എടിഎം കൗണ്ടറിൽ നിന്നും പണം പിൻവലിച്ചപ്പോൾ കിട്ടിയത് കുട്ടികളുടെ ബാങ്കിലെ നോട്ട്; അതേത് ബാങ്കെന്ന് ഇടപാടുകാര്‍
ഗാന്ധിജിയുടെ പടം ഉൾപ്പടെയുള്ള നോട്ടിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് എഴുതിയിരിക്കുന്നത്. കൂടാതെ ഫുൾ ഓഫ് ഫൺ എന്നും നോട്ടിൽ എഴുതിയിട്ടുണ്ട്.
എടിഎം മെഷീനുകളുമായി ബന്ധപ്പെട്ട് പലതരം തിരിമറികളുടെയും തട്ടിപ്പുകളുടെയും വാർത്ത ദിനംപ്രതി പുറത്ത് വരാറുണ്ട്. എന്നാൽ, ഇത്തരത്തിൽ ഒരു വാർത്ത ഇതാദ്യമായിരിക്കും. എടിഎം മെഷീനിൽ നിന്നും പണം പിൻവലിക്കാനായി കാർഡ് ഇട്ടതിനു ശേഷം കാത്തിരുന്ന ഇടപാടുകാർക്ക് കിട്ടിയ വ്യാജ നോട്ടുകൾ കണ്ട് അമ്പരന്നു നിൽക്കുകയാണ് ബാങ്ക് ഉദ്യോഗസ്ഥരും പൊലീസുകാരും. കാരണം ഇടപാടുകാർക്ക് കിട്ടിയ നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആയിരുന്നില്ല. പിന്നെ ഏതാണെന്നോ? ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യയുടേത്. അത് ഏതു ബാങ്ക് ആണെന്നാണ് ഇപ്പോൾ പൊലീസുകാരുടെയും ബാങ്ക് ജീവനക്കാരുടെയും സംശയം.
ഉത്തർപ്രദേശിലെ അമേതിയിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. അമേത്തിയിലെ ഒരു എടിഎം കൗണ്ടറിൽ പണം എടുക്കാൻ ആയാണ് ഒരു ഇടപാടുകാരൻ എത്തിയത്. സാധാരണ പോലെ അയാൾ എടിഎം കാർഡ് മെഷീനുള്ളിൽ ഇട്ട് പിൻവലിക്കാനുള്ള തുക അടിച്ചു കൊടുത്തു. അപ്പോൾ സീക്രട്ട് പിൻ ചോദിച്ചു. അദ്ദേഹം അതും അടിച്ചു കൊടുത്തു. ശേഷം പണം എടുക്കാൻ ആയി കാത്തുനിന്നു. മെഷീനിൽ നിന്നും പണം എടുത്ത് ചെക്ക് ചെയ്തപ്പോഴാണ് തനിക്ക് കിട്ടിയ നോട്ടുകളിൽ ചിലത് വ്യാജനാണെന്ന് ഇടപാടുകാരന് മനസ്സിലായത്.
ഗാന്ധിജിയുടെ പടം ഉൾപ്പടെയുള്ള നോട്ടിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് എഴുതിയിരിക്കുന്നത്. കൂടാതെ ഫുൾ ഓഫ് ഫൺ എന്നും നോട്ടിൽ എഴുതിയിട്ടുണ്ട്. മെഷീന്റെ അകത്ത് നിന്നും ലഭിച്ച 200 രൂപയുടെ നോട്ടിലാണ് ഇത്തരത്തിൽ തിരിമറി നടത്തിയിരിക്കുന്നത്. ആരെങ്കിലും തമാശയ്ക്ക് ചെയ്തതായിരിക്കാം എന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ ഉൾപ്പടെ ഉള്ളവരുടെ പ്രാഥമിക നിരീക്ഷണം. എന്നാൽ ഈ നോട്ട് എങ്ങനെ എടിഎം മെഷീന്റെ ഉള്ളിൽ വന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. ഏതായാലും സംഗതി കുട്ടിക്കളിയായി കണ്ട് തള്ളിക്കളയാൻ പൊലീസ് തയ്യാറല്ല. ഇതുമായി ബന്ധപ്പെട്ട ആളുകളെ ഉടൻ കണ്ടെത്തി തക്കതായ ശിക്ഷ വാങ്ങി നൽകാനാണ് പൊലീസിന്റെ തീരുമാനം.