സൈറൺ മുഴക്കി പാഞ്ഞുവന്ന ആംബുലൻസ് നിർത്തിയത് ഭക്ഷണശാലയുടെ മുന്നിൽ, പോസ്റ്റുമായി തെലങ്കാന ഡിജിപി
തെലങ്കാന ഡിജിപി അഞ്ജനി കുമാർ ഐപിഎസ്സാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. പ്രസ്തുത വീഡിയോയിൽ, ആശുപത്രിയിലേക്ക് പോകുന്നതിനുപകരം ലഘുഭക്ഷണ ശാലയിൽ ആംബുലൻസ് നിർത്തുന്നത് കാണാം.
ആംബുലൻസിന്റെ സൈറൺ മുഴക്കിയുള്ള വരവ് കാണുമ്പോൾ മാറിക്കൊടുക്കാത്തവർ മനുഷ്യരല്ല എന്ന് നമുക്ക് തോന്നും. കാരണം, ഒരു ജീവൻ രക്ഷിക്കാനുള്ള പാച്ചിലുകളാണ് സൈറൺ മുഴക്കി കൊണ്ടുള്ള ഓരോ ആംബുലൻസിന്റെയും കടന്നു വരവ്. അതിനാൽ തന്നെ ആംബുലൻസിന് വേണ്ടി വഴി മാറിക്കൊടുക്കാറുണ്ട് നമ്മൾ ഓരോരുത്തരും. എന്നാൽ, അതുപോലെ തന്നെ ആ സൈറൺ ദുരുപയോഗം ചെയ്യുന്നവരും ഉണ്ട് എന്ന് വേണം പറയാൻ. ഒരു കാര്യവും ഇല്ലാതെ അവനവന്റെ ആവശ്യത്തിന് വേണ്ടി ഇങ്ങനെ ഒച്ചയുണ്ടാക്കിപ്പായുന്ന ആംബുലൻസിന്റെ ഡ്രൈവറെ എന്ത് വേണം?
അതുപോലെ ഒരു സംഭവം കഴിഞ്ഞ ദിവസം ഹൈദ്രാബാദിലും ഉണ്ടായി. ഒച്ചയുണ്ടാക്കി കുതിച്ചുവന്ന ആംബുലൻസ് നിർത്തിയത് ഒരു ഭക്ഷണക്കടയുടെ മുന്നിലാണ്. എന്നിട്ട് ഡ്രൈവർ അവിടെയിറങ്ങി സ്നാക്ക്സും വാങ്ങി. ഹൈദരാബാദിലെ തിരക്കേറിയ ബഷീർബാഗ് ജംഗ്ഷനിലാണ് തിങ്കളാഴ്ച വൈകുന്നേരം സംഭവം നടന്നത്. ഒരു സ്വകാര്യ ആശുപത്രിയുടെ ആംബുലൻസ് ഡ്രൈവർ സൈറൺ ദുരുപയോഗം ചെയ്യുകയും ഒടുവിൽ ലഘുഭക്ഷണം കഴിക്കുന്നതിന് വേണ്ടി ഒരു ഭക്ഷണശാലയുടെ മുന്നിൽ ആംബുലൻസ് നിർത്തുകയും ചെയ്യുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
തെലങ്കാന ഡിജിപി അഞ്ജനി കുമാർ ഐപിഎസ്സാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. പ്രസ്തുത വീഡിയോയിൽ, ആശുപത്രിയിലേക്ക് പോകുന്നതിനുപകരം ലഘുഭക്ഷണ ശാലയിൽ ആംബുലൻസ് നിർത്തുന്നത് കാണാം. ഒപ്പം ഡ്രൈവർ ഒരു ഫ്രൂട്ട് ജ്യൂസുമായി നിൽക്കുന്നതും കാണാം. നഴ്സിന് സുഖമില്ല എന്ന് ഇയാൾ പറയുന്നതും കേൾക്കാം. ട്രാഫിക് പൊലീസ് പറയുന്നത് ആംബുലൻസിന് പോകാൻ വേണ്ടി താൻ ട്രാഫിക് ക്ലിയർ ചെയ്തിരുന്നു. ആർക്കോ അസുഖമായി പോവുകയാണ് എന്ന് കരുതിയാണ് അത് ചെയ്തത് എന്നാണ്.
എന്നാൽ, ആംബുലൻസ് ഡ്രൈവർ ഭക്ഷണശാലയിൽ നിർത്തിയതോടെ ഉന്നതാധികാരികളോട് ഈ സംഭവത്തെ കുറിച്ച് പരാതിപ്പെടും എന്ന് ട്രാഫിക് പൊലീസ് അറിയിക്കുകയും ചെയ്തു. ഒപ്പം തന്നെ ആംബുലൻസുമായി പോകുമ്പോൾ പാലിക്കേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ചും ഡിജിപി അഞ്ജനി കുമാർ ഐപിഎസ് തന്റെ പോസ്റ്റിൽ സൂചിപ്പിച്ചു.