ഝാർഖണ്ഡിൽ നിന്നും ബിഹാർ വരെ ട്രെയിനിൽ യാത്ര ചെയ്ത് കാള
ഒരു പാസഞ്ചർ ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടാൻ തയ്യാറായപ്പോൾ, അജ്ഞാതരായ 10-12 പേർ ട്രെയിനിൽ ഒരു കാളയുമായി കയറുകയും ട്രെയിനിൽ യാത്ര ചെയ്യുന്നവരോട് അതിനെ സാഹിബ്ഗഞ്ചിൽ ഇറക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
ഈ ലോകത്ത് വിചിത്രം എന്ന് തോന്നിക്കുന്ന പല സംഭവങ്ങളും ഉണ്ടാവാറുണ്ട്. അതിപ്പോൾ ട്രെയിനിലായാലും വിചിത്രമെന്ന് തോന്നുന്ന ചില സംഭവങ്ങളെല്ലാം ഉണ്ടാകും. ട്രെയിനിൽ മനുഷ്യരല്ലാതെ മൃഗങ്ങളും പക്ഷികളും ഒക്കെ യാത്ര ചെയ്യാറുണ്ടോ? ഉണ്ടെന്ന് പറയാതെ വയ്യ. ഒരു കാളയാണ് ട്രെയിനിൽ കയറി യാത്ര ചെയ്തത്. ഝാർഖണ്ഡിൽ നിന്നും ബിഹാർ വരെയാണ് കാള യാത്ര ചെയ്തത്. ഇതിന്റെ വീഡിയോ പിന്നീട് വൈറലായി.
മിർസ ച്യൂക്കി സ്‌റ്റേഷനിലാണ് ഈ വിചിത്രമായ കാഴ്ച കണ്ടത് എന്ന് പറയുന്നു. ഒരു പാസഞ്ചർ ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടാൻ തയ്യാറായപ്പോൾ, അജ്ഞാതരായ 10-12 പേർ ട്രെയിനിൽ ഒരു കാളയുമായി കയറുകയും ട്രെയിനിൽ യാത്ര ചെയ്യുന്നവരോട് അതിനെ സാഹിബ്ഗഞ്ചിൽ ഇറക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
എന്താണ് സംഭവിക്കുന്നത് എന്ന് യാത്രക്കാർ മനസിലാക്കിയെടുക്കും മുമ്പ് തന്നെ കാളയെ കംപാർട്‍മെന്റിൽ കെട്ടിയിട്ട് വന്നവർ ഇറങ്ങിപ്പോവുകയും ചെയ്തു. ചില യാത്രക്കാരാകട്ടെ കാളയെ കണ്ട് പേടിച്ച് അപ്പോൾ തന്നെ മറ്റ് ബോഗികളിലേക്ക് മാറിപ്പോയി. ചിലരാവട്ടെ ഈ വിചിത്രമായ ദൃശ്യം ഫോണിൽ പകർത്തി.
നേരത്തെ ഇതുപോലെ പശ്ചിമ ബംഗാളിൽ ഒരു കുതിര ട്രെയിനിൽ യാത്ര ചെയ്യുന്ന ദൃശ്യം വൈറലായിരുന്നു. ഗഫൂർ അലി മൊല്ല എന്നയാളുടെ ആയിരുന്നു കുതിര. ഇയാൾക്കെതിരെ പിന്നീട് റെയിൽവേ ആക്ട് പ്രകാരം കേസ് എടുത്തു. ദക്ഷിണ ദുർഗാപൂരിൽ നിന്ന് നേത്രയിലേക്ക് 23 കിലോമീറ്റർ ദൂരം ട്രെയിനിൽ കുതിരയുമായി യാത്ര ചെയ്യാനായിരുന്നു ഇയാളുടെ തീരുമാനം. ഒരു മത്സരത്തിൽ പങ്കെടുപ്പിച്ച ശേഷം തിരികെ കൊണ്ടുവരികയായിരുന്നു കുതിരയെ. എന്നാൽ, കുതിര ട്രെയിനിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതോട് കൂടി ഇയാൾക്കെതിരെ കേസ് എടുക്കുകയായിരുന്നു. ഉടമയെ പിന്നീട് ലോക്കൽ പൊലീസിന്റെ സഹായത്തോടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.