ലൈസന്‍സില്ലാത്ത വൈഫൈ കെണിയാകുമോ?
പബ്ലിക് ഡേറ്റാ ഓഫീസുകള്‍ (പി.ഡി.ഒ) വഴി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനുള്ള തീരുമാനം ടെലികോം റെഗുലേറ്ററി അതോരിറ്റിയാണ് പ്രഖ്യാപിച്ചത്.
ദില്ലി: പബ്ലിക് ഡേറ്റാ ഓഫീസുകള്‍ വഴി വൈഫൈ ഇന്റര്‍നെറ്റ് സേവനം നല്‍കാനുള്ള നീക്കത്തിനെതിരെ ടെലികോം ഓപ്പറേറ്റര്‍മാര്‍ രംഗത്ത്. ഒരു തരത്തിലുള്ള ലൈസന്‍സും വാങ്ങാതെ പൊതുജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനം നല്‍കാനുള്ള നീക്കം നിയമവിരുദ്ധമാണെന്നാണ് കമ്പനികളുടെ വാദം.
പബ്ലിക് ഡേറ്റാ ഓഫീസുകള്‍ (പി.ഡി.ഒ) വഴി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനുള്ള തീരുമാനം ടെലികോം റെഗുലേറ്ററി അതോരിറ്റിയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് ടെലികോം ഓപറ്റേര്‍മാരുടെ സംഘടനയായ സി.ഒ.എ.ഐ, ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ സംഘടനയായ ഐ.എസ്.പി.എ.ഐ എന്നിവയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജനും പരാതി നല്‍കിയത്. നിലവില്‍ ലൈസന്‍സുകള്‍ വാങ്ങിയാണ് രാജ്യത്തെ ടെലികോം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറിലേക്ക് ഇതിന് ഫീസും നല്‍കണം. എന്നാല്‍ ഒരു തരത്തിലുമുള്ള ലൈസന്‍സുകള്‍ വാങ്ങാതെ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന സ്ഥിതി വരുന്നത് ടെലിഗ്രാഫ് ആക്ടിന് വിരുദ്ധമാണെന്നാണ് ഇവരുടെ വാദം.
നിലവിലുള്ള ലൈസന്‍സിങ് വ്യവസ്ഥകള്‍ക്കെല്ലാം വിരുദ്ധമാണ് ഈ തീരുമാനം. ടെലികോം രംഗത്ത് ഇപ്പോഴുള്ള വലിയ നിക്ഷേപവും സ്പെക്ട്രം അനുവദിക്കുന്നതും ലൈസന്‍സ് നല്‍കുന്നതുമായ എല്ലാ നടപടികളും വെറുതെയാവുമെന്നും കമ്പനികള്‍ വാദിക്കുന്നു. ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ മാത്രമേ ടെലികോം റെഗുലേറ്ററി അതോരിറ്റിക്ക് നിയന്ത്രണാധികാരമുള്ളൂവെന്നും കമ്പനികള്‍ അവകാശപ്പെടുന്നു.