മൊബൈല്‍ നമ്പറുകള്‍ 13 അക്കമാകുമോ? സത്യാവസ്ഥ ഇതാണ്
ദില്ലി: മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍. ബിഎസ്എന്‍എല്‍ ഇത് നടപ്പാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. എന്നാല്‍ നമ്പര്‍ മാറ്റാനുള്ള ഈ നടപടി നിങ്ങളെ ബാധിക്കില്ലെന്നതാണ് വാസ്തവം.
രാജ്യത്ത് നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകള്‍ക്ക് ഈ പുതിയ നടപടിക്ക് ശേഷവും ഒരു മാറ്റവും വരില്ല. M2M (മെഷീന്‍ ടു മെഷീന്‍) സിം കാര്‍ഡുകളുടെ നമ്പര്‍ മാത്രമാണ് 13 അക്കമാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതായത് ഓട്ടോമേറ്റഡ് മെഷീനുകളില്‍ ഉപയോഗിക്കുന്ന സിം കാര്‍ഡുകള്‍ക്കായിരിക്കും ഈ തീരുമാനം ബാധകമാവുന്നത്. ഇപ്പോഴുള്ള 10 അക്ക M2M നമ്പറുകള്‍ 2018 ഒക്ടോബര്‍ ഒന്നു മുതല്‍ 13 അക്കത്തിലേക്ക് മാറ്റണമെന്നാണ് ടെലികോം മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 31ന് മുന്‍പ് ഇത് പൂര്‍ത്തീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നമ്പറുകള്‍ മാറ്റുന്നത് M2M കണക്ഷനുകള്‍ക്ക് മാത്രമാണെന്ന് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളിലൊന്നായ ജിയോ, അനൗദ്ദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ 13 അക്ക നമ്പറുകള്‍ കൈകാര്യം ചെയ്യുന്ന വിധത്തില്‍ സാങ്കേതിക ഉപകരണങ്ങള്‍ സജ്ജമാക്കാനുള്ള നീക്കങ്ങള്‍ ബിഎസ്എന്‍എല്‍ തുടങ്ങിക്കഴിഞ്ഞു. ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ZTE, നോക്കിയ കമ്പനികള്‍ക്ക് ബി.എസ്.എന്‍.എല്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
എല്ലാ മൊബൈല്‍ നമ്പറുകളിലും മാറ്റം വരും എന്ന തരത്തിലാണ് ടെലികോം മന്ത്രാലത്തിന്റെ നിര്‍ദ്ദേശം മാധ്യമങ്ങളിലടക്കം പ്രചരിച്ചത്. എന്നാല്‍ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന സിം കാര്‍ഡുകളിലെ നമ്പറുകള്‍ പഴയത് പോലെ തന്നെ 10 അക്കമായി തുടരുമെന്നതാണ് വാസ്തവം.
എന്താണ് M2M?
ഓട്ടോമേറ്റഡ് മെഷീനുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന സിം കാര്‍ഡുകളാണ് ഈ വിഭാഗത്തില്‍ പെടുന്നത്. വിദൂരത്ത് നിന്ന് ഇന്റര്‍നെറ്റ് വഴി നിയന്ത്രിക്കാന്‍ കഴിയുന്ന എ.സി പോലുള്ള വൈദ്യുത ഉപകരണങ്ങള്‍, അപകടമുന്നറിയിപ്പ് മറ്റൊരു സ്ഥലത്ത് നല്‍കാന്‍ കഴിയുന്ന സേഫ്റ്റി ഉപകരണങ്ങള്‍ തുടങ്ങിയവയൊക്കെ ഇത്തരം കണക്ഷനുകളാണ് ഉപയോഗിക്കുന്നത്. ഫാക്ടറികളിലും മറ്റും ഉപയോഗിക്കുന്ന വലിയ മെഷിനറികള്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ സ്വൈപ് ചെയ്യാന്‍ സഹായിക്കുന്ന വയര്‍ലെസ് സ്വൈപിങ് മെഷീനുകള്‍ എന്നിങ്ങനെ തുടങ്ങി വിപുലമായ ഉപയോഗം ഇത്തരം കണക്ഷനുകള്‍ക്കുണ്ട്. ഈ ഉപകരണങ്ങളിലെ സിം നമ്പറുകള്‍ സാധാരണയായി ആരും ഓര്‍ത്തുവെയ്‌ക്കാറില്ല. ഇവയിലേക്ക് വിളിക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ നമ്പറുകള്‍ 13 അക്കമാവുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കുകയുമില്ല.