ബാങ്കോക്ക് നഗരത്തിന്റെ പകുതിയിൽ അധികം കടലെടുക്കും
കൂടുതൽ ശക്തമായ ചുഴലിക്കാറ്റുകൾ, തെറ്റായ മഴ, തീവ്രമായ വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയവയെല്ലാം അസാധാരണമായ കാലാവസ്ഥയാണ് തായ്ലാൻഡിൽ സൃഷ്ടിക്കുന്നത്.
ബാങ്കോക്ക്: പത്തു വർഷത്തിനകം വിനോദസഞ്ചാര കേന്ദ്രമായ ബാങ്കോക്ക് നഗരത്തിന്റെ പകുതിയിൽ അധികം കടലെടുക്കുമെന്നു മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കു ബാങ്കോക്ക് തയ്യാറെടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവരുന്നത്. ഒരു കോടിയിൽ അധികം ആളുകൾ അധിവസിക്കുന്ന നഗരമാണ് ബാങ്കോക്ക്.
കൂടുതൽ ശക്തമായ ചുഴലിക്കാറ്റുകൾ, തെറ്റായ മഴ, തീവ്രമായ വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയവയെല്ലാം അസാധാരണമായ കാലാവസ്ഥയാണ് തായ്ലാൻഡിൽ സൃഷ്ടിക്കുന്നത്. 2015 പാരീസ് കാലാവസ്ഥാ ഉടന്പടി നടപ്പിലാക്കുന്നതിന് ഇത് സർക്കാരുകൾക്കുമേൽ വൻ സമ്മർദം ചെലുത്തുന്നുണ്ട്. സമുദ്രനിരപ്പിന് ഏകദേശം 1.5 മീറ്റർ (5 അടി) മാത്രം ഉയരത്തിലാണ് ബാങ്കോക്ക് സ്ഥിതിചെയ്യുന്നത്. ജക്കാർത്ത, മനില എന്നീ തെക്ക് കിഴക്കൻ ഏഷ്യൻ നഗരങ്ങൾക്കൊപ്പം പാരിസ്ഥിതികമായി ഏറെ ചൂഷണം ചെയ്യപ്പെട്ട മേഖലയാണ് ബാങ്കോക്ക്.
ലോകബാങ്ക് റിപ്പോർട്ടനുസരിച്ച് 2030-ൽ ബാങ്കോക്കിന്റെ 40 ശതമാനം വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനവും മൂലം മുങ്ങും. നിലവിൽ, തലസ്ഥാന നഗരം ഒരു വർഷം രണ്ട് സെന്റിമീറ്റർ എന്ന കണക്കിൽ മുങ്ങുകയാണെന്നും അടുത്ത ഭാവിയിൽതന്നെ മേഖലയിൽ വലിയ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഗ്രീൻപീസ് പ്രതിനിധി ബുക്കസ്മിരി പറഞ്ഞു. സമീപത്തുള്ള തായ്ലാൻഡിലെ ഗൾഫ് മേഖല വർഷം ശരാശരി നാല് മില്ലീമീറ്ററാണ് ഉയർന്നത്.
2011-ൽ ഉണ്ടായ കൂറ്റൻ പ്രളയത്തിൽ ബാങ്കോക്ക് നഗരത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും വെള്ളത്തിലായിരുന്നു. അശാസ്ത്രീയ വികസനപ്രവർത്തനങ്ങളുടെ ഇരയായാണ് ബാങ്കോക്ക് നഗരത്തെ വിദഗ്ധർ വിലയിരുത്തുന്നത്.