ട്വിറ്ററിലെ പ്രതിസന്ധി മുതലെടുക്കാൻ മെറ്റ, സമാന സാമൂഹിക മാധ്യമം തുടങ്ങാൻ നീക്കം
മാസ്റ്റഡോൺ അടക്കമുള്ള ഡിസെൻട്രലൈസ്ഡ് ആപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്.
ദില്ലി : ട്വിറ്ററിന് എതിരാളിയെ സൃഷ്ടിക്കാനുള്ള തത്രപ്പാടിലാണ് മെറ്റ എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മണി കൺട്രോളാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ടെക്‌സ്‌റ്റ് ബേസ്ഡ് കണ്ടന്റിനായി പുതിയ ആപ്ലിക്കേഷൻ തയ്യാറാക്കുന്നുവെന്നാണ് സൂചന. ആക്ടിവിറ്റി പബ് എന്ന സോഷ്യൽ നെറ്റ്വർക്കിങ് പ്രോട്ടോക്കോൾ അനുസരിച്ച് ഉള്ളതായിരിക്കും പുതിയ ആപ്പെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. P92 എന്നതാണ് ആപ്പിന് നൽകിയിരിക്കുന്ന കോഡ്നെയിം. ഈ ആപ്പ് ഇൻസ്റ്റാഗ്രാമിന് കീഴിൽ ബ്രാൻഡ് ചെയ്യപ്പെട്ടെക്കും. അങ്ങനെ സംഭവിച്ചാൽ
ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റാഗ്രാം പാസ്‌വേഡും യൂസർനെയിമും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനും ലോഗിൻ ചെയ്യാനും കഴിയും.
ആപ്പ് എങ്ങനെ പ്രവർത്തിക്കുമെന്നും അതിന്റെ വിവിധ ഫീച്ചറുകളെക്കുറിച്ചും വിശദീകരിക്കുന്ന ഇന്റേണൽ പ്രൊഡക്ട് ബ്രീഫിനെ കുറിച്ചും മണി കൺട്രോളിൽ പറയുന്നുണ്ട്. ട്വിറ്റർ അതിന്റെ ഉപയോക്താക്കളെ നിലനിർത്താൻ പാടുപെടുമ്പോൾ മെറ്റ നടത്തുന്ന ഏറ്റവും പുതിയ നീക്കം കമ്പനിക്ക് മുന്നിൽ പുതിയ ബിസിനസ്സ് സാധ്യതകൾ തുറന്നിടും. ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചപ്പോൾ, മെറ്റയുടെ അനുബന്ധ സ്ഥാപനമായ ഇൻസ്റ്റാഗ്രാം റീൽസ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചർ ടിക്ടോക്കിന് സമാനമായിരുന്നു. കൂടാതെ ടിക്ടോക്ക് വീഡിയോ ക്രിയേറ്റേഴ്സിന് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു പുതിയ പ്ലാറ്റ്‌ഫോം കൂടിയാണ് ഇൻസ്റ്റഗ്രാം നൽകിയത്.
ഇൻസ്റ്റാഗ്രാമിലെ ഏറ്റവും ജനപ്രിയമായ ഫീച്ചറുകളിൽ ഒന്നായി റീലുകൾ മാറിക്കഴിഞ്ഞു. ക്ലിക്ക് ചെയ്യാവുന്ന ലിങ്കുകൾ, ഉപയോക്തൃ പ്രൊഫൈലുകൾ, ചിത്രങ്ങളും വീഡിയോകളും, മറ്റ് ഉപയോക്താക്കളെ ലൈക്ക് ചെയ്യാനും ഫോളോ ചെയ്യാനുമുള്ള സെറ്റിങ്സ് തുടങ്ങിയ സവിശേഷതകൾ P92ൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. കമ്പനി അതിന്റെ നിലവിലുള്ള പ്രൈവസി പോളിസി തന്നെയാകും ഇവിടെയും ഫോളോ ചെയ്യുക. ഉപയോക്താക്കൾ P92ൽ സൈൻ അപ്പ് ചെയ്യുമ്പോൾ, അവർ ഈ നിബന്ധനകൾ അംഗീകരിക്കും. തുടക്കത്തിൽ P92 ഇൻസ്റ്റാഗ്രാമുമായി കുറച്ച് ഡാറ്റ പങ്കിടും. എന്നാൽ ഒടുവിൽ, രണ്ടും വെവ്വേറെയായിരിക്കും പ്രവർത്തിക്കുക.
Read More : ജീവനക്കാര്‍ക്ക് ഇരിക്കാന്‍ സീറ്റ് കൊടുക്കാതെ പണം ഉണ്ടാക്കാന്‍ ഗൂഗിള്‍