Yogita Satav : ഡ്രൈവർ തളർന്നുവീണപ്പോൾ വളയം പിടിച്ച് ജീവൻ രക്ഷിച്ച വനിത, യോഗിത പരസ്യചിത്രത്തിലും
അവൾക്ക് ആദ്യം ഭയം തോന്നിയെങ്കിലും റോഡിലൂടെ മുന്നോട്ട് നീങ്ങിയപ്പോൾ അവൾക്ക് ആത്മവിശ്വാസമായി. മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ശിക്രപൂർ ടൗണിലെ ആശുപത്രിയിലേക്ക് വളരെ പ്രയാസപ്പെട്ട് അവൾ വാഹനം ഓടിച്ചെത്തി. ആ സ്ത്രീയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായത്.
ഈ വർഷം ജനുവരിയിൽ ഒരു ബസ് ഡ്രൈവറുടെ ജീവൻ രക്ഷിച്ച യോഗിത സതവ്(Yogita Satav) എന്ന 42 -കാരിയുടെ ധീരതയുടെ കഥ വാർത്തകളിൽ ഇടം നേടിയിരുന്നു. വണ്ടി ഓടിച്ചുകൊണ്ടിരുന്ന ഡ്രൈവർ അബോധാവസ്ഥയിലായതിനെ തുടർന്ന് ബസിലെ ഒരു യാത്രിയകയായ പൂനെയിൽ നിന്നുള്ള യോഗിത ബസിന്റെ നിയന്ത്രണം ഏറ്റെടുത്തു, അതും ആദ്യമായി. പിന്നീട് അവർ 10 കിലോമീറ്റർ വാഹനം ഓടിച്ച് ഡ്രൈവറെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു. ഇപ്പോൾ, അവളുടെ അസാധാരണമായ കഥ കൊട്ടക് ജനറൽ ഇൻഷുറൻസ്(Kotak General Insurance) ഒരു ഹ്രസ്വപരസ്യ ചിത്രമാക്കി മാറ്റി. അത് ഓൺലൈനിൽ വൈറലായി തീർന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഈ വർഷം ജനുവരി ഏഴിന് പൂനെയുടെ പ്രാന്തപ്രദേശത്തേക്ക് ഒരു വിനോദയാത്ര പോയ 20 സ്ത്രീകളുടെ സംഘത്തിൽ യോഗിത സതവ് ഉണ്ടായിരുന്നു. സ്ത്രീകളെ കൂടാതെ 8 കുട്ടികളും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. യാത്രാമധ്യേ, അവരുടെ മിനി ബസിന്റെ ഡ്രൈവർ എന്തോ അസ്വസ്ഥത അനുഭവപ്പെടുന്നുവെന്ന് പരാതിപ്പെട്ടു. തുടർന്ന് അദ്ദേഹം ബോധരഹിതനാവുകയും ചെയ്തു. ഇത് കണ്ട് സ്ത്രീകൾ ഭയന്ന് ഉറക്കെ നിലവിളിക്കുകയും, സഹായത്തിനായി മുറവിളി കൂട്ടുകയും ചെയ്തു. യോഗിത ഓടി ചെന്ന് ഡ്രൈവറുടെ മുഖത്ത് വെള്ളം തളിച്ചെങ്കിലും അയാൾ പ്രതികരിച്ചില്ല. ഇനി സമയമില്ലെന്ന് മനസ്സിലാക്കിയ യോഗിത വേഗം ചക്രത്തിന്റെ നിയന്ത്രണം ഏറ്റടുത്ത് മിനി ബസ് പതുക്കെ ഓടിക്കാൻ തുടങ്ങി. അവൾക്ക് ആദ്യം ഭയം തോന്നിയെങ്കിലും റോഡിലൂടെ മുന്നോട്ട് നീങ്ങിയപ്പോൾ അവൾക്ക് ആത്മവിശ്വാസമായി. മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ശിക്രപൂർ ടൗണിലെ ആശുപത്രിയിലേക്ക് വളരെ പ്രയാസപ്പെട്ട് അവൾ വാഹനം ഓടിച്ചെത്തി. ആ സ്ത്രീയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായത്.
ജനുവരിയിൽ നടന്ന സംഭവത്തിന് തൊട്ടുപിന്നാലെ യോഗിത ഇന്ത്യ ടുഡേയോട് സംസാരിച്ചിരുന്നു. ഒരു ഹെവി വാഹനം കൈകാര്യം ചെയ്യുക എന്ന ദുഷ്‌കരമായ ദൗത്യത്തെക്കുറിച്ച് അവൾ തുറന്ന് സംസാരിച്ചു. "കഴിഞ്ഞ ഇരുപത് വർഷമായി ഞാൻ മാരുതി സെലേറിയോ, ആക്‌സന്റ്, ഒമിനി വാൻ തുടങ്ങിയ ചെറിയ കാറുകൾ ഓടിക്കുന്നു. ഇതാദ്യമായാണ് ഞാൻ ഒരു വലിയ വാഹനം ഓടിക്കുന്നത്, അതും ഒരു മിനി ബസ് പോലെ ഒന്ന്" യോഗിത പറഞ്ഞു.
യോഗിതയുടെ ഈ അസാധാരണമായ കഥ കൊട്ടക് ജനറൽ ഇൻഷുറൻസ് ഇപ്പോൾ ഒരു പരസ്യമാക്കിയിരിക്കയാണ്. ജനുവരി 7 -ന് യാത്രാമധ്യേ ബസ് ഡ്രൈവർ ബോധരഹിതനായ സംഭവമാണ് പരസ്യചിത്രം പുനഃസൃഷ്ടിക്കുന്നത്. 2022 ലെ അന്താരാഷ്ട്ര വനിതാ ദിന തീമിന്റെ ഭാഗമായാണ് ഇൻഷുറൻസ് കമ്പനി 21 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ പരസ്യ ചിത്രം #DriveLikeALady (#DriveLikeALady) എന്ന ഹാഷ്‌ടാഗോടെ പുറത്തിറക്കിയിരിക്കുന്നത്. വനിതാ ഡ്രൈവർമാരുമായി ബന്ധപ്പെട്ട നെഗറ്റീവ് സ്റ്റീരിയോടൈപ്പുകൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള കമ്പനിയുടെ കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ പരസ്യം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അത് വൈറലായിരിക്കുകയാണ്. യോഗിതയെ ആളുകൾ ഒരിക്കൽ കൂടി ഓർക്കുകയും, അവളുടെ ധൈര്യത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു.