ഇന്‍സ്റ്റഗ്രാമിന്‍റെ ഐജി ടിവി അവതരിപ്പിച്ചു
- ഫേസ്ബുക്കിന് കീഴിലുള്ള ജനപ്രിയ ഫോട്ടോഷെയറിംഗ് ആപ്പ് ഇന്‍സ്റ്റഗ്രാം പുതിയ ആപ്പ് അവതരിപ്പിച്ചു
സന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്കിന് കീഴിലുള്ള ജനപ്രിയ ഫോട്ടോഷെയറിംഗ് ആപ്പ് ഇന്‍സ്റ്റഗ്രാം പുതിയ ആപ്പ് അവതരിപ്പിച്ചു. ഐജി ടിവി അഥവ ഇന്‍സ്റ്റഗ്രാം ടിവിയാണ് ഇന്‍സ്റ്റഗ്രാമിന്‍റെ പുതിയ സംരംഭം. സന്‍ഫ്രാന്‍സിസ്കോയില്‍ ബുധനാഴ്ച നടന്ന ചടങ്ങിലാണ് ഇന്‍സ്റ്റഗ്രാം പുതിയ ആപ്പ് അവതരിപ്പിച്ചത്.
ചെറുവീഡിയോകളാല്‍ ഇന്‍സ്റ്റഗ്രാം ഇപ്പോള്‍ ശ്രദ്ധേയമാണ്, എന്നാല്‍ വലിയ ഫോര്‍മാറ്റിലുള്ള വീഡിയോ ആണ് ഐജി ടിവിയില്‍ കാണുക. ഇതിന് പുറമേ നിലവിലെ ഇന്‍സ്റ്റഗ്രാം ആപ്പില്‍ ഒരു ടാബായി ഐജി ടിവി ഉണ്ടാകും.
അതേ സമയം ഇപ്പോള്‍ മാസം 100 കോടി സജീവ അംഗങ്ങള്‍ ഉള്ള ഇന്‍സ്റ്റഗ്രാമിന്‍റെ അടുത്ത ഘട്ട വികസനമാണ് ഐജി ടിവി എന്നാണ് ഇന്‍സ്റ്റഗ്രാം സഹസ്ഥാപകന്‍ കെവിന്‍ സിസ്ട്രോം പറയുന്നു. ഒരു പ്രോഡക്ട് എന്ന നിലയില്‍ 2012 ല്‍ ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക് ഏറ്റെടുത്തതിന് ശേഷം ഏറ്റവും വലിയ മാറ്റമാണ് ഐജി ടിവി.
ഐജി ടിവി വെര്‍ട്ടിക്കിള്‍ വീഡിയോകളെയാണ് സപ്പോര്‍ട്ട് ചെയ്യുന്നത്. ഫോണുകളുടെ സ്ക്രീനുകളുടെ വലിപ്പം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ലോകമെങ്ങും വെര്‍ട്ടിക്കിള്‍ വീഡിയോകള്‍ക്ക് കൂടിവരുന്ന പ്രധാന്യം മുതലെടുക്കുക എന്നതാണ് ഐജി ടിവിയുടെ പ്രധാന ലക്ഷ്യം. ഇനിമുതല്‍ റെഗുലര്‍ ഫീഡിന് ഒപ്പം തന്നെ ഐജി ടിവി വീഡിയോകളും ഇന്‍സ്റ്റഗ്രാം ആപ്പില്‍ കാണാം.
അതേ സമയം ഇപ്പോള്‍ പ്രത്യേക ആപ്പായും, ഇന്‍സ്റ്റഗ്രാം ആപ്പിനും ഒപ്പം ഐജി ടിവി ലഭിക്കും എങ്കിലും ഭാവിയില്‍ യൂട്യൂബിനെപ്പോലെ തീര്‍ത്തും സ്വതന്ത്ര്യ വീഡിയോ പ്ലാറ്റ്ഫോമാക്കി ഐജി ടിവിയെ മാറ്റുവാനാണ് ഇന്‍സ്റ്റഗ്രാമിന്‍റെ ലക്ഷ്യം.
നാം ഇന്ന് വീഡിയോ കാണുവാന്‍ ഉപയോഗിക്കുന്ന എല്ലാ സങ്കേതങ്ങളും ( ഉദ്ദേശിച്ചത് യൂട്യൂബിനെ) ഔട്ട്ഡേറ്റഡാണ്, അല്ലെങ്കില്‍ ഈ ജനറേഷന് താല്‍പ്പര്യമില്ലാത്തതാണ്. അതിനെക്കുറിച്ചുള്ള ചിന്തയാണ് ഐജി ടിവിയില്‍ എത്തിയത് എന്നാണ് ആപ്പ് പുറത്തിറക്കുന്ന ചടങ്ങില്‍ ഇന്‍സ്റ്റഗ്രാം സഹസ്ഥാപകന്‍ കെവിന്‍ സിസ്ട്രോം പറഞ്ഞത്, ഈ വാക്കുകള്‍ തന്നെ ഐജി ടിവിയുടെ ലക്ഷ്യം വ്യക്തമാക്കുന്നതാണ്.