911 -ലേക്ക് കോൾ, വീട്ടിലെത്തി കുട്ടിയുടെ ആവശ്യം കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ പൊലീസ്
പൊലീസ് ഓഫീസർ വീട്ടിലെ സ്ത്രീയോട് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. തങ്ങൾക്ക് 911 -ലേക്ക് ഒരു കോൾ വന്നു എന്നും അതിനാലാണ് എത്തിയത് എന്നും ഓഫീസർ പറയുന്നുണ്ട്.
ദിവസവുമെന്നോണം വളരെ വ്യത്യസ്തങ്ങളായ അനേകം വീഡിയോകൾ നാം സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. അതുപോലെ ഒരു വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഫ്ലോറിഡയിലെ ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസും ഫേസ്ബുക്കിൽ പങ്കു വച്ചു. അനേകം പേരുടെ ശ്രദ്ധയാകർഷിച്ചതായിരുന്നു ആ വീഡിയോ.
നമുക്കറിയാം, എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാൽ വിളിക്കാൻ ഓരോ സ്ഥലത്തും ഓരോ എമർജൻസി നമ്പർ കാണും. അബദ്ധത്തിൽ അങ്ങോട്ട് കോളുകൾ പോകുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. അതുപോലെ ഒരു ദിവസം ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസിലേക്കും ഒരു കോൾ വന്നു. എമർജൻസി നമ്പറായ 911 -ലേക്കാണ് കോൾ വന്നത്. പിന്നാലെ ഒരു പൊലീസ് ഓഫീസർ ലൊക്കേഷനിൽ എത്തുകയും ചെയ്തു.
പൊലീസ് ഓഫീസർ വീട്ടിലെ സ്ത്രീയോട് സംസാരിക്കുന്നത് വീഡിയോയിൽ കാണാം. തങ്ങൾക്ക് 911 -ലേക്ക് ഒരു കോൾ വന്നു എന്നും അതിനാലാണ് എത്തിയത് എന്നും ഓഫീസർ പറയുന്നുണ്ട്. സ്ത്രീ തനിക്ക് അറിയില്ല തന്റെ മകനോട് ചോദിച്ച് നോക്കട്ടെ എന്ന് തിരിച്ച് പറയുന്നു. പിന്നീട്, അവർ തന്റെ ചെറിയ മകനെ വിളിക്കുകയാണ്. അവൻ എത്തിയതും താൻ 911 -ലേക്ക് വിളിച്ചു എന്ന് സമ്മതിച്ചു. അവന് ഒരു ആവശ്യവുമുണ്ടായിരുന്നു, അവന് പൊലീസ് ഓഫീസറെ കെട്ടിപ്പിടിക്കണം. ഇതുകേട്ട ഓഫീസർ കുട്ടിയെ കെട്ടിപ്പിടിക്കുകയും ചെയ്തു.
എന്നാൽ, പിന്നീട് എമർജൻസി നമ്പർ എന്തിന് വേണ്ടിയുള്ളതാണ് എന്ന് കൂടി അദ്ദേഹം കുട്ടിക്ക് പറഞ്ഞു കൊടുത്തു. നിങ്ങൾക്കോ നിങ്ങളുടെ അടുത്തുള്ള ആർക്കെങ്കിലുമോ എന്തെങ്കിലും സംഭവിച്ചാൽ പെട്ടെന്ന് വിളിക്കാനുള്ള നമ്പറാണ് ഇത് എന്നായിരുന്നു എന്നും അദ്ദേഹം കുട്ടിയോട് പറഞ്ഞു. പിന്നീട്, ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസ് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയായിരുന്നു.
വായിക്കാം: 'ടോം ആൻഡ് ജെറി' കാണുന്ന കുട്ടിപ്പൂച്ച ചെയ്തത് കണ്ടാൽ ആരായാലും ചിരിച്ച് പോവും; വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: