വമ്പൻ മാറ്റത്തിന് യെസ് മൂളി കേന്ദ്രം; സേവ് ചെയ്യാത്ത നമ്പറിൽ നിന്ന് കോളുകളെത്തുമ്പോൾ പേര് സ്ക്രീനില്‍ തെളിയും!
ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ശിപാർശ പരിഗണിച്ച് വിഷയത്തിൽ ഉടൻ തീരുമാനം കൈക്കൊള്ളുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ദില്ലി: സേവ് ചെയ്യാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾക്കൊപ്പം വിളിക്കുന്നയാളുടെ പേര് ലഭ്യമാക്കണമെന്ന ട്രായ് ശുപാർശയോട് അനുകൂല സമീപനവുമായി കേന്ദ്ര സർക്കാർ. ഫോൺ കോൾ ലഭിക്കുന്ന വ്യക്തിക്ക് വിളിക്കുന്നയാളുടെ പേരുവിവരം അറിയാൻ അവകാശമുണ്ടെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ശിപാർശ പരിഗണിച്ച് വിഷയത്തിൽ ഉടൻ തീരുമാനം കൈക്കൊള്ളുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആരുടെ പേരിലാണോ സിം എടുക്കുന്നത് അവരുടെ പേരായിരിക്കും ഫോണിൽ തെളിയുക. സിം എടുക്കുമ്പോൾ നൽകുന്ന കെവൈസി തിരിച്ചറിയൽ രേഖയിലെ പേരായിരിക്കും ഫോൺ കോൾ ലഭിക്കുന്നയാളുടെ സ്ക്രീനിൽ തെളിയുക. നിലവിൽ ട്രൂകോൾ അടക്കമുള്ള സ്വകാര്യ ആപ്പുകൾ ഇത്തരം സൗകര്യം നൽകുന്നു.