Viral Video : തിരക്കുള്ള റോഡിന്റെ ഒത്ത നടുക്ക് ഒരു വിമാനം വന്നിറങ്ങിയപ്പോള്‍!

 വിന്‍സെന്റിന് കഴിഞ്ഞ വര്‍ഷം മാത്രമാണ് പൈലറ്റ് ലൈസന്‍സ് കിട്ടിയത്. 100 മണിക്കൂറില്‍ താഴെ മാത്രമാണ് അദ്ദേഹം പറന്നിട്ടുള്ളത്. 

Aircraft makes emergency landing on busy North carolina four line Highway

വിമാനങ്ങള്‍ റണ്‍വേയില്‍ വന്നിറങ്ങുന്ന നിരവധി വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ റോഡിന് ഒത്തനടുവിലാണ് വിമാനം വന്നിറങ്ങുന്നതെങ്കിലോ? പെട്ടത് തന്നെ അല്ലെ? 

പക്ഷേ കഴിഞ്ഞ ആഴ്ച്ച അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ അത്തരം ഒരു സംഭവം നടന്നു. സാങ്കേതിക തകരാറു മൂലം പൈലറ്റിന് ഒരു ഹൈവേയുടെ ഒത്തനടുക്ക് വിമാനം ഇറക്കേണ്ടി വന്നു.  അതും കാറുകള്‍ ചറപറ പോയ്‌കൊണ്ടിരിക്കുന്ന തിരക്കേറിയ ഒരു റോഡിലാണ് അദ്ദേഹം വിമാനം സുരക്ഷിതമായി കൊണ്ട് വന്നിറക്കിയത്. ജൂലൈ മൂന്നിനായിരുന്നു സംഭവം.  

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫ്‌ലോറിഡയില്‍ നിന്നുള്ള വിന്‍സെന്റ് ഫ്രേസര്‍ എന്നയാളാണ് വിമാനം പറത്തിയിരുന്നത്. അദ്ദേഹത്തിനോടപ്പം അദ്ദേഹത്തിന്റെ അമ്മായിയച്ഛനുമുണ്ടായിരുന്നു. സൈ്വന്‍ കൗണ്ടിയിലെ ഫോണ്ടാന തടാകത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. 

സ്വയിന്‍ കൗണ്ടിക്ക് മുകളിലൂടെ പറന്നു കൊണ്ടിരിക്കുമ്പോള്‍ വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായി. വിമാനത്തിന് ഒറ്റ എന്‍ജിന്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്‍ജിന്റെ പ്രവര്‍ത്തനം നിലക്കാന്‍ പോകുന്നുവെന്ന് ബോധ്യമായതോടെ വിന്‍സെന്റ് ഇത് സുരക്ഷിതമായി ഇറക്കാനുള്ള വഴികള്‍ തേടി. എന്നാല്‍ അത് ഒട്ടും എളുപ്പമായിരുന്നില്ല. കാറോ മറ്റോ ആണെങ്കില്‍, പിന്നെയും എന്തെങ്കിലും ചെയ്യാം എന്നാല്‍ ഇത് വിമാനമാണ്. എന്ത് ചെയ്യുമെന്നറിയാതെ അദ്ദേഹം ആകെ പരിഭ്രമിച്ചു. 

അപ്പോഴാണ് നോര്‍ത്ത് കരോലിനയിലെ ഒരു നാലുവരി പാത അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹം അവിടെ വിമാനം ഇറക്കാന്‍ തുനിഞ്ഞു.

എന്നാല്‍ അത് എത്രത്തോളം അപകടം നിറഞ്ഞ ഒരു തീരുമാനമായിരുന്നുവെന്ന് വീഡിയോ കണ്ടാല്‍ നമുക്ക് മനസിലാകും. ഒന്നാമതായി വളഞ്ഞും, പുളഞ്ഞുമുള്ള റോഡിന്റെ കിടപ്പ്, രണ്ട് റോഡിന്റെ ഇരുവശത്തുമുള്ള വൈദ്യുത കമ്പികളും, മരങ്ങളും. ഇതൊന്നും പോരെങ്കില്‍ ഹൈവേയിലൂടെ പാഞ്ഞു വരുന്ന കാറുകള്‍. എല്ലാം കൊണ്ടും ശ്രദ്ധ ഒന്ന് പാളിപ്പോയാല്‍, കണക്ക് കൂട്ടല്‍ ഒന്ന് പിഴച്ചാല്‍ തീര്‍ന്നു. ഉയരത്തില്‍ നിന്ന് നോക്കുമ്പോള്‍ ഹൈവേയിലൂടെ വാഹനങ്ങള്‍ ഇടത്തടവില്ലാതെ പോകുന്നത് വീഡിയോവില്‍ കാണാം. വിമാനം പതുക്കെ റോഡിലേക്ക് അദ്ദേഹം അടുപ്പിച്ചു.  

എന്നാല്‍ കാറുകള്‍ മാത്രമുള്ള ആ റോഡിന്റെ നടുക്ക് ഒട്ടും പ്രതീക്ഷിക്കാതെ ഒരു വിമാനം കണ്ട ആളുകള്‍ ഭയന്നു. പരിഭ്രമിച്ച് കാറുകള്‍ സൈഡിലേയ്ക്ക് ഒതുക്കാന്‍ അവര്‍ ശ്രമിക്കുന്നതും വീഡിയോവില്‍ കാണാമായിരുന്നു. എന്തായാലും അപകടം ഒന്നും കൂടാതെ സുരക്ഷിതമായി വിമാനം ഇറക്കാന്‍ അദ്ദേഹത്തിന് ഒടുവില്‍ സാധിച്ചു. 

അദ്ഭുതമെന്തെന്നാല്‍ വിന്‍സെന്റിന് കഴിഞ്ഞ വര്‍ഷം മാത്രമാണ് പൈലറ്റ് ലൈസന്‍സ് കിട്ടിയത്. 100 മണിക്കൂറില്‍ താഴെ മാത്രമാണ് അദ്ദേഹം പറന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ അദ്ദേഹം ഇത്ര വിദഗ്ധമായി വിമാനം കൈകാര്യം ചെയ്യുന്നത് കണ്ട് ആളുകള്‍ അത്ഭുതപ്പെട്ടു. 

വിമാനം ഇറക്കുന്നതിന്റെ വീഡിയോ സ്വയിന്‍ കൗണ്ടി ഷെരീഫ് ഓഫീസ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. പൈലറ്റിന്റെ കോക്ക്പിറ്റില്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.  

Latest Videos
Follow Us:
Download App:
  • android
  • ios