ലിഫ്റ്റില്‍ മൂത്രമൊഴിച്ച് ബാലന്‍, പിന്നീട് സംഭവിച്ചത്, രക്ഷിതാക്കൾക്കൊരു മുന്നറിയിപ്പെന്ന് സോഷ്യല്‍ മീഡിയ
വിമർശനം രൂക്ഷമായതോടെ കുട്ടിയുടെ മാതാപിതാക്കൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. തന്റെ മകന് ഇത്രയും ഉയരത്തിൽ മൂത്രമൊഴിക്കാൻ കഴിയില്ല എന്നായിരുന്നു കുട്ടിയുടെ പിതാവ് അന്ന് വാദിച്ചത്.
കുട്ടികളുടെ വികൃതിയെ കുറിച്ച് നമുക്കൊന്നും പറയാൻ സാധിക്കില്ല. പലപ്പോഴും ഇത്തരം കുസൃതിത്തരങ്ങൾ വലിയ അപകടങ്ങൾ വരുത്തി വയ്ക്കാറുമുണ്ട്. അത്തരത്തിൽ ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ചൈനയിൽ ഒരു ബാലൻ തനിച്ച് ലിഫ്റ്റിൽ കയറി ചെയ്ത ഒരു കുസൃതി വലിയ അപകടം ക്ഷണിച്ചുവരുത്തിയതിന്റെ ദൃശ്യങ്ങളാണ് ഇത്.
ലിഫ്റ്റിനുള്ളിൽ കയറിയ ബാലൻ കൺട്രോൾ ബട്ടണുകളിൽ മൂത്രമൊഴിക്കുന്നതോടെ ലിഫ്റ്റ് തകരാറിൽ ആവുകയും ബാലൻ അതിനുള്ളിൽ കുടുങ്ങി പോവുകയും ചെയ്യുന്നു. ലിഫ്റ്റിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇങ്ങനെയാണ്, ഒരു ബാലൻ ഒറ്റയ്ക്ക് ലിഫ്റ്റിനുള്ളിലേക്ക് കയറുന്നു. ലിഫ്റ്റിന്റെ ഡോറുകൾ അടഞ്ഞ് അല്പസമയം കഴിഞ്ഞപ്പോൾ അവൻ കൺട്രോൾ പാനലിൽ മൂത്രമൊഴിക്കുന്നു. അതോടെ ലിഫ്റ്റ് തകരാറിലാകുന്നു. പരിഭ്രാന്തിയിൽ, മൂത്രത്തിൽ പൊതിഞ്ഞ ബട്ടണുകളിൽ അവൻ ഭ്രാന്തമായി അമർത്തുന്നു. അതോടെ ഷോർട്ട് സർക്യൂട്ട് സംഭവിച്ച് ലിഫ്റ്റിലെ ലൈറ്റുകളും അണയുന്നു.
ചൈനയിലെ പൊതുസുരക്ഷാ മന്ത്രാലയം പങ്കിട്ട ഈ വീഡിയോ 2018 -ൽ ചൈനയിൽ നടന്ന ഒരു സംഭവത്തിന്റെതാണെങ്കിലും ഇന്നും വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ്. കുട്ടികളുടെ സുരക്ഷയിൽ മാതാപിതാക്കൾ സ്വീകരിക്കേണ്ട കരുതലും മേൽനോട്ടവും എത്രത്തോളം വലുതാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ വീഡിയോ. സംഭവം ഏറെ ചർച്ചയായതിനെ തുടർന്ന് കുട്ടിയെ സുരക്ഷിതനായി രക്ഷപ്പെടുത്തിയതായി അന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എങ്കിലും വീഡിയോ വീണ്ടും വൈറലാകുമ്പോൾ കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
എന്നാൽ, അന്ന് വിമർശനം രൂക്ഷമായതോടെ കുട്ടിയുടെ മാതാപിതാക്കൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. തന്റെ മകന് ഇത്രയും ഉയരത്തിൽ മൂത്രമൊഴിക്കാൻ കഴിയില്ല എന്നായിരുന്നു കുട്ടിയുടെ പിതാവ് അന്ന് വാദിച്ചത്. പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഏതായാലും ദൃശ്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ പേരന്റിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായി ബന്ധപ്പെട്ട് വലിയ ചർച്ചയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: