മലയാളത്തിൽ വിവാഹപ്രതിജ്ഞ ചൊല്ലി ആഫ്രിക്കൻ-അമേരിക്കൻ വരൻ, കണ്ണ് നിറഞ്ഞ് വധു

'ഞാൻ എന്റെ ഭാര്യയെ കണ്ടുപിടിച്ചു. എന്റെ നിധി കണ്ടുപിടിച്ചു. എനിക്ക് ഇന്ന് ദൈവത്തിന്റെ കൃപ കിട്ടി. ഞാൻ നിന്നെ സ്‌നേഹിക്കുന്നു' എന്നതായിരുന്നു അദ്ദേഹം പറഞ്ഞ വാചകങ്ങൾ.

african american man recites vows in Malayalam

വിദേശികൾ മലയാളം പറയുന്ന നിരവധി വീഡിയോകളുണ്ട്. എന്നാൽ, വിവാഹ സമയത്ത് ഒരു ആഫ്രിക്കൻ അമേരിക്കനായ വരൻ മലയാളത്തിൽ വിവാഹ പ്രതിജ്ഞ ചൊല്ലുന്ന ഒരു വീഡിയോയാണ് ഇപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. അടുത്തിടെ അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ നടന്ന മനോഹരമായ ചടങ്ങിലാണ് വരൻ വധുവിനോട് മലയാളത്തിൽ സംസാരിച്ചത്. ജെനോവ ജൂലിയനും, ഡെൻസൺ എ പ്രയറുമാണ് വിവാഹിതരായത്. മനോഹരമായ വിവാഹ വസ്ത്രത്തിൽ ദമ്പതികൾ അൾത്താരയിൽ നിൽക്കുമ്പോഴായിരുന്നു ഡെൻസണിന്റെ  വികാരഭരിതമായ പ്രസംഗം. മലയാളത്തിലുള്ള തന്റെ പങ്കാളിയുടെ വിവാഹ പ്രതിജ്ഞ കേട്ട് ജെനോവയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ആലപ്പുഴക്കാരിയായ ജെനോവ അമേരിക്കയിൽ സ്ഥിര താമസമാണ്. തന്റെ ഭർത്താവിന്റെ ഈ രസകരമായ വീഡിയോ അവളാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ആഫ്രിക്കൻ വംശജനായ ഭർത്താവ് ഡെൻസൺ എ പ്രയർ വിവാഹ ദിവസം ഇംഗ്ലീഷിലാണ് സംസാരിച്ച് തുടങ്ങിയതെങ്കിലും, എല്ലാവരെയും അത്ഭുതപ്പെടുകൊണ്ട് പെട്ടെന്ന് മലയാളത്തിലേയ്ക്ക് മാറുകയായിരുന്നു. അഞ്ച് വർഷക്കാലം അവർ പ്രണയത്തിലായിരുന്നു. "എന്റെ ഭർത്താവ് തന്റെ വിവാഹ പ്രതിജ്ഞയുടെ ഒരു ഭാഗം എന്റെ മാതൃഭാഷയായ മലയാളത്തിൽ പഠിക്കുകയും പറയുകയും ചെയ്തു. ഞാൻ കുറെ കരഞ്ഞു" എന്നായിരുന്നു ആ വീഡിയോയ്ക്ക് അവൾ അടിക്കുറിപ്പ് നൽകിയത്. 

ഭാര്യയോടൊപ്പം അൾത്താരയിൽ നിൽക്കുമ്പോൾ വരൻ ഡാൻസൽ ഫോണിൽ നോക്കി വായിക്കുന്ന വീഡിയോ ഇപ്പോൾ വൈറലാകുന്നു. "ഞാൻ ഇവിടെ കുറച്ച് മലയാളം സംസാരിക്കാൻ പോകുന്നു" എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രതിജ്ഞകൾ മലയാളത്തിൽ വായിക്കാൻ തുടങ്ങിയത്. ഓരോ വരികൾ വായിക്കുമ്പോഴും അദ്ദേഹം അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു ബാക്കിയുള്ളവർക്ക് പറഞ്ഞു കൊടുത്തു.  

'ഞാൻ എന്റെ ഭാര്യയെ കണ്ടുപിടിച്ചു. എന്റെ നിധി കണ്ടുപിടിച്ചു. എനിക്ക് ഇന്ന് ദൈവത്തിന്റെ കൃപ കിട്ടി. ഞാൻ നിന്നെ സ്‌നേഹിക്കുന്നു' എന്നതായിരുന്നു അദ്ദേഹം പറഞ്ഞ വാചകങ്ങൾ. അദ്ദേഹം അത് പറഞ്ഞു കഴിഞ്ഞതും സദസ്സ് നിറഞ്ഞ കൈയ്യടിയോടെ അദ്ദേഹത്തെ അഭിനന്ദിച്ചു. ജെനോവയുടെ ബന്ധുക്കളും സുഹൃത്തുക്കളും സന്തോഷത്തോടെ അതെല്ലാം കേട്ടിരുന്നു. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഓൺലൈനിൽ ആളുകൾ ദമ്പതികൾക്ക് ആശംസകൾ നേർന്നു. ഒപ്പം അദ്ദേഹത്തെ ഈ ഉദ്യമത്തിൽ അഭിനന്ദിക്കുകയും ചെയ്തു. 'ഏറ്റവും പ്രയാസമേറിയ ഭാഷ എന്നറിയപ്പെടുന്ന മലയാളം, വ്യക്തതയോടെ ലളിതമായി സംസാരിക്കുന്നു. അടിപൊളി' ഒരു ഉപയോക്താവ് എഴുതി.

Latest Videos
Follow Us:
Download App:
  • android
  • ios