വാട്ട്സ്ആപ്പിനെ നയിക്കാന്‍ ഇനി ഇന്ത്യക്കാരന്‍ ?
- വാട്ട്സ്ആപ്പിലെ സീനിയര്‍ എക്സിക്യൂട്ടീവായ നീരജ് അറോറയാണ് വാട്ട്സ്ആപ്പ് സിഇഒ സ്ഥാനത്തേക്ക് എത്തുക എന്നാണ് ടെക് വൃത്തങ്ങള്‍ നല്‍കുന്ന സൂചന
വാട്ട്സ്ആപ്പ് മേധാവി സ്ഥാനത്തേക്ക് ഇന്ത്യക്കാരന്‍ എത്തുമെന്ന് സൂചന. വാട്ട്സ്ആപ്പിലെ സീനിയര്‍ എക്സിക്യൂട്ടീവായ നീരജ് അറോറയാണ് വാട്ട്സ്ആപ്പ് സിഇഒ സ്ഥാനത്തേക്ക് എത്തുക എന്നാണ് ടെക് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ വാരം വാട്ട്സ്ആപ്പ് സിഇഒയും സ്ഥാപക അംഗവുമായിരുന്ന ജാന്‍ കും ഒഴിഞ്ഞതിന് പിന്നാലെയാണ് നീരജിന്‍റെ പേര് ഉയര്‍ന്ന് വരുന്നത്.
ആറ് കൊല്ലത്തോളമായി വാട്ട്സ്ആപ്പില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് നീരജ്. 2011 ല്‍ ഗൂഗിളില്‍ നിന്നാണ് നീരജ് വാട്ട്സ്ആപ്പില്‍ എത്തുന്നത്. ഫേസ്ബുക്ക് വാട്ട്സ്ആപ്പിനെ ഏറ്റെടുത്ത 19 ലക്ഷം കോടി ഡോളര്‍ ഇടപാടിന്‍റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളാണ് നീരജ്. അതിനാല്‍ തന്നെ വാട്ട്സ്ആപ്പിന്‍റെ പ്രമോട്ടര്‍മാരായ ഫേസ്ബുക്കിനും നീരജിനെ സിഇഒ ആക്കുവാനാണ് താല്‍പ്പര്യം എന്നാണ് സൂചന.
ഐഐടി ദില്ലിയില്‍ നിന്നും 2000 ത്തില്‍ ബിരുദം നേടിയ നീരജ് അറോറ, ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസില്‍ നിന്നും 2006 ല്‍ എംബിഎ നേടി. 2007 മുതല്‍ 2011 വരെ ഗൂഗിളില്‍ ജോലി ചെയ്തിട്ടുണ്ട്. പേടിഎമ്മിന്‍റെ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.