ബിഹാറിൽ 42 -കാരൻ അധ്യാപകനും 20 -കാരി വിദ്യാർത്ഥിയും പ്രണയിച്ച് വിവാഹിതരായി, വിമർശിച്ച് സോഷ്യൽ മീഡിയ
എന്നാൽ, എന്തിനെയും ഏതിനെയും വിമർശിക്കുന്ന ചിലർ വരനെയും വധുവിനെയും വിമർശിച്ചു. പ്രധാന കാരണം ഇരുവരുടെയും പ്രായം തമ്മിലുള്ള വ്യത്യാസം തന്നെ ആയിരുന്നു.
പ്രണയത്തിന് യാതൊരു അതിരുകളും ഇല്ല എന്നാണ് പറയാറുള്ളത് അല്ലേ? അതുപോലെ പ്രണയിച്ച് വിവാഹിതരായ രണ്ടുപേരുടെ വിവാഹ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ കറങ്ങി നടക്കുന്നത്. ആളുകൾക്കാണെങ്കിൽ ഈ വീഡിയോയെ കുറിച്ച് ഒരുപാട് കമന്റുകളും പറയാനുണ്ട്.
ബിഹാറിൽ നിന്നുമുള്ള 42 -കാരനായ അധ്യാപകനും 20 -കാരിയായ വിദ്യാർത്ഥിനിയുമാണ് പ്രണയത്തിലായതും പിന്നാലെ വിവാഹം കഴിച്ചതും. വിവാഹത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ബീഹാറിലെ റോസ്ദ ബസാറിൽ സംഗീത് കുമാറിന്റെ അടുത്ത് ഇംഗ്ലീഷ് കോച്ചിംഗ് ക്ലാസിനായി ചെന്നതാണ് 20 -കാരിയായ ശ്വേത കുമാരി. ഇവിടെ വച്ചാണ് ഇവരുടെ പ്രണയകഥ തുടങ്ങുന്നതും.
എല്ലാ ദിവസവും കാണാൻ തുടങ്ങിയതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. എന്നാൽ, അധികം വൈകാതെ വിവാഹിതരാവാനും കാര്യങ്ങൾ ഔദ്യോഗികമാക്കാനും ആയിരുന്നു ഇരുവരുടെയും തീരുമാനം. റോസ്‍ദയിലെ താനേശ്വർ ക്ഷേത്രത്തിൽ വച്ച് വിവാഹിതരാവാനായിരുന്നു തീരുമാനം. വിവാഹിതരാവാൻ തീരുമാനിച്ചപ്പോൾ 22 വർഷത്തെ പ്രായ വ്യത്യാസമൊന്നും ഒരു തടസമായതേ ഇല്ല.
ഇരുവരും ചടങ്ങിന്റെ ഭാഗമായി കൈപിടിച്ച് വലം വയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാവുന്നത്. രണ്ടുപേരും കൈപിടിച്ച് കൊണ്ട് അഗ്നിക്ക് ചുറ്റും വലം വയ്ക്കുന്നത് വീഡിയോയിൽ കാണാം. വരനും വധുവും സാധാരണ വിവാഹങ്ങളിൽ കാണുന്നത് പോലെയുള്ള വിവാഹവസ്ത്രങ്ങളൊന്നും ധരിച്ച് കാണുന്നില്ല. സാധാരണ വസ്ത്രം തന്നെ ധരിച്ചാണ് ഇരുവരെയും വീഡിയോയിൽ കാണുന്നത്.
എന്നാൽ, എന്തിനെയും ഏതിനെയും വിമർശിക്കുന്ന ചിലർ വരനെയും വധുവിനെയും വിമർശിച്ചു. പ്രധാന കാരണം ഇരുവരുടെയും പ്രായം തമ്മിലുള്ള വ്യത്യാസം തന്നെ ആയിരുന്നു. അതുപോലെ അധ്യാപകന് ഒരു ധാർമ്മികതയുണ്ട് എന്നാൽ ഇവിടെ അയാൾക്ക് അതില്ല എന്നും വിമർശിച്ചവരും ഉണ്ട്. അധ്യാപകനെന്നാൽ അച്ഛനെ പോലെയാണ് എന്നാണ് മറ്റൊരാൾ കുറിച്ചത്.
അതിനിടയിൽ വളരെ ചുരുക്കം ചിലർ വരനെയും വധുവിനെയും അഭിനന്ദിച്ചു.