എന്താണ് നാട്ടിലെ സകല തീപിടുത്തത്തിനും കാരണമായ ഈ 'ഷോർട്ട് സർക്യൂട്ട്

ഏതൊരു തീപിടുത്തത്തിലെയും സ്ഥിരം പ്രതിയാണ് ഷോർട്ട് സർക്യൂട്ട്. തീപിടുത്തത്തിന്റെ ഒരു അടിസ്ഥാന സ്വഭാവമെന്നത് തെളിവുകളെ വിഴുങ്ങിക്കളയുക എന്നതാണ്. ' ഞാനല്ല കത്തിച്ചത്' എന്ന് ഒരു കാരണവശാലും ഈ 'ഷോർട്ട് സർക്യൂട്ട്' വന്നു വാദിക്കാൻ പോവുന്നില്ല. 

What is this 'Short Circuit' that causes all the fires in the town

നാട്ടിലെ ഒട്ടുമിക്ക തീപ്പിടിത്തങ്ങളിലും പ്രാഥമികമായ അന്വേഷണം മിക്കവാറും വിരൽ ചൂണ്ടുന്നത് 'ഷോർട്ട് സർക്യൂട്ടി'ലേക്ക് തന്നെയാവും. ഏതൊരു തീപിടുത്തത്തിലെയും സ്ഥിരംപ്രതിയാണ് ഷോർട്ട് സർക്യൂട്ട്. തീപ്പിടിത്തത്തിന്റെ ഒരു അടിസ്ഥാന സ്വഭാവമെന്നത് തെളിവുകളെ വിഴുങ്ങിക്കളയുക എന്നതുകൂടി ആയതുകൊണ്ട് കുറ്റം ഷോർട്ട് സർക്യൂട്ടിന്റെ തലയിൽ ചാരുക വളരെ എളുപ്പമുള്ള ഒരു പണിയാണ്. ' ഞാനല്ല കത്തിച്ചത്' എന്ന് ഒരു കാരണവശാലും തീയണഞ്ഞു കഴിഞ്ഞാലും ഈ 'ഷോർട്ട് സർക്യൂട്ട്' വന്നു വാദിക്കാൻ പോവുന്നില്ല. ഒരു തീപ്പിടിത്തത്തിന് ഒരു പക്ഷേ, ഏറ്റവും അവസാനത്തെ കാരണക്കാരനാവും ഈ 'ഷോർട്ട് സർക്യൂട്ട് ' എന്ന താരതമ്യേന സാധ്യത കുറവുള്ള പ്രശ്നം. അതിനേക്കാൾ വലിയ പല സുരക്ഷാ പാളിച്ചകളും നടമാടുന്ന കെട്ടിടങ്ങളിൽ തീപിടിച്ചുകഴിഞ്ഞാൽ എല്ലാവരും കണ്ണടച്ച് പഴിചാരുക ഈ ഷോർട്ട് സർക്യൂട്ടിന്റെ മേലാവും എന്നു മാത്രം. 

എന്താണ് ഈ ഷോർട്ട് സർക്യൂട്ട് : 

ഒരു ഇലക്ട്രിക് സർക്യൂട്ടിൽ സാധാരണ ഗതിയിൽ മൂന്നു വയറുകളുണ്ട്. ഒരു ഫേസ്, ഒരു ന്യൂട്രൽ പിന്നെ ഒരു എർത്തും. കറണ്ട് കടന്നു പോവുന്ന ഫേസ് വയറിലെ കമ്പി എന്തെങ്കിലും കാരണവശാൽ ന്യൂട്രൽ വയറിലെ കമ്പിയുമായി സമ്പർക്കത്തിൽ വരുന്നതാണ് ഷോർട്ട് സർക്യൂട്ട് എന്നറിയപ്പെടുന്നത്. അത് സാധാരണ ഈ വയറുകളിലൂടെ പ്രവഹിക്കുന്നതിന്റെ എത്രയോ ഇരട്ടി കറണ്ട് പ്രവഹിക്കാൻ കാരണമാവും. ഇങ്ങനെ അമിതമായി പ്രവഹിക്കുന്ന കറണ്ടിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ നിങ്ങളുടെ കെട്ടിടത്തിലെ വയറിങ്ങിൽ ഇല്ലെങ്കിൽ അത് വയർ ഉരുകിപ്പോവാനും അതിനു പരിസരത്തുള്ള തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളെ തീപിടിപ്പിക്കാനും കാരണമാവും. ഇതാണ് ഷോർട്ട് സർക്യൂട്ട് എന്നറിയപ്പെടുന്നത്. 

What is this 'Short Circuit' that causes all the fires in the town

എന്നാൽ, ഒരു കെട്ടിടത്തിന്റെ വയറിങ്ങ് ഡിസൈൻ ചെയ്യുമ്പോൾ തന്നെ ഷോർട്ട് സർക്യൂട്ട് എന്ന സാധ്യതയെ തടയാനുള്ള നിരവധി മാർഗങ്ങൾ ആ സർക്യൂട്ടിൽ ഉൾപ്പെടുത്തുന്നുണ്ട്. അതിൽ ഒന്നാമത്തെതാണ് 'ഫ്യൂസ് വയർ' എന്നറിയപെടുന്നത്.  വയറിങ്ങ് പാനലിൽ മീറ്ററിനോട് ചേർന്ന് തന്നെ കാണാം ഇത്. 

 

കെട്ടിടത്തിന്റെയും വയറിങ്ങിന്റെയും സുരക്ഷയ്ക്കായിട്ടാണ് ഫ്യൂസ് ഉൾപ്പെടുത്തിയിരിക്കുന്നത് എങ്കിലും, പലരും 'ഇടക്കിടക്ക് ഫ്യൂസ് പോവുക' എന്ന അസൗകര്യം മറികടക്കാനായി  ഒരു നിശ്ചിത കറന്റിനുമേൽ വന്നാൽ ഉരുകിപ്പോവുന്ന  ഈ ഫ്യൂസ് വയറിനു പകരം നല്ല കട്ടിയുള്ള കമ്പികൊണ്ട് കെട്ടി 'മിടുക്കു' കാട്ടാറുണ്ട്. എന്നാൽ ഇങ്ങനെ പ്രവർത്തിക്കുന്നതിലൂടെ അവർ വഴിമരുന്നിടുന്നത് ഒരു ഭാവി തീപിടുത്തതിനാണ് എന്ന് അവർ തിരിച്ചറിയുന്നില്ല. സർക്യൂട്ടിൽ കൂടിയ അളവിൽ കറണ്ടു വന്നാൽ ഫ്യൂസ് ഉരുകില്ല. പകരം അകത്തെ വയറിങ്ങ് കത്തിപ്പോവും, ഇല്ലെങ്കിൽ വിലപിടിപ്പുകളാ ഏതെങ്കിലും ഉപകരണം. അല്ലെങ്കിൽ വീടിനു തീപിടിക്കുക പോലും ചെയ്യും. 

ഇത് പഴയ കെട്ടിടങ്ങളുടെ കാര്യം. പുതിയ കെട്ടിടങ്ങളിലെ വയറിങ്ങിൽ ഫ്യൂസ് പോലും പുതിയ ഡിസൈൻ ആണ്. അങ്ങനെ കമ്പികൊണ്ട് കെട്ടാനൊന്നും പറ്റാത്ത ഒരു ഡിസൈനാണ് അത്. അതിനു പുറമെ വേറെയും ചില സുരക്ഷാ മാനദണ്ഡങ്ങളുണ്ട് ഈ പുതിയ ഡിസൈനിൽ. 

എംസിബി : 

What is this 'Short Circuit' that causes all the fires in the town

എംസിബി അഥവാ മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ .  ഈ സംവിധാനത്തിൽ ഒരു കറണ്ട് സെറ്റ് ചെയ്ത ലിമിറ്റിലും കൂടിയാൽ സർക്യൂട്ട് താനെ ട്രിപ്പ് ആവും. താൽക്കാലികമായി മുറിയും. പിന്നീട് ഈ MCB രണ്ടാമതും ഓൺ ചെയ്‌താൽ മാത്രമേ കറണ്ട് പുനഃസ്ഥാപിക്കപ്പെടൂ. 

ഇഎൽസിബി : 

What is this 'Short Circuit' that causes all the fires in the town

ഇഎൽസിബി അഥവാ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ.  ഇത് സർക്യൂട്ടിൽ നിന്നും എർത്തിലേക്കുള്ള വളരെ കുറഞ്ഞ കറണ്ട് ലീക്കേജ് പോലും കണ്ടെത്തി തത്സമയം സർക്യൂട്ട് ബ്രേക്ക് ചെയ്യും. ഈ സംവിധാനം നിങ്ങളുടെ വയറിങ്ങിൽ ഉണ്ടെങ്കിൽ ആർക്കിങ്, അല്ലെങ്കിൽ സ്പാർക്കിങ്ങിലൂടെ വയറിങ്ങിനു ചുറ്റുമുള്ള വസ്തുക്കളിൽ തീ പടരുന്നത് ഒഴിവാകും. പകരം ELCB ട്രിപ്പായി കെട്ടിടത്തിലേക്കുള്ള വൈദ്യുത പ്രവാഹം മുടങ്ങും. 

ഈ രണ്ടു സുരക്ഷാ സംവിധാനങ്ങളും പല കെട്ടിടങ്ങളിലും പണം ലഭിക്കാനായി സ്ഥാപിക്കാറില്ല. അഥവാ സ്ഥാപിക്കുന്നെങ്കിൽ തന്നെ വിലകുറഞ്ഞ നിലവാരമില്ലാത്ത MCB, ELCB, വയറിങ്ങ് കേബിൾ തുടങ്ങിയവയാവും ഉപയോഗിച്ചിട്ടുണ്ടാവുക. വിലകുറഞ്ഞ വയറിങ്ങ് ഉപയോഗിച്ചാൽ അതിന്റെ ഇൻസുലേഷൻ വളരെ പെട്ടെന്നുതന്നെ നാശമാവും. ചെറിയ തോതിൽപ്പോലും സർക്യൂട്ടിലൂടെ കറണ്ട് അധികം ഒഴുകിയാൽ അതിന്റെ ഇൻസുലേഷൻ ഭാഗികമായി ഉരുകും. പിന്നെ ഏത് നിമിഷവും ഒരു ഷോർട്ട് സർക്യൂട്ടോ അല്ലെങ്കിൽ സ്പാർക്കിങ്ങോ ഉണ്ടാകാം. അത് ഒരു തീപിടുത്തത്തിന് കാരണമാവുകയും ചെയ്യാം. 


സൂറത്തിൽ സംഭവിച്ചത് 

ചില കേസുകളിൽ ഷോർട്ട് സർക്യൂട്ടിന് കാരണമാകുന്നത് എയർ കണ്ടീഷനുകളും മറ്റും ഒന്നിച്ച് പ്രവർത്തിച്ചുണ്ടായേക്കാവുന്ന ഓവർലോഡിങ് ആണ് . സാധാരണ കെട്ടിടങ്ങളിലെ വയറിങ്ങിന് താങ്ങാനാവുന്ന ലോഡിന് പരിധിയുണ്ട്. എന്നാൽ ഇതേ കെട്ടിടങ്ങളിൽ ട്യൂഷൻ സെന്ററുകൾ പോലുള്ളവ പ്രവർത്തിക്കുമ്പോൾ അവിടെ ഒരുപാട് എയർകണ്ടീഷണറുകൾ കൊണ്ട് ഇതേ സർക്യൂട്ട് ഓവർലോഡ് ചെയ്യപ്പെടുന്നു. ലോഡ് താങ്ങാനുള്ള കഴിവിന്റെ പരമാവധിയിൽ പ്രവർത്തിക്കുന്ന ഏതൊരു സർക്യൂട്ടിലും ഷോർട്ട് സർക്യൂട്ട് ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. 
 

What is this 'Short Circuit' that causes all the fires in the town


ഇത്തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ കൃത്യമായി കെട്ടിടങ്ങളിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിൽ മേൽപ്പറഞ്ഞ അപകടങ്ങൾ ഉണ്ടാവുകയില്ല. പതിവിലധികം എയർ കണ്ടീഷണറുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെങ്കിൽ സർക്യൂട്ട് വയറിങ്ങിന് അത് താങ്ങാനാവുമോ എന്നാലോചിക്കണം. ഇതൊക്കെ ചട്ടപ്പടി പാലിക്കപ്പെടുന്നുണ്ടോ എന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പു വരുത്താൻ ഒരു സംവിധാനവും നമ്മുടെ പ്രാദേശിക ഭരണസംവിധാനങ്ങളിൽ ഇല്ലാത്തതാണ് ഇവിടത്തെ യഥാർത്ഥ പ്രശ്നം. 

മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക 

കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ടുകൾ ഉണ്ടാവുന്നതിനു മുമ്പ് പലവിധത്തിലുള്ള മുന്നറിയിപ്പുകൾ, ലക്ഷണങ്ങൾ ഒക്കെ ഉണ്ടാവാറുണ്ട്. അതിനെ അവഗണിക്കാതെ ഒരു ഇലക്ട്രീഷ്യനെ വിളിച്ച് കാണിക്കുക എന്നതാണ് ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാനുള്ള മറ്റൊരു മുൻകരുതൽ.  

  •  എംസിബികൾ ഇടക്കിടെ ട്രിപ്പാവുക. 
  • ലൈറ്റുകൾ എല്ലാം മിന്നിമിന്നി കത്തുക. 
  • വൈദ്യുതി സോക്കറ്റുകളുടെ വെള്ള നിറം മാറുക. കരിഞ്ഞ പ്രതീതി ഉണ്ടാവുക. 
  • സ്വിച്ചുകളും, സോക്കറ്റുകളും ചൂടാവുക. 
  • സ്വിച്ചുകളിൽ നിന്നും മറ്റും ചെറിയ ഷോക്കുകൾ കിട്ടുക 
  •  സ്വിച്ചുകളും സോക്കറ്റുകളും മറ്റും കരിഞ്ഞുപോവുക. 

മേൽപ്പറഞ്ഞ  ലക്ഷണങ്ങൾ വരാനിരിക്കുന്ന ഒരു ഷോർട്ട് സർക്യൂട്ട് തീപിടുത്തത്തിന്റെ മുന്നോടിയാകാം. അവയെ അവഗണിക്കാതിരിക്കുക 

ഇനിയെങ്കിലും ഒരു തീപിടുത്തത്തിൽ നിരവധിപേരുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിക്കഴിഞ്ഞ ശേഷം 'ഷോർട്ട് സർക്യൂട്ടി'നുമേൽ പഴിചാരുന്നതിനു പകരം, അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ നേരത്തെ കണ്ടെത്തി, അത് ഒഴിവാക്കാൻ വേണ്ടത് ചെയ്യുകയാണ് വേണ്ടത്. ഒരു ജീവൻ പോലും1ഇനി 'ഷോർട്ട് സർക്യൂട്ടി'ൽ നഷ്ടപ്പെടരുത്..!

Latest Videos
Follow Us:
Download App:
  • android
  • ios