തോമസ് ആ വരികള്‍ക്ക് സ്വയം സംഗീതം നിര്‍വഹിച്ചതിനു പിന്നിലും ആ കാലമുണ്ടാക്കിയ കാരണമുണ്ട്. 'പുറത്തിറങ്ങാന്‍ പറ്റില്ല, കൊവിഡ് നിയന്ത്രണങ്ങള്‍ ആയതിനാല്‍, പുറത്തുനിന്നുള്ളവര്‍ക്ക് വരാനും കഴിയില്ല, അങ്ങനെയാണ്, സ്വയം സംഗീതം നല്‍കാന്‍ തീരുമാനിച്ചത്.'-തോമസ് പറയുന്നു.
ഇനി നമുക്ക് ഈ ഗാനം കാണാം, കേള്‍ക്കാം.