അപശബ്ദങ്ങൾ ശല്യമാകില്ല; ‘ബോസി'ന്‍റെ ഫീച്ചേര്‍സ് അതിശയിപ്പിക്കും
ഹെഡ്സെറ്റിൽ സംസാരിക്കുമ്പോഴും പാട്ടുകേൾക്കുമ്പോഴുമെല്ലാം കയറിവരുന്ന അപശബ്ദങ്ങൾ നിങ്ങൾ അലോസരപ്പെടുത്തിയിട്ടില്ലേ? എന്നാൽ ഇത്തരംഘട്ടങ്ങളിൽ വില്ലനാകുന്ന അപശബ്ദങ്ങളോട് ഗുഡ്ബൈ പറയാനുള്ള സമയമെത്തിയിരിക്കുന്നു. അപശബ്ദങ്ങൾ ഒഴിവാക്കി നിങ്ങളുടെ ആജ്ഞക്കനുസരിച്ച് പ്രവർത്തിക്കുന്ന ഹെഡ്സെറ്റിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?. അത്തരം ഒരു ഹെഡ്സെറ്റുമായാണ് ഇത്തവണ പ്രമുഖ ഒാഡിയോ ഉപകരണ നിർമാതാക്കളായ ബോസ് കമ്പനി രംഗപ്രവേശം ചെയ്തിരിക്കുന്നത്. അപശബ്ദങ്ങൾ ഒഴിവാക്കി നൽകുന്ന ഹെഡ്സെറ്റ് വയർലെസ് രീതിയിൽ ഗൂഗിൾ സഹായത്തോടെ പ്രവർത്തിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡിജിറ്റൽ സഹായം നേരത്തെ തന്നെ ഗൂഗിൾ വെളിപ്പെടുത്തിയിരുന്നു. ബോസ് ക്യു.സി 35 II എന്ന പേരിൽ ഇറങ്ങിയ ഹെഡ്സെറ്റ് ഐ ഫോൺ, ആൻഡ്രോയ്സ് ഫോണുകളിൽ ഇഷ്ടാനുസരണം പ്രവർത്തിപ്പിക്കാവുന്ന ആദ്യ ഹെഡ്സെറ്റ് കൂടിയാണ്. ഹെഡ് സെറ്റ് വഴി തന്നെ മെസേജുകൾ വായിച്ചെടുക്കാനും ഇഷ്ടപാട്ടുകൾ തെരഞ്ഞെടുക്കാനും ഉൾപ്പെടെ സൗകര്യങ്ങൾ ഏറെയാണ്.
ഫോണിന്റെ പുഷ് ബട്ടൺ അമർത്തി സെലക്ട് ചെയ്തെടുക്കുന്ന രീതി ബോസിന്റെ പുതിയ ഹെഡ്സെറ്റ് വഴി ഒഴിവാക്കാനാകും. എൽ.ജി, ജനറൽ ഇലക്ട്രോണിക്സ് തുടങ്ങിയ ഗൃഹോപകരണ നിർമാതാക്കളും ഗൂഗിൾ സപ്പോർട്ടിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ പുറത്തിറക്കുന്നത് ഗൂഗിൾ നേരത്തെ പുറത്തുവിട്ടിരുന്നു. പുറമെ നിന്നുള്ള അപശബ്ദങ്ങൾ പൂർണമായി ഒഴിവാക്കി നൽകുന്ന ഹെഡ്സെറ്റിൽ ശബ്ദ മികവ് കൂട്ടാനുള്ള സൗകര്യങ്ങളും ഉണ്ട്.
20 മണിക്കൂൾ വരെ ബാറ്ററി പ്രവർത്തിക്കും. ബോസ് കമ്പനിയുമായി ബന്ധപ്പെട്ടുള്ള ആപ്വഴി അപഡേഷനും സൗകര്യമുണ്ടായിരിക്കും. 350 ഡോളർ വില വരുന്നതാണ് (23000 രൂപയോളം)ഹെഡ്സെറ്റ്. ബ്ലൂടൂത്ത് വഴി ഹെഡ്സെറ്റ് ഐ ഫോൺ, ആൻഡ്രോയ്ഡ് ഫോണുകളുമായി കണക്ട് ചെയ്യാം. ഉപയോഗിക്കുന്നവരുടെ ശബ്ദ നിർദേശങ്ങൾക്കനുസരിച്ച് ഹെഡ്സെറ്റ് പ്രവർത്തിക്കും. മൊബൈലിൽ വന്ന മെസേജ് വായിക്കേണ്ടതുണ്ടെങ്കിൽ ‘റീഡ് മൈ ന്യൂ ടെക്സ്റ്റ് മെസേജ്’ എന്ന നിർദേശം മതി ബോസിന്.
കാലാവസ്ഥ അറിയണമെങ്കിൽ ‘വാട്ട് ഇൗസ് ദ വെതർ’ എന്ന് ചോദിച്ചാൽ മറുപടി ചെവിയിൽ എത്തും. എന്തെങ്കിലും കാര്യം ഒാർമപ്പെടുത്തേണ്ടതുണ്ടെങ്കിൽ മുൻകൂട്ടി പറഞ്ഞാൽ കൃത്യസമയത്ത് അക്കാര്യം കാതിൽ മന്ത്രിക്കും ഇൗ ബോസ്. യാത്രക്കിടയിൽ കോഫി ഷോപ്പ് ആവശ്യമുണ്ടെങ്കിൽ സെർച്ച് ചെയ്ത് ബുദ്ധിമുട്ടേണ്ട. ബോസിനോട് പറഞ്ഞാൽ ലൊക്കേഷൻ കൃത്യം തെരഞ്ഞെടുത്ത് തരും. ഗൂഗിൾ സഹായത്തോടെയുള്ള ഇത്തരം സേവനങ്ങൾ ആദ്യഘട്ടത്തിൽ അമേരിക്ക, ആസ്ട്രേലിയ, കാനഡ, ജർമനി, ഫ്രാൻസ്, ബ്രിട്ടൺ എന്നിവിടങ്ങളിലാണ് ലഭ്യം. മറ്റുള്ളിടങ്ങളിൽ അപശബ്ദങ്ങൾ ഒഴിവാക്കുന്ന സെറ്റിങ്സ് ആണ് ആദ്യഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്.