ടെലഗ്രാമിലെ ആ ഫയലില്‍ ക്ലിക്ക് ചെയ്യല്ലേ; മുന്നറിയിപ്പുമായി സൈബര്‍ ഗവേഷകര്‍, എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം

ടെലഗ്രാമില്‍ യൂസര്‍മാര്‍ക്ക് കനത്ത ഭീഷണിയുയര്‍ത്തുന്ന സുരക്ഷാ പ്രശ്‌നം കണ്ടെത്തിയെന്നാണ് സൈബര്‍ ഗവേഷകരുടെ മുന്നറിയിപ്പ്

Telegram poses a threat from a fraudulent activity named zero day reveals researchers at ESET


വീഡിയോ ഷെയറിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടെലഗ്രാമില്‍ ഗുരുതര സുരക്ഷാ പ്രശ്‌നം കണ്ടെത്തിയെന്ന മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഇസെറ്റിലെ ഗവേഷകര്‍. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ രൂപത്തിലെത്തുന്ന ഒരു പ്രത്യേക ഫയല്‍ ഡൗണ്‍ലോഡ് ചെയ്‌താല്‍ ആന്‍ഡ്രോയ്‌ഡ് ഫോണുകളുടെ പ്രവര്‍ത്തനം അവതാളത്തിലാകും എന്നാണ് ഇസെറ്റിലെ ഗവേഷകര്‍ പറയുന്നത്. 2024 ജൂണ്‍ 26നാണ് ഈ തട്ടിപ്പ് സംഘം കണ്ടെത്തിയത്.  

ടെലഗ്രാമില്‍ യൂസര്‍മാര്‍ക്ക് കനത്ത ഭീഷണിയുയര്‍ത്തുന്ന സുരക്ഷാ പ്രശ്‌നം കണ്ടെത്തിയെന്നാണ് സൈബര്‍ ഗവേഷകരുടെ വിലയിരുത്തല്‍. സീറോ-ഡേ എന്നാണ് ഈ സൈബര്‍ തട്ടിപ്പ് അറിയപ്പെടുന്നത്. സാധാരണ വീഡിയോകളോട് സാമ്യമുള്ള, എന്നാല്‍ ഹാനികരമായ ഫയലുകള്‍ ഹാക്കര്‍മാര്‍ ടെലഗ്രാമില്‍ വ്യക്തിപരമായ മെസേജ് ആയോ ഗ്രൂപ്പുകള്‍ വഴിയേ അയക്കുകയാണ് തട്ടിപ്പിനായി ചെയ്യുക. ഈ ഫയലില്‍ ടെലഗ്രാം ഉപയോക്താക്കള്‍ ക്ലിക്ക് ചെയ്‌താല്‍ മാല്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുകയും ആന്‍ഡ്രോയ്‌ഡ് ഫോണില്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായുമാണ് ഇസെറ്റിലെ സൈബര്‍ ഗവേഷകരുടെ മുന്നറിയിപ്പ്. രഹസ്യ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നടത്തിയ പരിശോധനയിലാണ് ഈ തട്ടിപ്പ് ആദ്യം കണ്ടെത്തിയത് എന്ന് ഇസെറ്റിലെ ഗവേഷകനായ ലൂക്കാസ് സ്റ്റെഫാന്‍കോ പറഞ്ഞു. ഒരു ടെലഗ്രാം ചാനലില്‍ എങ്ങനെയാണ് ഈ തട്ടിപ്പ് ഫയല്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഒരാള്‍ ചിത്രങ്ങളും വീഡിയോകളും സഹിതം വിവരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും ഈ നിഗൂഢ ഫയല്‍ ടെലഗ്രാമില്‍ നിന്ന് കണ്ടെത്തിയതായും ഗവേഷകര്‍ പറയുന്നു. 

ടെലഗ്രാമിന്‍റെ പഴയ വേര്‍ഷനിലാണ് ഈ തട്ടിപ്പ് ഫയല്‍ പ്രവര്‍ത്തിക്കുക എന്നാണ് ഇസെറ്റിലെ സൈബര്‍ റിസര്‍ച്ചര്‍മാരുടെ കണ്ടെത്തല്‍. സുരക്ഷാ പ്രശ്‌നത്തെ കുറിച്ച് ടെലഗ്രാമിനെ സംഘം അറിയിച്ചിട്ടുണ്ട്. ടെലഗ്രാം അധികൃതര്‍ ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ആപ്ലിക്കേഷനില്‍ അപ്‌ഡേറ്റ് 2024 ജൂലൈ 11ന് പുറത്തിറക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ടെലഗ്രാം ആപ്പ് അപ്‌ഡേറ്റ് ചെയ്‌ത ഡിവൈസുകളില്‍ അപകട സാധ്യത കുറയും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ ടെലഗ്രാമിന്‍റെ ഏറ്റവും പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യുന്നത് യൂസര്‍മാര്‍ക്ക് സൈബര്‍ തട്ടിപ്പില്‍ നിന്ന് രക്ഷനേടാന്‍ സഹായകമായേക്കും. 

Read more: കെട്ടിലും മട്ടിലും മാത്രമല്ല, ഉള്ളടക്കത്തിലും മാറ്റങ്ങള്‍; ഐഫോണ്‍ 16നെ കുറിച്ചുള്ള പ്രധാന നാല് സൂചനകള്‍ ഇവ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios