30 വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ട അധ്യാപികയെ വിമാനത്തിനുള്ളിൽ കണ്ട ഫ്ലൈറ്റ് അറ്റൻഡന്റ് ചെയ്തത്
വിമാനത്തിനുള്ളിലെ മുഴുവൻ യാത്രക്കാർക്കും മുൻപിലും തൻറെ ജീവിതത്തിൽ പ്രിയപ്പെട്ട അധ്യാപിക ചെലുത്തിയ സ്വാധീനത്തെ കുറിച്ച് വാചാലയായതിനുശേഷമാണ് അവർ വിമാനത്തിന്റെ മധ്യഭാഗത്തായി ഇരിക്കുന്ന അധ്യാപികയ്ക്കരികിലേക്ക് ഇരുകൈകളും നീട്ടിപ്പിടിച്ച് ഓടിയത്.
ഒരു നല്ല അധ്യാപകൻ നിങ്ങളുടെ ജീവിതത്തെ അക്ഷരാർത്ഥത്തിൽ മാറ്റും എന്നതിൽ സംശയമില്ല. ഒരു കുട്ടിയുടെ ജീവിതത്തിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വിദ്യാർത്ഥികൾ അവരുടെ ജീവിതകാലം മുഴുവൻ തങ്ങളിൽ സ്വാധീനം ചെലുത്തിയ അധ്യാപകരെ ഓർക്കുന്നു. എല്ലാവരുടെ ജീവിതത്തിലും കാണും അവർ ഹൃദയത്തോട് ചേർത്തുവച്ചിരിക്കുന്ന ഒരു അധ്യാപകൻ. എത്രയൊക്കെ ഉയരങ്ങളിൽ എത്തിയാലും വീണ്ടും ആ അധ്യാപകന്റെ സ്നേഹച്ചൂടിലേക്ക് ഓടിയെത്താൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി എല്ലാവരിലും ഉണ്ടാകും. അത്തരത്തിലൊരു മഹനീയ നിമിഷത്തിന് കഴിഞ്ഞദിവസം സോഷ്യൽ മീഡിയ സാക്ഷിയായി.
ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് ആണ് നീണ്ട 30 വർഷങ്ങൾക്ക് ശേഷം തൻറെ പ്രിയപ്പെട്ട അധ്യാപികയെ അവിചാരിതമായി നേരിൽ കണ്ടപ്പോൾ പരിസരം മറന്ന് അധ്യാപികയുടെ അരികിലേക്ക് ഓടി ചെന്നത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ മനോഹര ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
വിമാനത്തിനുള്ളിലെ മുഴുവൻ യാത്രക്കാർക്കും മുൻപിലും തൻറെ ജീവിതത്തിൽ പ്രിയപ്പെട്ട അധ്യാപിക ചെലുത്തിയ സ്വാധീനത്തെ കുറിച്ച് വാചാലയായതിനുശേഷമാണ് അവർ വിമാനത്തിന്റെ മധ്യഭാഗത്തായി ഇരിക്കുന്ന അധ്യാപികയ്ക്കരികിലേക്ക് ഇരുകൈകളും നീട്ടിപ്പിടിച്ച് ഓടിയത്. ആരാണ് അവളുടെ പ്രിയപ്പെട്ട ടീച്ചർ എന്നറിയാൻ വിമാനത്തിലുള്ള യാത്രക്കാരെല്ലാം ആകാംക്ഷയോടെ നോക്കുന്നതും വീഡിയോയിൽ കാണാം. ടീച്ചർ അവളെ തിരിച്ചറിയില്ല എന്ന് വീഡിയോയിൽ പലരും പറയുന്നുണ്ടെങ്കിലും തൻറെ പ്രിയപ്പെട്ട ശിഷ്യയെ കണ്ടപ്പോൾ അധ്യാപികയും ഇരുകൈകളും നീട്ടി അവളെ ആലിംഗനം ചെയ്തു. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരും കയ്യടികളോടെയാണ് ഈ സുന്ദര മുഹൂർത്തത്തിന് സാക്ഷികളായത്.
വിമാനത്തിനുള്ളിലെ മറ്റൊരു ജീവനക്കാരനാണ് വീഡിയോ പകർത്തിയത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ ഓർത്തുകൊണ്ട് കമന്റുകൾ ഇട്ടത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ഈ വീഡിയോ നിരവധി ആളുകൾ ആണ് കാണുകയും ഷെയർ ചെയ്യുകയും ചെയ്തത്.