വയനാടിന് കരുതല്‍; ഉരുള്‍പൊട്ടല്‍ മേഖലയില്‍ പ്രത്യേക ടവര്‍ സ്ഥാപിച്ച് ജിയോ, നെറ്റ്‌വര്‍ക്ക് കപ്പാസിറ്റി കൂട്ടി

മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി പ്രദേശത്ത് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലും നെറ്റ്‌വര്‍ക്ക് കപ്പാസിറ്റി വര്‍ധിപ്പിച്ചിരുന്നു

Reliance Jio Enhancement Network Capacity in Wayanad Mundakkai landslide area

മുണ്ടക്കൈ: ദാരുണമായ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ നെറ്റ്‌വര്‍ക്ക് കപ്പാസിറ്റി വര്‍ധിപ്പിച്ച് സ്വകാര്യ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. രക്ഷാപ്രവര്‍ത്തനം തുടരുന്ന മുണ്ടക്കൈയിലെ വര്‍ധിച്ച ആവശ്യം പരിഗണിച്ച് പുതിയ ടവര്‍ സ്ഥാപിച്ചാണ് ജിയോ സഹായം ലഭ്യമാക്കിയിരിക്കുന്നത്. 

ഉരുള്‍പൊട്ടലിന് ശേഷമുള്ള വ്യാപക തിരച്ചിലിനായി സൈനികരും സംസ്ഥാനത്തെ വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരുമടക്കം നൂറുകണക്കിനാളുകളാണ് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തുള്ളത്. രക്ഷാപ്രവര്‍ത്തനത്തിനായി അനവധി പേരെത്തിയതോടെ പ്രദേശത്ത് കൂടുതല്‍ നെറ്റ്‌വര്‍ക്ക് സൗകര്യങ്ങള്‍ അനിവാര്യമായി വന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും ഇത് അനിവാര്യമായിരുന്നു. ഇതനുസരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നോട്ടുവെച്ച ആവശ്യം പരിഗണിച്ചാണ് നെറ്റ്‌വര്‍ക്ക് കപ്പാസിറ്റി റിലയന്‍സ് ജിയോ വര്‍ധിപ്പിച്ചത് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പര്‍ട്ട് ചെയ്തു. ദുരന്ത പ്രദേശത്തിന് അടുത്തായി പ്രത്യേക ടവറും ജിയോ സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ജിയോയുടെ രണ്ടാമത്തെ ടവറാണിത്. മുണ്ടക്കൈയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 250ലേറെ പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചു. ഇനിയുമേറെ പേരെ കണ്ടെത്താനുണ്ട്. 

നേരത്തെ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി പ്രദേശത്ത് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലും നെറ്റ്‌വര്‍ക്ക് കപ്പാസിറ്റി വര്‍ധിപ്പിച്ചിരുന്നു. ചൂരല്‍മലയിലെ ഏക മൊബൈല്‍ ടവര്‍ ബിഎസ്എന്‍എല്ലിന്‍റേതായിരുന്നു. വൈദ്യുതി തടസത്തിനിടയിലും മുടക്കം കൂടാതെ മൊബൈല്‍ സിഗ്നല്‍ ലഭ്യമാക്കിയ ബിഎസ്എന്‍എല്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ചൂരല്‍മലയിലും മേപ്പാടിയിലും 4ജി സേവനം ലഭ്യമാക്കി. ഇതിന് പുറമെ അതിവേഗ ഇന്‍റർനെറ്റും ടോള്‍-ഫ്രീ നമ്പറുകളും ഒരുക്കിയും ബിഎസ്എന്‍എല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നിരുന്നു. 

Read more: ചൂരല്‍മലയിലും മേപ്പാടിയിലും മണിക്കൂറുകള്‍ക്കകം 4ജി എത്തി; രക്ഷാപ്രവര്‍ത്തനത്തിന് വേഗം പകര്‍ന്ന് ബിഎസ്എന്‍എല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios