കാട്ടിലൂടെ ഓടിനടക്കുന്ന 'ദിനോസർ കുഞ്ഞുങ്ങൾ'; സോഷ്യൽ മീഡിയയിൽ ഭീതി പടർത്തിയ വീഡിയോ
വീഡിയോ വൈറൽ ആയതോടെ വീണ്ടുമൊരു ദിനോസർ യുഗമോ എന്ന രീതിയിലുള്ള ചർച്ചകൾ പോലും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
കാഴ്ചക്കാരിൽ ആശങ്ക പരത്തി ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കാട്ടിലൂടെ ഓടിനടക്കുന്ന ദിനോസർ കുഞ്ഞുങ്ങളെ പോലെ തോന്നിക്കുന്ന ജീവികളുടെ വീഡിയോയാണ് ഇത്. വീഡിയോ കണ്ട് നിരവധി ആളുകളാണ് ആശങ്കയോടെ ഈ ദൃശ്യങ്ങൾ എവിടെ നിന്നുള്ളതാണ് എന്ന ചോദ്യവുമായി എത്തിയത്.
ട്വിറ്ററിൽ വീഡിയോ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ ഏഴര ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്. കൗതുകകരമായ വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യുന്ന Buitengebieden എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോയും വന്നത്.
വീഡിയോ വൈറൽ ആയതോടെ വീണ്ടുമൊരു ദിനോസർ യുഗമോ എന്ന രീതിയിലുള്ള ചർച്ചകൾ പോലും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. എന്നാൽ, ഇതിനിടയിലാണ് ഈ വീഡിയോയുടെ യഥാർത്ഥ വസ്തുത പുറത്തുവന്നത്. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ കാണുന്നത് വളരെ വേഗത്തിൽ ഏതാനും ദിനോസർ കുഞ്ഞുങ്ങൾ ഓടുന്നതാണ്. എന്നാൽ, യഥാർത്ഥത്തിൽ ഇത് ഒരു റിവേഴ്സ് വീഡിയോ ആയിരുന്നു എന്നതാണ് സത്യം.
അതായത് ഒരു കൂട്ടം കോട്ടി ഇനത്തിൽപ്പെട്ട ജീവികൾ ഓടുന്നതിന്റെ റിവേഴ്സ് വീഡിയോ ആയിരുന്നു ഇത്. അവയുടെ നീളമുള്ള വാലുകളാണ് ദിനോസറുകളുടെ കഴുത്തിനോട് സാമ്യം തോന്നിപ്പിച്ചത്. ഇവയുടെ ചെറിയ തല ആകട്ടെ ദിനോസറുകളുടെ വാലിന്റെ പ്രതീതിയും കാഴ്ചക്കാരിൽ ഉണ്ടാക്കി.
കുരങ്ങാണെന്ന് എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്ന കോട്ടി അമേരിക്കയിലാണ് കൂടുതലായും കാണപ്പെടുന്നത്. ഈ ജീവികൾക്ക് പന്നികളുടേതിന് സമാനമായ പേശീബലമുള്ള മൂക്കും, റാക്കൂണിന്റെ വാൽ, കുരങ്ങിന്റെ മരം കയറാനുള്ള കഴിവ് എന്നിവയുമുണ്ട്. ആരോ തമാശയ്ക്ക് ചെയ്ത ഈ വീഡിയോ ഏതായാലും സോഷ്യൽ മീഡിയയിൽ വലിയ ആശയ കുഴപ്പത്തിനാണ് വഴി തുറന്നത്.