ടോറന്റ് മെറ്റാ-സെര്‍ച്ച് എന്‍ജിനായ ടൊറന്റ്സ്.ഇയു പ്രവര്‍ത്തനം നിലച്ചു
‘കിക്കാസ് ടോറന്റിസിന്’ന് പിന്നാലെ ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ ടോറന്റ് മെറ്റാ-സെര്‍ച്ച് എന്‍ജിനായ ടൊറന്റ്സ്.ഇയു പ്രവര്‍ത്തനം അവസാനിപ്പിച്ചു. ‘കിക്കാസ് ടോറന്റ്സ്’ പൂട്ടി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ടൊറന്റ്സ്.ഇയുവും പ്രവര്‍ത്തനം നിര്‍ത്തിയത്.
‘കിക്കാസി’ന്റെ സ്ഥാപകന്‍ എന്നാരോപിക്കപ്പെടുന്ന ആര്‍റ്റെം വോളിന് എന്നയാളെ പോളണ്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ‘കിക്കാസ്’ പൂട്ടിയത്. 2003ല്‍ പ്രവര്‍ത്തനം ആരംഭിച്ച ടൊറന്റ്സ്.ഇയുവിന്റെ സൈറ്റില്‍ ദിവസേന ലക്ഷങ്ങള്‍ എത്തിയിരുന്നു. കുറച്ച്കാലമായി ഏറ്റവുമധികം ഉപയോക്താക്കളെത്തുന്ന ടോറന്റ് സൈറ്റുകളിലൊന്നായി ഇത് മാറിയിരുന്നു.
വെള്ളിയാഴ്ച പ്രവര്‍ത്തനം നിര്‍ത്തിയതിന് ശേഷവും സൈറ്റിന്റെ ഹോം പേജ് കുറേനേരത്തേക്ക് ലഭ്യമായിരുന്നു. എന്നാല്‍ ടോറന്റ് ലിങ്കുകളെല്ലാം നീക്കംചെയ്യപ്പെട്ടിരുന്നു. സെര്‍ച്ച് ചെയ്യലും സാധ്യമായിരുന്നില്ല. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സൈറ്റിന്റെ ഉടമയെ ഉദ്ധരിച്ച് ‘ടോറന്റ് ഫ്രീക്ക്’ റിപ്പോര്‍ട്ട് ചെയ്തു.
ടൊറന്റ്സ്.ഇയു സൗജന്യവും വേഗമേറിയതും ശക്തവുമായ മെറ്റാ സെര്‍ച്ച് എന്‍ജിനായിരുന്നു. മറ്റനേകം സെര്‍ച്ച് എന്‍ജിനുകളില്‍ നിന്നുള്ള റിസല്‍ട്ടുകളാണ് ഞങ്ങള്‍ ഏകോപിപ്പിച്ച് നല്‍കിയിരുന്നത്.
സൈറ്റ് പൂട്ടിയതിന് ശേഷമുള്ള ആദ്യ മണിക്കൂറുകളില്‍ ടൊറന്റ്സ്.ഇയുവിന്റെ ഹോംപേജില്‍ തെളിഞ്ഞത്
ഏതെങ്കിലും സെര്‍ച്ചിന് ശ്രമിച്ചാല്‍ ടൊറന്റ്സ്.ഇയു നിങ്ങളെ എല്ലായ്പ്പോഴും സ്നേഹിക്കും, വിട’ എന്ന അറിയിപ്പ് വരുമായിരുന്നു. എന്നാല്‍ പിന്നീട് ടൊറന്റ്സ്.ഇയു എന്ന സൈറ്റ് തന്നെ ലഭ്യമല്ല. കേന്ദ്ര സര്‍ക്കാരിന്റെ ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഈ യുആര്‍എല്‍ തടഞ്ഞിരിക്കുന്നു എന്ന അറിയിപ്പാണ് ഇപ്പോള്‍ ലഭിക്കുന്നത്.