ആദ്യത്തെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ പൂര്‍ത്തിയാക്കി

World first human HEAD transplant is successfully carried out on a corpse

വിയന്ന : ആദ്യത്തെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ പൂര്‍ത്തിയാക്കി.  18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ശവശരീരത്തില്‍ തലമാറ്റിവെക്കല്‍ പരീക്ഷണം വിജയിപ്പിച്ചത്. ഈ പ്രക്രീയയുടെ പല സങ്കീര്‍ണതകളും മറികടക്കാനായതായി ഇറ്റാലിയന്‍ പ്രൊഫസ്സര്‍ സെര്‍ജിയോ കന്നവാരോ പറഞ്ഞു.

പരീക്ഷണം നടന്നത് ശവശരീരത്തിലാണെങ്കിലും, ഇതിലൂടെ രക്തധമനികളും ഞെരമ്പുകളും സ്‌പൈനല്‍ കോഡും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരുന്നു ശസ്ത്രക്രിയയിലെ ശ്രമകരമായ ദൗത്യം. അതില്‍ വിജയം കണ്ടതോടെ, ജീവനുള്ളവരിലും തലമാറ്റിവെക്കല്‍ അധികം അകലെയല്ലെന്ന നിലപാടിലാണ് ശാസ്ത്രലോകം. ടൂറിനിലെ അഡ്വാന്‍സ്ഡ് ന്യൂറോമോഡുലേഷന്‍ ഗ്രൂപ്പിന്റെ ഡയറക്ടറാണ് പ്രൊഫസ്സര്‍ കന്നവാരോ. വിയന്നയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ശവശരീരത്തില്‍ തലമാറ്റിവെക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം അദ്ദേഹമറിയിച്ചത്. 

ഡോ.സിയാവോ പിങ് റെന്നിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ നിയമങ്ങളെ മനുഷ്യന്‍ അതിലംഘിച്ചുതുടങ്ങിയെന്നും പ്രൊഫസ്സര്‍ കന്നവാരോ പറഞ്ഞു. മരണം പ്രകൃതി നടത്തുന്ന വംശഹത്യയാണെന്ന് കന്നവാരോ പറയുന്നു. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കിടെ 110 ബില്യണ്‍ മനുഷ്യര്‍ മരണത്തിന് കീഴടങ്ങിയെന്നും ഇതിനെ മറികടക്കുക തന്നെ വേണമെന്നും കന്നവാരോ അവകാശപ്പെടുന്നു.

മരണത്തെ അതിജീവിക്കുകയെന്ന ഏറെക്കാലമായുള്ള സ്വപ്നത്തിനരികിലെത്തിയിരിക്കുകയാണ് ഈ ശസ്ത്രക്രിയയിലൂടെ നാമെന്നും വിയന്നയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കന്നവാരോ അവകാശപ്പെട്ടു. കഴിഞ്ഞവര്‍ഷം ഒരു കുരങ്ങിന്റെ ശവശരീരത്തിലും തലമാറ്റിവെക്കല്‍ നടത്തി ലോകശ്രദ്ധ നേടിയയാളാണ് ഡോ.റെന്‍. ഹാര്‍ബിന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ടീമാണ് ശസ്ത്രക്രിയ സംഘടിപ്പിച്ചത്. 

ജീവനുള്ള ശരീരത്തില്‍ ഈ ശസ്ത്രക്രിയ നടത്തുന്നതിന്‍റെ സാധ്യതകളുള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് ഏതാനും ദിവസത്തിനകം സംഘം തയ്യാറാക്കുമെന്നും കന്നവാരോ പറഞ്ഞു.


 

Latest Videos
Follow Us:
Download App:
  • android
  • ios