മാരത്തോണിൽ സാരി ധരിച്ച് ഓടുന്ന 80 -കാരി, വൈറലായി വീഡിയോ
എന്തുകൊണ്ടാണ് ത്രിവർണ പതാക കയ്യിൽ പിടിച്ചത് എന്ന ചോദ്യത്തിന്, ഒരു ഇന്ത്യക്കാരി ആയതിൽ താൻ അഭിമാനം കൊള്ളുന്നു എന്നും താനൊരു ഇന്ത്യക്കാരിയാണ് എന്ന് എല്ലാവരും അറിയുന്നതിന് വേണ്ടിയുമാണ് പതാക കയ്യിൽ കരുതിയത് എന്നും ഇവർ പറഞ്ഞു.
പ്രായം വെറും നമ്പറാണ് എന്ന് പറയാറുണ്ട്. അത് തെളിയിക്കുന്ന ഒരു വാർത്തയാണ് ഇത്. ടാറ്റാ മുംബൈ മാരത്തോൺ നടന്നത് കഴിഞ്ഞ ദിവസമാണ്. 55,000 ആളുകളാണ് ഇതിൽ പങ്കെടുത്തത്. പല ജോലികൾ ചെയ്യുന്ന പല തരത്തിലുള്ള ആളുകൾ അതിൽ പങ്കെടുത്തു. അതിൽ ചെറുപ്പക്കാർ മാത്രമല്ല, പല പ്രായത്തിലും ഉള്ള ആളുകൾ ഇതിൽ പങ്കെടുത്തവരിൽ ഉണ്ടായിരുന്നു. അതുപോലെ, ഭിന്നശേഷിക്കാരും പ്രായമായവരും ഒക്കെ സജീവമായി ഇതിൽ പങ്കെടുത്തു. അതിൽ തന്നെ ശ്രദ്ധാകേന്ദ്രമായിരുന്നു 80 -കാരിയായ ഒരു മുത്തശ്ശി.
ഭാരതി എന്ന 80 -കാരിയുടെ കൊച്ചുമകൾ ഡിംപിൾ മേത്ത ഫെർണാണ്ടസ് ആണ് ഇൻസ്റ്റഗ്രാമിൽ ഇവരുടെ വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ സാരി ധരിച്ച് സ്നീക്കേഴ്സിൽ ഓടുന്ന ഭാരതിയെ കാണാം. പതാകയുമായി അവർ നിൽക്കുന്ന ചിത്രങ്ങളും ഈ വീഡിയോയിൽ ഉണ്ട്. 51 മിനിറ്റ് കൊണ്ടാണ് അവർ 4.1 കിലോമീറ്റർ പൂർത്തിയാക്കിയത്.
ഞായറാഴ്ച 80 -കാരിയായ മുത്തശ്ശി മാരത്തോണിൽ പങ്കെടുത്തു എന്നും ആ ധൈര്യവും ഇച്ഛാശക്തിയും പ്രചോദിപ്പിക്കുന്നതാണ് എന്നും ഡിപിംൾ പറയുന്നുണ്ട്. വീഡിയോയിൽ ഭാരതി സംസാരിക്കുന്നതും കാണാം. അതിൽ എല്ലാ ദിവസവും താൻ ഓടാറുണ്ട് എന്നും അഞ്ചാമത്തെ തവണയാണ് മാരത്തോണിൽ ഓടുന്നത് എന്നും ഇവർ പറയുന്നു.
എന്തുകൊണ്ടാണ് ത്രിവർണ പതാക കയ്യിൽ പിടിച്ചത് എന്ന ചോദ്യത്തിന്, ഒരു ഇന്ത്യക്കാരി ആയതിൽ താൻ അഭിമാനം കൊള്ളുന്നു എന്നും താനൊരു ഇന്ത്യക്കാരിയാണ് എന്ന് എല്ലാവരും അറിയുന്നതിന് വേണ്ടിയുമാണ് പതാക കയ്യിൽ കരുതിയത് എന്നും ഇവർ പറഞ്ഞു. നല്ല ആരോഗ്യത്തിന് വേണ്ടി ഓടണം എന്ന് അവർ യുവാക്കളോട് പറഞ്ഞു.
ഏതായാലും മുത്തശി ഓടുന്ന വീഡിയോ അനവധി പേരാണ് കണ്ടത്. വലിയ പ്രചോദനമാണ് അവർ എന്ന് പലരും കമന്റ് ചെയ്തു.